തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. ശശിയെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉറപ്പായി. വെള്ളിയാഴ്ച ആരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ ശശിക്കെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ ചര്‍ച്ചയ്ക്കുവരുമെന്നാണ് റിപ്പോര്‍ട്ട്. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് ഇപ്പോഴത്തെ ധാരണ.
സ്വഭാവദൂഷ്യം പോലെ ഗുരുതരമായ ആക്ഷേപം ഉണ്ടായ സാഹചര്യത്തില്‍ പി. ശശിയെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പായിരിക്കയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പങ്കെടുത്ത കഴിഞ്ഞ സംസ്ഥാന സമിതിയില്‍ പി.ശശിക്കെതിരെ ഉയര്‍ന്ന ആരോപണം സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ലോട്ടറി ചര്‍ച്ച നടക്കുന്നതിനാല്‍ ചര്‍ച്ചയായില്ല.
ശശിക്കെതിരെ ഇതുവരെ ഔദ്യോഗിക പരാതിയൊന്നും സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ പരാതി പുറത്ത് വന്ന സാഹചര്യത്തിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ശശിയെ നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
