വളഞ്ഞിട്ടടിച്ചോളൂ... സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇ.ഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്
Kerala
വളഞ്ഞിട്ടടിച്ചോളൂ... സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇ.ഡി റെയ്ഡില്‍ മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2026, 10:26 am

തിരുവനന്തപുരം: സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക പരിശോധനയില്‍ പ്രതികരണവുമായി മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസ്.

‘വളഞ്ഞിട്ടടിച്ചോളൂ… സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.’ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയമായി വേട്ടയാടാനാണ് ശ്രമമെങ്കില്‍ അതിന് മുന്നില്‍ കീഴടങ്ങില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും നിലവില്‍ ഇ.ഡി പരിശോധന നടത്തുന്നുണ്ട്.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍, മുഹമ്മദ് റിയാസ് എന്നിവരുടെ വസതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഒരേസമയം റെയ്ഡ് നടത്തുന്നത്.

പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ഇ.ഡി സംഘം നിലവില്‍ മൊഴിയെടുപ്പു തുടരുകയാണ്. ഹൈക്കോടതിയില്‍ നിന്നും അന്വേഷണത്തിന് പച്ചക്കൊടി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ ഈ നിര്‍ണായക നീക്കം.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്, സി.എം.ആര്‍.എല്‍ ഓഫീസ് എന്നിവടങ്ങളിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്.

മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനെതിരെ നല്‍കിയ ഹരജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ തള്ളിയിരുന്നു.

അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതി നിരസിച്ചത്. ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ തങ്ങള്‍ക്ക് ഒരാഴ്ചത്തെ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കമ്പനി ഉദ്യോഗസ്ഥര്‍ക്ക് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന്റെ പേരില്‍ തങ്ങളെ പീഡിപ്പിക്കുകയാണെന്നും, കമ്പനിക്കെതിരെ ഇ.ഡി അന്വേഷണം നടത്തുന്നതിന് ആവശ്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതി അന്വേഷണത്തിന് അനുമതി നല്‍കിയതും, തൊട്ടുപിന്നാലെ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് ആരംഭിച്ചതും.

Content Highlight: PA Muhammed Riyas about ED Raid