പാലക്കാട്: ലൈംഗിക പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.ഐയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് പി. സരിന്‍. അന്ന് താന്‍ തട്ടി മാറ്റിയ കൈകളില്‍ ഒന്നില്‍ ഇന്ന് വിലങ്ങ് വീണിരിക്കുന്നുവെന്ന് പി. സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സരിന്റെ എഫ്.ബി പോസ്റ്റ്. ‘നിങ്ങള്‍ നീട്ടിയ ഈ കൈ പിടിച്ചാണ് സഖാവേ, ഞാന്‍ ചെങ്കൊടിയുടെ കാവല്‍ക്കാരനായത്. അന്ന് തട്ടി മാറ്റിയ കൈകളില്‍ ഒന്നില്‍ ഇന്ന് വിലങ്ങ് വീണിരിക്കുന്നു. കാലം സാക്ഷി, ചരിത്രം സാക്ഷി,’പി. സരിന്‍ കുറിച്ചു.
ഈ പോസ്റ്റിന് പിന്നാലെ, ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്കിടെ കൈ കൊടുക്കാന്‍ എത്തിയ സരിനെ അവഗണിച്ച രാഹുലിനെ ഓര്‍മയില്ലേയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
അതേസമയം പാലക്കാട്ടെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യഘട്ടത്തില്‍ തന്നെ രൂക്ഷവിമര്‍ശനം ഉന്നയിച്ച വ്യക്തിയാണ് ഇ.എന്‍. സുരേഷ് ബാബു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും അടങ്ങുന്ന സംഘത്തെ കോണ്‍ഗ്രസിനകത്ത് പോലും ഭയമാണെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രതികരണം.
ഇന്ന് (വ്യാഴം) രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച സുരേഷ് ബാബു, മുന്‍കാല ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഒരു ഹെഡ്മാഷുമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ബാബുവിന്റെ പരാമര്‍ശം. എന്തിനും മടിക്കാത്തവരാണ് ഷാഫി-രാഹുല്‍ അനുയായികളെന്നും സുരേഷ് ബാബു പറഞ്ഞു.