ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Women Empowerment
രാജ്യമെമ്പാടും സാനിറ്ററി പാഡുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ‘പിങ്കിഷ്’; ഉത്തര്‍പ്രദേശില്‍ ‘പാഡ്ബാങ്ക്’ തുറന്നു
ന്യൂസ് ഡെസ്‌ക്
Thursday 22nd February 2018 9:04pm

ഗാസിയാബാദ്: സ്ത്രീകള്‍ക്ക് ഇന്ത്യയിലെമ്പാടും സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍പ്രദേശില്‍ ‘പാഡ്ബാങ്ക്’ ആരംഭിച്ചു. ഗാസിയാബാദിലെ ഒരുകൂട്ടം സ്ത്രീകളാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട രാജ്യത്തെ സ്ത്രീകള്‍ക്കാണ് ഇവര്‍ പാഡുകള്‍ ലഭ്യമാക്കുക.

നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീകളുടെ കൂട്ടായ്മയായ പിങ്കിഷ് ഗ്രൂപ്പാണ് ‘പാഡ്ബാങ്ക്’ എന്ന ആശയത്തിനു പിന്നില്‍. ജനങ്ങളില്‍ നിന്നു തന്നെ പാഡുകള്‍ ശേഖരിച്ചാണ് ഇവര്‍ സൗജന്യമായി വിതരണം ചെയ്യുക. രാജ്യത്തെ ഗ്രാമങ്ങളിലേക്കും നിര്‍മ്മാണ സ്ഥലങ്ങളിലും ‘പാഡ്ബാങ്ക്’ സഞ്ചരിക്കുകയും അവിടെയുള്ള സ്ത്രീകള്‍ക്ക് പാഡുകള്‍ വിതരണം ചെയ്യുകയും ചെയ്യും.

ആദ്യഘട്ടത്തില്‍ ‘പാഡ്ബാങ്കി’ന്റെ നാലു ശാഖകളാണ് തുറക്കുകയെന്ന് പിങ്കിഷ് ഗ്രൂപ്പിന്റെ ജനറല്‍ സെക്രട്ടറിയായ ശാലിനി ഗുപ്ത നവഭാരത് ടൈംസിനോട് പറഞ്ഞു. രണ്ടുദിവസം കൊണ്ട് ആയിരത്തിലേറെ പാഡുകള്‍ ഇതിനകം ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാഡുകള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരേയും പാഡുകള്‍ നല്‍കാനായി ക്ഷണിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഗാസിയബാദിലെ വസുന്ധരയിലാണ് ‘പാഡ്ബാങ്കി’ന്റെ ആസ്ഥാനം. കവിനഗര്‍, ഓറഞ്ച് കണ്‍ട്രി (ഇന്ദിരാപുരം), ക്രോസിങ് റിപ്പബ്ലിക്ക് എന്നിവിടങ്ങളിലാണ് മറ്റു ശാഖകള്‍. ഉത്തര്‍പ്രദേശിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇതെന്ന് ജില്ലാ ബ്രാഞ്ച് ഓഫീസര്‍ പല്ലവി ശ്രീവാസ്തവ പറഞ്ഞു.

Advertisement