മലപ്പുറം: സേവാഭാരതി ഒരു നിരോധിത സംഘടനയല്ലെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍. സാമൂഹികപരമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് സേവാഭാരതിയെന്നും പി. രവീന്ദ്രന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവാഭാരതി ഒഴിവാക്കേണ്ട സംഘടനയാണെന്ന് തോന്നുന്നില്ലെന്നും പി. രവീന്ദ്രന്‍ പറഞ്ഞു. താനും ഇന്‍ക്ലൂസീവ് ആകേണ്ട ആവശ്യകതയുണ്ട്. അതുകൊണ്ട് തന്നെ പലരും വിളിക്കുമ്പോഴും അവരുമായി സംവദിക്കാറുണ്ടെന്നും ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.
ഇതെല്ലാം മൗലികമായ ഉത്തരവാദിത്തങ്ങളാണ്. ഇപ്പോള്‍ മനസിലാക്കുന്ന മറ്റൊരു കാര്യം എന്നത്, സര്‍വകലാശാല പൊതുസ്വത്ത് ആയതിനാല്‍ പലർക്കും വൈസ് ചാന്‍സലറും ഒരു പൊതുസ്വത്താണെന്ന ചിന്തയുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ഒഴിവുണ്ടെങ്കില്‍ വൈസ് ചാന്‍സലറെയും പങ്കെടുപ്പിക്കണമെന്ന ധാരണയും പലർക്കുമുണ്ടെന്നും വി.സി പറയുന്നു. അക്കാരണത്താല്‍ സേവാഭാരതിയുടെ പരിപാടിയില്‍ പോകരുതെന്ന് തോന്നിയിട്ടില്ലെന്നും പി. രവീന്ദ്രന്‍ പറഞ്ഞു.
ജൂണ്‍ 26ന് സേവാഭാരതിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ച പി. രവീന്ദ്രന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ആര്‍.എസ്.എസ് നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. വിദ്യാഭ്യാസ സംബന്ധമായ സ്വകാര്യ പരിപാടികളില്‍ വൈസ് ചാന്‍സലര്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും സേവാഭാരതിയുടെ വേദിയിലെത്തിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പി. രവീന്ദ്രന്‍.
2024ലാണ് പി. രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ടാണ് അദ്ദേഹത്തെ വൈസ് ചാന്‍സിലറായി നിയമിച്ചത്.
സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് നിലനില്‍ക്കുന്ന സമയത്ത് സര്‍ക്കാരിന്റെ നിര്‍ദേശം തള്ളിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പി. രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത്.
Content Highlight: Seva Bharathi is not a banned organization; I did not feel the need to exclude it: P. Raveendran