ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്; ത്രില്ലടിപ്പിച്ച് പടയുടെ ടീസര്‍ പുറത്ത്
Entertainment news
ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്; ത്രില്ലടിപ്പിച്ച് പടയുടെ ടീസര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st August 2021, 10:02 pm

വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരൊന്നിക്കുന്ന ‘പട’യുടെ ടീസര്‍ പുറത്തിറങ്ങി. കമല്‍ കെ. എം ആണ് ചിത്രത്തിന്റെ സംവിധായകന്‍.

കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത്. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.

ഗപ്പി, നോര്‍ത്ത് 24 കാതം, ഗോദ, ഇഷ്ഖ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളായ മുകേഷ് ആര്‍. മേഹ്ത, എ. വി. അനൂപ്, സി. വി. സാരഥി എന്നിവര്‍ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ.വി.എ. പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ നിന്നും ഒട്ടേറെ പ്രതീക്ഷിക്കാം എന്ന രീതിയിലാണ് പടയുടെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ടീസറിലെ ‘ഒരു വലിയ അനീതിക്കെതിരെയുള്ള കലാപമാണിത്’ എന്ന ഒറ്റ ഡയലോഗില്‍ നിന്നും സിനിമയുടെ മൂഡ് പ്രേക്ഷകന് വായിച്ചെടുക്കാം.

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീം കുമാര്‍, ജഗദീഷ്, ടി.ജി. രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ. ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തില്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും സിനിമയില്‍ വേഷമിടുന്നു.

സംവിധാനത്തോടൊപ്പം ചിത്രത്തിന്റെ രചനയും കമല്‍ കെ.എം. തന്നെയാണ് നിര്‍വഹിക്കുന്നത്. സമീര്‍ താഹിര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാന്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് വിഷ്ണു വിജയനാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Pada Malayalam movie official teaser