കണ്ണൂര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ശുഭാന്‍ശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ മറുപടി ഒരു ഉപദേശമായാണ് തോന്നിയതെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ശുഭാംശുവിന്റെ മറുപടി വളരെയധികം ചിന്തിക്കേണ്ടതാണെന്നും പി. ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി. ജയരാജന്‍ പ്രതികരിച്ചത്.
‘ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ രാജ്യാതിര്‍ത്തികള്‍ ഒന്നുമില്ല, ഒരൊറ്റ ഭൂമി മാത്രം. ആത്യന്തികമായി മനുഷ്യര്‍ ഒന്നാണെന്ന പ്രതീതി. ഭൂമി ഒരു വീടാണെന്ന് തോന്നി’ എന്നായിരുന്നു ശുഭാന്‍ശു ശുക്ല പറഞ്ഞത്. ബഹിരാകാശത്ത് ആദ്യമായി കണ്ടത് എന്താണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.
എന്നാല്‍ ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആത്യന്തികമായി മനുഷ്യന്‍ ഒന്നാണെന്ന തത്വമാണ് അംഗീകരിക്കാത്തതെന്നും പി. ജയരാജന്‍ പറഞ്ഞു.
വിവിധ മത ജാതി വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരെ ഒന്നായി കാണാന്‍ പറ്റാത്ത ഒരു ഭരണാധികാരിക്ക് ബഹിരാകാശത്ത് നിന്നും ശുഭാംശു നല്‍കിയ മറുപടി വളരെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ശുഭാന്‍ശു ശുക്ലയ്ക്കും സംഘത്തിനും പി. ജയരാജന്‍ അഭിനന്ദനങള്‍ അറിയിക്കുകയും ചെയ്തു.
പോസ്റ്റിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ‘സ്വന്തം പാര്‍ട്ടിയിലുണ്ടായിരുന്ന ടി.പി. ചന്ദ്രശേഖറിന് പോലും ഈ ഭൂഗോളത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കാലപുരിക്കയച്ചവര്‍ പറയുന്നത് കേള്‍ക്കുമ്പോ ചിരിക്കണോ കരയണോ എന്നറിയില്ല നാട്ടുകാര്‍ക്ക്,’ എന്നാണ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.
തുടര്‍ന്ന് കെ. സുരേന്ദ്രനെ പരിഹസിച്ച് നിരവധി ആളുകള്‍ പ്രതികരിച്ചു. പി. ജയരാജന്‍ പറഞ്ഞ വിഷയവും കെ. സുരേന്ദ്രന്‍ ഉന്നയിച്ച കാര്യവും എങ്ങനെ പരസ്പരം ബന്ധപ്പെടുത്തുമെന്ന ആശങ്കയോടെയാണ് ചിലര്‍ പരിഹാസം ഉയര്‍ത്തിയത്.
അതേസമയം ജൂണ്‍ 26നാണ് ശുഭാന്‍ശു ശുക്ലയും സംഘവും ബഹിരാകാശ നിലയത്തിലെത്തിയത്. ആക്സിയം-ഫോര്‍ ദൗത്യമാണ് ശുഭാംശു അടമുള്ള നാലംഗ സംഘത്തെ ബഹിരാകാശ നിലയത്തിലെത്തിച്ചത്. 14 ദിവസം നീണ്ട് നില്‍ക്കുന്നതാണ് സംഘത്തിന്റെ ദൗത്യം.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്താലാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. രാകേശ് ഷര്‍മയ്ക്ക് ശേഷം 41 വര്‍ഷത്തിന് ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ദൗത്യത്തിന്റെ പൈലറ്റ് കൂടിയാണ് അദ്ദേഹം.
Content Highlight: P. Jayarajan says Subhanshu Shukla’s reply to the Prime Minister from space was a piece of advice