തമിഴ് ഇന്‍ഡസ്ട്രിയില്‍ കഴിഞ്ഞ കുറച്ചുകാലമായി ഏറ്റവുമധികം കുറ്റം കേള്‍ക്കുന്ന സംവിധായകരിലൊരാള്‍ താനാണെന്ന് പറയുകയാണ് പാ. രഞ്ജിത്. മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവര്‍ക്കൊപ്പം തന്റെ പേരും എടുത്തുപറഞ്ഞ് പലരും കുറ്റപ്പെടുത്തുന്നുണ്ടെന്ന് പാ. രഞ്ജിത് പറഞ്ഞു. ഈയിടെ ആ പ്രവണത ഒരുപാട് കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജാതിവ്യവസ്ഥക്കെതിരെയും അടിച്ചമര്‍ത്തലിനെതിരെയും ഉറക്കെ സംസാരിക്കുന്ന സിനിമകളാണ് തങ്ങളുടേതെന്നും അതില്‍ ചിലര്‍ക്ക് പ്രശ്‌നം തോന്നാറുണ്ടെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിന്റെ പേരിലാണ് പലരും ഇപ്പോള്‍ തങ്ങളെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബൈസണ്‍ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പാ. രഞ്ജിത്.
‘ഇപ്പോള്‍ പാന്‍ ഇന്ത്യ എന്നൊരു ടേം പലരും ഉപയോഗിക്കുന്നു. അന്യഭാഷയില്‍ ഏത് പടം ഹിറ്റായാലും കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കുമാണ്. അതിന്റെ ലോജിക് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെയാണ് ഒരു പടം എടുക്കുന്നത്. വെട്രിമാരന്റെ കാര്യം നോക്കിയാല്‍ അദ്ദേഹം മൂന്ന് വര്‍ഷമൊക്കെ കൂടുമ്പോഴായിരിക്കും പടം ചെയ്യുന്നത്.
മാരി സെല്‍വരാജ് വര്‍ഷത്തില്‍ ഒരു പടം എന്ന നിലക്കാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ തമിഴില്‍ 600നടുത്ത് പടങ്ങള്‍ റിലീസായി. ഒരു വര്‍ഷം 300നടുത്ത് സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയാണ് തമിഴ് സിനിമ. ഇവിടെ ബാക്കി സിനിമകള്‍ ഓടാത്തതും പ്രേക്ഷകരുടെ പ്രതീക്ഷക്കനുസരിച്ച് വരാത്തതും ഞങ്ങള്‍ കാരണമാണോ. മറ്റ് സംവിധായകരെ ആരും കുറ്റം പറയാറില്ല,’ പാ. രഞ്ജിത് പറയുന്നു.
രജിനിയുമായി താന്‍ ചെയ്ത സിനിമകള്‍ക്ക് നേരെ വരുന്ന വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കബാലി എന്ന ചിത്രം റിലീസിന് മുന്നേ 100 കോടിയിലേറെ ലാഭം നല്കിയ ചിത്രമായിരുന്നെന്ന് പാ. രഞ്ജിത് പറഞ്ഞു. എന്നാല്‍ ആ സിനിമ നഷ്ടമാണെന്ന് ചിലര്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രജിനിയെ വെച്ച് എന്തൊക്കെയാണ് പറയിപ്പിച്ചതെന്ന് നോക്കൂ’ എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. അതിലെ ഡയലോഗുകളില്‍ പലതും ഒരുപാട് പേര്‍ക്ക് കൊണ്ടു. തനിക്ക് സിനിമ ലാഭമുണ്ടാക്കിയെന്ന് പ്രൊഡ്യൂസര്‍ താനു സാര്‍ വരെ പറഞ്ഞിട്ടും പലര്‍ക്കും അത് വിശ്വാസമായില്ല. ആ സിനിമയുടെ തിരക്കഥക്ക് ചെറിയ കുഴപ്പമുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ, ആ സിനിമ പറയുന്ന രാഷ്ട്രീയം മോശമാണെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല,’ പാ. രഞ്ജിത് പറഞ്ഞു.
Content Highlight: Pa Ranjith saying he Vetrimaaran and Mari Selvaraj got unwanted criticism