തമിഴ്‌നാട് ഗവര്‍ണര്‍ ആദ്യം ആ വിധി എടുത്തൊന്ന് വായിക്കണം, എല്ലാ ഗവര്‍ണര്‍മാര്‍ക്കുമുള്ള ശാസനയാണത്: സുപ്രീം കോടതി വിധിയില്‍ ചിദംബരം
national news
തമിഴ്‌നാട് ഗവര്‍ണര്‍ ആദ്യം ആ വിധി എടുത്തൊന്ന് വായിക്കണം, എല്ലാ ഗവര്‍ണര്‍മാര്‍ക്കുമുള്ള ശാസനയാണത്: സുപ്രീം കോടതി വിധിയില്‍ ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th November 2023, 4:19 pm

ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി വിധി എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉള്ള ശാസനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിതംബരം. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയോട് വിധി പ്രസ്താവന മുഴുവന്‍ വായിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തിരിച്ചയച്ചതിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി പഞ്ചാബ് ഗവര്‍ണര്‍ക്ക് മാത്രമല്ല എല്ലാ ഗവര്‍ണര്‍മാര്‍ക്കും ഉള്ള കടുത്ത ശാസനമാണ്,’ ചിദംബരം എക്‌സില്‍ കുറിച്ചു.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി വിധിയുടെ ഓരോ വരിയും വായിക്കണം. ആവശ്യമാണെന്ന് തോന്നുന്നുവെങ്കില്‍ ഒരു സമര്‍ത്ഥനായ മുതിര്‍ന്ന അഭിഭാഷയെ വിളിച്ച് വിധി വിശദീകരിക്കണം,’ മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

ജൂണ്‍ 19,20 തീയതികളില്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ പുരോഹിതിനോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുക്കപ്പെടാത്ത രാഷ്ട്രത്തലവനായ ഗവര്‍ണര്‍ക്ക് ഭരണഘടനാ പരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിര്‍മാണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്ന് വിധിയില്‍ കോടതി പറഞ്ഞു. കൂടാതെ ജനാധിപത്യത്തില്‍ യഥാര്‍ഥ അധികാരം ജനങ്ങള്‍ തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കാണെന്നും കോടതി ചൂണ്ടികാട്ടി.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനുമതിക്കായി അയക്കുമ്പോള്‍ തടഞ്ഞു വെക്കാനോ വീറ്റോ ചെയ്യാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഒരു ബില്‍ അംഗീകാരം നല്‍കാതെ തടഞ്ഞുവെക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചാല്‍, പുനപരിശോധനക്കായി ബില്ല് നിയമസഭയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

CONTENT HIGHLIGHT: P Chidambaram said SC judgement stern rebuke to not only Punjab Governor but to all governors