ലഹരി ഇടപാട് നടത്തിയതിന് പി.കെ. ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈര്‍ അറസ്റ്റില്‍
Kerala
ലഹരി ഇടപാട് നടത്തിയതിന് പി.കെ. ഫിറോസിന്റെ സഹോദരന്‍ പി.കെ. ബുജൈര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd August 2025, 12:27 pm

കോഴിക്കോട്: ലഹരി ഇടപാട് നടത്തിയതിന്റെ പേരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ബുജൈര്‍ അറസ്റ്റില്‍. ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിയുമായി പിടിയിലായ മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുന്ദമംഗലം പൊലീസാണ് ബുജൈറിനെ കസ്റ്റഡിയിലെടുത്തത്.

ലഹരിക്കേസില്‍ പിടിയിലായ റിയാസിന്റെ ഫോണില്‍ ബുജൈറുമായുള്ള വാട്‌സാപ്പ് ചാറ്റുകളും പണമിടപാടിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും തമ്മില്‍ ഇടപാട് നടത്തുന്നുണ്ടെന്ന് മനസിലായ പൊലീസ് ബുജൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു ബി.എന്‍.എസ് 132, 121 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വാഹനപരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ബുജൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ലഹരി ഇടപാട് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് ഇയാളുടെ വാഹനം പരിശോധിക്കാനെത്തുകയായിരുന്നു.

എന്നാല്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ബുജൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുജൈറിന്റെ കൈയില്‍ നിന്ന് ലഹരി പിടിച്ചെടുത്തിട്ടില്ല. എന്നാല്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഉപകരണം ഇയാളുടെ പക്കല്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് കുന്ദമംഗലം പൊലീസ് ബുജൈറിന്റൈ വാഹനം പരിശോധിക്കാനെത്തിയത്.

Content Highlight: P K Firoz’s brother arrested for drug dealing case