വിശ്വാസികളോട് കൃത്യമായ നിലപാടുണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുക്തിവാദികളുടെ നിലപാട് അംഗീകരിക്കുന്നില്ല: പി.ജയരാജന്‍
Kerala News
വിശ്വാസികളോട് കൃത്യമായ നിലപാടുണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുക്തിവാദികളുടെ നിലപാട് അംഗീകരിക്കുന്നില്ല: പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th August 2023, 7:49 pm

തിരുവനന്തപുരം: സി.പി.ഐ.എമ്മിന് വിശ്വാസികളോട് കൃത്യമായ നിലപാടുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുക്തിവാദികളുടെ നിലപാട് അംഗീകരിക്കുന്നില്ലെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍. മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ തന്നെ വിശ്വാസത്തെ ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമായിട്ടാണ് കാണുന്നതെന്നും എന്നാല്‍ ശാസ്ത്ര ബോധം വളര്‍ത്തുകയെന്നത് കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും എല്ലാ ഇടത്തും പ്രയോഗിച്ചിട്ടുള്ള രീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു പി.ജയരാജന്‍.

‘സി.പി.ഐ.എമ്മിന് വിശ്വാസികളോട് കൃത്യമായ നിലപാടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുക്തിവാദികളുടെ നിലപാട് അംഗീകരിക്കുന്നില്ല. അത് മാര്‍ക്‌സിന്റെ കാലത്ത് തന്നെ വലിയ രീതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നിട്ടുള്ള വിഷയമാണിത്. വിപ്ലവം നടത്തണമെങ്കില്‍ ആദ്യത്തെ അജണ്ട നിരീശ്വരവാദ പ്രചരണമാണെന്ന് മാര്‍ക്‌സ് തന്നെ നിഷേധിച്ചിട്ടുണ്ട്. മതത്തിനെതിരായ യുദ്ധ പ്രഖ്യാപനം മടയത്തമാണെന്ന് ഏഗല്‍സ് വിലയിരുത്തിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ തന്നെ വിശ്വാസമെന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ കാര്യമായിട്ടാണ് കാണുന്നത്. അതേസമയം ശാസ്ത്ര ബോധം വളര്‍ത്തുകയെന്നത് കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും എല്ലാ ഇടത്തും പ്രയോഗിച്ചിട്ടുള്ള രീതിയാണ്. ആ രീതിയാണ് ഇപ്പോഴും തുടരുന്നത്,’ അദ്ദേഹം പറഞ്ഞു.

ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു. സങ്കല്‍പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ടോ. യാഥാര്‍ത്ഥത്തില്‍ പുരാണത്തില്‍ പറയാത്ത കാര്യം പറഞ്ഞുകൊണ്ട് നരേന്ദ്ര മോദിയാണ് വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. സങ്കല്‍പങ്ങളെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും ആ സങ്കല്‍പത്തില്‍ വിശ്വസിക്കുന്നുവെന്ന് ഒരാള്‍ക്ക് പറയാം. അതേസമയം ആ സങ്കല്‍പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ പറഞ്ഞത് വിശ്വാസമാണ് ശാസ്ത്രത്തെക്കാള്‍ പ്രധാനം എന്നാണ്. അപ്പോള്‍ ഞാന്‍ സുകുമാരന്‍ നായരുടെ മുഖത്തേക്കാണ് ശ്രദ്ധിച്ചത്. മുഖത്ത് ഒരു കുങ്കുമ പൊട്ടുണ്ട്, അത് വിശ്വാസത്തിന്റെ ഭാഗമാണ്. പക്ഷെ അതിന്റെ താഴെ അദ്ദേഹം കണ്ണട ധരിച്ചിട്ടുണ്ട്, ആ കണ്ണട ആരുണ്ടാക്കിയതാണ്, സയന്‍സിന്റെ പുരോഗതിയുടെ ഭാഗമാണ്. അദ്ദേഹം മൈക്കില്‍ പ്രസംഗിക്കുന്നു, ഞാനും മൈക്കില്‍ പ്രസംഗിക്കുന്നു. മൈക്ക് എന്തിന്റെ ഭാഗമാണ്, ശാസ്ത്ര പുരോഗതിയുടെ ഭാഗമാണ്,’ പി.ജയരാജന്‍ പറഞ്ഞു.

അക്രമിക്കാന്‍ വന്നവരോട് ഈ നാടിന്റെ പ്രതിരോധ രീതി എങ്ങനെയാണെന്നാണ് പ്രസംഗത്തില്‍ പറഞ്ഞതെന്നും അത് അക്രമത്തിനുള്ള പ്രേരണയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തുടനീളം ഇന്ന് സംഘപരിവാര്‍ എന്താണോ നടത്തുന്നത്, അതിന്റെ പതിപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നടത്തി ആര്‍.എസ്.എസിന്റെ പരീക്ഷണശാല ആക്കി മാറ്റാന്‍ ശ്രമിച്ചു. പക്ഷെ അതിനെതിരെ കമ്മ്യൂണിസ്റ്റുകാരാണ് ചെറുത്തുനിന്നത്. ആ ബഹുജനങ്ങളുടെ പ്രതിരോധം ഇപ്പോഴും ഉയര്‍ന്ന് വരണം എന്നാണ് 27ന് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ളത്. അത് അക്രമത്തിനുള്ള പ്രേരണയല്ല. അതേസമയം അക്രമിക്കാന്‍ വന്നവരോട് ഈ നാടിന്റെ പ്രതിരോധ രീതി എങ്ങനെയാണെന്ന് ആര്‍.എസ്.എസുകാര്‍ക്ക് നന്നായി അറിയാം. അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഒരു മറുപടി പ്രസംഗം എന്നല്ലാതെ അത് അക്രമത്തിന് പ്രോത്സാഹനമോ, ആഹ്വാനമോ നല്‍കുന്ന ഒന്നല്ല,’ പി.ജയരാജന്‍ പറഞ്ഞു.

Content Highlights: P Jayarajan about communist party views on beliefs