Kerala
'ഭക്തന്‍' ആയെന്ന് പറയുന്നവരോട് സഹതാപം; 'ഭക്തി'യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് എന്റെ പുസ്തകം മറുപടി: 'ക്ഷേത്ര ദര്‍ശന'ത്തില്‍ പി. ജയരാജന്‍
കൊച്ചി: താന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ കൊടുങ്ങല്ലൂരില്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴായിരുന്നു കൊടുങ്ങല്ലൂര്‍ കാവ് സന്ദര്‍ശിച്ചതെന്ന് പി. ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഒരു പുസ്തക രചനയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ കാവിനെ കുറിച്ചുള്ള പഠനം നടത്തിയിരുന്നു. അവിടെ പോയി നേരിട്ട് പോയി പരിചയമില്ലാതിരുന്നതിനാല്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോല്‍ കാവില്‍ നേരിട്ട് പോയി എല്ലാം കാണാമെന്ന് കരുതുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് താന്‍ ഒരു ‘ഭക്തനാ’യി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ കുറിച്ചു. താന്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍’ എന്ന പുസ്തകം തന്നെയായിരിക്കും ‘ഭക്തി’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടിയാവുക എന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘സനാതനികളുടെ ഹിന്ദുത്വ വഴികള്‍ ‘
എന്ന പുസ്തകത്തിന്റെ രചനയിലാണ് ഞാന്‍ ഇപ്പോള്‍. ആ പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്‌മണീയമല്ലാത്ത ആചാരരീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍ കാവ്.
കഴിഞ്ഞ ദിവസം ഒരു കോടതി ആവശ്യത്തിനായി കൊച്ചിയിലേക്ക് പോകുന്നതിനിടെ യാദൃച്ഛികമായി കൊടുങ്ങല്ലൂരില്‍ ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തുകയുണ്ടായി. തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ കാവിനെക്കുറിച്ച് പഠനങ്ങളിലൂടെയും വായനകളിലൂടെയും നാട്ടുഅനുഭവങ്ങളിലൂടെയും പല കാര്യങ്ങളും അറിഞ്ഞിരുന്നുവെങ്കിലും നേരിട്ടുള്ള അനുഭവം ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവിടെ നേരിട്ട് പോയി എല്ലാം കാണണമെന്ന് തീരുമാനിച്ചു.
കൊടുങ്ങല്ലൂര്‍ കാവിലെ കോഴിക്കല്ല്, തവിട്ടുമുത്തി, വസൂരിമാല പ്രതിഷ്ഠ എന്നിവ സാധാരണ ക്ഷേത്രങ്ങളില്‍ കാണുന്നതുപോലെ അല്ല. അവയ്‌ക്കെല്ലാം സവിശേഷമായ ചരിത്ര-സാംസ്‌കാരിക പശ്ചാത്തലമുണ്ട്. നേരിട്ട് കണ്ട് മനസ്സിലാക്കേണ്ടവയാണ് അവ.
വി. ടി. ഇന്ദുചൂഡന്‍ കൊടുങ്ങല്ലൂര്‍ കാവിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് തന്നെ Secret Chamber എന്നതാണ്. ആ ‘രഹസ്യ അറ’യെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ ചരിത്രപരമായ പശ്ചാത്തലം എന്താണ്, ജനവിശ്വാസങ്ങള്‍ എങ്ങനെ രൂപപ്പെട്ടുവെന്നൊക്കെയുള്ള കാര്യങ്ങള്‍ ഏതൊരു ചരിത്രാന്വേഷണ താല്‍പര്യമുള്ളയാള്‍ക്കും കൗതുകമുണര്‍ത്തുന്ന വിഷയങ്ങളാണ്.
കാവിനകത്ത് പ്രവേശിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ക്ഷേത്രജീവനക്കാരോടും സുഹൃത്തുക്കളോടും ഇതുസംബന്ധിച്ച് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. ചിലര്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കുകയും ചെയ്തു. അതുതന്നെയാണ് ഇത്തരം ഇടങ്ങളുടെ സവിശേഷത – ചരിത്രം, വിശ്വാസം, ജനകഥ, അനുഭവം എന്നിവ പരസ്പരം കലര്‍ന്ന ഒരു സാംസ്‌കാരിക ഭൂമിക.
ഇങ്ങനെ ലഭിച്ച അറിവുകളും നിരീക്ഷണങ്ങളും സ്വാഭാവികമായും ഈ മാസം അവസാനം പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഭാഗമാകുകയും ചെയ്യും.
ഇത് ഇവിടെ പറയാന്‍ കാരണമായത്, ‘ജനം ടി.വി.’ എന്ന ചാനലില്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനം നടത്തിയെന്ന രീതിയില്‍ ഒരു വാര്‍ത്ത വന്നതായി ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആരാധനാലയ സന്ദര്‍ശനം നിഷിദ്ധമാണെന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കണം.
കൊടുങ്ങല്ലൂര്‍ കാവില്‍ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും അത്ര പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. അജ്മീര്‍ ദര്‍ഗയില്‍ പോയിട്ടുണ്ട്. പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഭക്തിപ്രകടനമായി അല്ല, സമൂഹത്തെയും ചരിത്രത്തെയും ജനവിശ്വാസങ്ങളെയും കൂടുതല്‍ മനസ്സിലാക്കാനുള്ള അവസരങ്ങളായിട്ടാണ് ഞാന്‍ ഉപയോഗിച്ചത്.
കമ്മ്യൂണിസ്റ്റുകാര്‍ പൊതുവെ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. സമൂഹത്തെ അതിന്റെ സങ്കീര്‍ണ്ണതകളോടും കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതി.ഭക്തിയെയും ആരാധനാലയങ്ങളെയും ആര്‍എസ്എസ് എങ്ങനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളാണ് ഞാന്‍. എന്റെ ഇതുവരെയുള്ള രചനകളിലും പ്രസംഗങ്ങളിലും ജീവിതാനുഭവങ്ങളിലും അതിന്റെ തെളിവുകള്‍ ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത് ഇനിയും തുടരും.
കൊടുങ്ങല്ലൂര്‍ കാവില്‍ പോയതുകൊണ്ട് ഞാന്‍ ഒരു ‘ഭക്തന്‍’ ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിര്‍ത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാന്‍ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവരോട് സഹതാപമേ ഉള്ളൂ.
നമുക്ക് ഇനിയും പൊതുഇടങ്ങളിലും ആരാധനാലയങ്ങളിലും ചരിത്രസ്മാരകങ്ങളിലും കണ്ടുമുട്ടാം.
സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകം ഈ മാസം അവസാനം പ്രകാശനം ചെയ്യാനിരിക്കുകയാണ്. ചിന്ത പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. എന്റെ ‘ഭക്തി’യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി ആ പുസ്തകം തന്നെയായിരിക്കും എന്ന് സംഘികളോടും സംഘി മനസ്സുള്ള മാധ്യമങ്ങളോടും പറഞ്ഞുവെക്കട്ടെ.
Content Highlight: P Jayarajan on Kodungallur Temple Visit News