നാല്‍പതിനായിരത്തോളം കരാര്‍ തൊഴിലാളികള്‍ അണിനിരന്ന നോയിഡയിലെ പ്രക്ഷോഭം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി നടന്നുവരുന്ന തൊഴില്‍ നിയമങ്ങളുടെ പുനക്രമീകരണം സൃഷ്ടിച്ച ഘടനാപരമായ പ്രതിസന്ധിയുടെ പ്രതിഫലനമാണത്. തൊഴിലവകാശങ്ങള്‍ മാത്രമല്ല മനുഷ്യാന്തസും ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന, നമ്മുടെ ജനാധിപത്യ പദ്ധതിയുടെ അന്തസത്തെ തന്നെ ഇല്ലാതാക്കുന്ന പരിഷ്‌കാരങ്ങളുടെ ഇരകളാണ് തെരുവിലിറങ്ങിയത് | പി.ബി ജിജീഷ് എഴുതുന്നു
രാഷ്ട്രീയം വീണ്ടെടുക്കുന്ന വ്യവസായശാലകള്‍
2026 ഏപ്രില്‍ 13 പ്രഭാതത്തില്‍, നോയിഡയിലെ വ്യാവസായിക ശാലകളുടെ ഹൃദയത്തിലേക്ക് നീളുന്ന രക്തക്കുഴലുകള്‍ പോലെ ഇടുങ്ങിയ വഴിത്താരകളില്‍ അസാധാരണമായ ഒരു മൂകത തളം കെട്ടിനിന്നു.
അതൊരു അവധി ദിനത്തിന്റെ നിശബ്ദതയായിരുന്നില്ല, പ്രതിഷേധത്തിന്റെ മൗനമായിരുന്നു. വമ്പന്മാര്‍ക്ക് വേണ്ടി തുണികള്‍ തുന്നുകയും, ഇലക്ട്രോണിക് സാമഗ്രികള്‍ അസംബ്ലി ചെയ്യുകയും, ഇന്ത്യയുടെ കയറ്റുമതി സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് കരാര്‍ തൊഴിലാളികള്‍ വ്യവസായ ശാലകളില്‍ നിന്നും വിട്ടുനിന്നു. സമകാലീന ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലാളി സമരങ്ങളില്‍ ഒന്നിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്.
ഹരിയാനയില്‍ മനസറിലും ഗുരുഗ്രാമിലും ഫരീദാബാദിലും ആരംഭിച്ച സമരങ്ങള്‍ക്ക് 35 ശതമാനം വേതന വര്‍ധനവ് നേടിയെടുക്കാന്‍ സാധിച്ചിരുന്ന കാര്യം നോയിഡയിലെ തൊഴിലാളികളും തിരിച്ചറിയുകയായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിലും ബീഹാറിലും തമിഴ്‌നാട്ടിലും രാജസ്ഥാനിലും നിരവധി നഗരങ്ങളില്‍ തൊഴിലാളികള്‍ സമര രംഗത്തുണ്ട്.
പ്രതിഷേധത്തില്‍ നിന്നും
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ പ്രാഥമിക പ്രതികരണം പ്രതീക്ഷിച്ചതു പോലെ പോലീസ് ബാരിക്കേഡുകളും ലാത്തി ചാര്‍ജും അറസ്റ്റും തന്നെയായിരുന്നു. ‘വ്യാവസായിക ശാന്തി‘ നിലനിര്‍ത്തുന്നതിന് ഒരു പ്രത്യേക സംഘം തന്നെ നോയിഡ പോലീസ് രൂപീകരിച്ചു.
തൊഴില്‍ സമരത്തെ ഒരു രാഷ്ട്രീയ പ്രശ്‌നം എന്നതിലുപരി ക്രമസമാധാന പ്രശ്‌നമായിട്ടാണ് അധികാരികള്‍ സമീപിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ അതിനപ്പുറത്തേക്ക് കടന്ന്, പ്രക്ഷോഭകാരികള്‍ പാകിസ്ഥാനി ഏജന്റുമാരാണെന്നും നക്‌സലുകള്‍ ആണെന്നും പ്രഖ്യാപിച്ചു.
ചില വിഭാഗങ്ങളെ ക്രിമിനല്‍ ഗോത്രങ്ങളായി വര്‍ഗീകരിച്ച് അവരുടെ എല്ലാ ചെയ്തികളെയും നിയമവിരുദ്ധമായി കണക്കാക്കുന്ന കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച. അങ്ങനെ ന്യായമായ പ്രതിഷേധങ്ങളെ കുറ്റകൃത്യമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കൊപ്പം മാത്രം നിലകൊള്ളുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ നിലയ്ക്കുള്ള ആഖ്യാന നിര്‍മിതിക്കാണ് ശ്രമിച്ചത്. സമരത്തിനോടൊപ്പം ചേര്‍ന്ന വീട്ടുജോലിക്കാരുടെ ചിത്രങ്ങള്‍ റസിഡന്‍ഷ്യല്‍ കോളനികളുടെ കവാടത്തില്‍ പ്രദര്‍ശിപ്പിക്കുകയും അവരെ പുറന്തള്ളുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി.
ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് അത് എന്ന് വ്യക്തമാണെങ്കിലും, നിയമനിര്‍വഹണ സംവിധാനങ്ങളും, മാധ്യമങ്ങളും അത് കണ്ടില്ലെന്ന് നടിച്ചു.
നോയിഡയിലെ സംഭവങ്ങള്‍ ഒരു സൂചനയാണ്. ജനാധിപത്യ ഭരണ പ്രക്രിയയില്‍ തൊഴിലാളി വര്‍ഗത്തിന് തങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ കഴിയുമായിരുന്ന ഇടങ്ങള്‍, ഭരണകൂടം തന്നെ മുന്‍കൈയെടുത്ത് വ്യവസ്ഥാപിതമായി തകര്‍ത്തു കളഞ്ഞാല്‍ പിന്നെ അവര്‍ തിരിച്ചുവരിക തെരുവിലെ തിരയിരമ്പമായിട്ടായിരിക്കും.
ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലേബര്‍ കോഡുകള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേദിയില്ലാതാക്കുന്ന നയത്തിന്റെ ഭാഗമാണ്. അതിനെ ശരിയാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.
നോയിഡയിലെ തെരുവുകളില്‍ ഇറങ്ങിയ തൊഴിലാളികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഏതെങ്കിലും ഒരു അരികിലേക്ക് മാറ്റിനിര്‍ത്തപ്പെടേണ്ട ന്യൂനപക്ഷമല്ല. രാജ്യത്തെ ആകെ തൊഴില്‍ മേഖലയുടെ 90 ശതമാനത്തോളം ഇതുപോലെ അനൗപചാരിക തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവരാണ്.
രാജ്യം ആറര ശതമാനം കണ്ടുവളര്‍ച്ച നേടുന്നു എന്ന് അവകാശപ്പെടുമ്പോഴും ഭൂരിപക്ഷം തൊഴിലാളികളുടെയും അവസ്ഥ ഇതാണെന്നത് ദൗര്‍ഭാഗ്യകരമാണ്. 2014-15 രാജ്യത്തെ വ്യവസായിക തൊഴിലാളികളില്‍ 35 ശതമാനമായിരുന്നു കരാര്‍ ജീവനക്കാര്‍ എങ്കില്‍, 2023-24 ആകുമ്പോഴേക്കും അത് 42 ശതമാനമായി ഉയര്‍ന്നു.
ഔദ്യോഗിക കണക്കുകളില്‍ ഒരിക്കലും കടന്നു വരാത്ത, വ്യവസായശാലകള്‍ സബ് കോണ്‍ട്രാക്ട് നല്‍കി തൊഴിലെടുപ്പിക്കുന്ന മേഖലയിലെ മനുഷ്യരെ പരിഗണിക്കാതെയുള്ള കണക്കുകൂട്ടലാണിത്.
2014 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തില്‍ നഗരപ്രദേശങ്ങളില്‍ കൂലിയില്‍ 1.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 2004-2012 കാലത്ത് നാല് ശതമാനത്തോളം വേതന വര്‍ധനവാണ് ഉണ്ടായിരുന്നത് എന്ന് ഓര്‍ക്കണം. ഗ്രാമ പ്രദേശങ്ങളിലെ പുരുഷ തൊഴിലാളികളുടെ കൂലിയില്‍ മൂന്നു ശതമാനം കുറവു വന്നിട്ടുള്ളതായും കാണാം.
അതേസമയം, 2021-2026 കാലഘട്ടത്തില്‍ വ്യവസായ തൊഴിലാളികളുടെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (CPI-IW) 25ശതമാനം കണ്ടു വര്‍ധിച്ചു. വേതന വര്‍ധനവ് ഉണ്ടായ മേഖലകളില്‍ പോലും അതിനെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഈ മാറ്റം.
ഇന്ന് നോയിഡയിലെ തൊഴിലാളികളുടെ മാസശമ്പളം 10,000 മുതല്‍ 14,000 രൂപ വരെ മാത്രമാണ്. അത് 18,000 മുതല്‍ 25,000 രൂപ വരെ ആക്കണമെന്ന മിനിമം ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അവരുടേത് കേവലാര്‍ത്ഥത്തില്‍ ശമ്പളം കൂട്ടുന്നതിനുള്ള സമരമല്ല, അതിജീവനത്തിന് വേണ്ടിയുള്ള കഷ്ടപ്പാടാണ്.
ഐ.ജി.ഐ ഗ്ലോബല്‍ ഈ വര്‍ഷം പ്രസിദ്ധീകരിച്ച Legal and Ethical Dimensions of Contemporary Work and Education എന്ന പുസ്തകത്തില്‍ തൊഴിലാളികളുടെ പ്രതിസന്ധി കൃത്യമായ അടയാളപ്പെടുത്തുന്നുണ്ട്. അനൗപചാരിക തൊഴില്‍ മേഖലയിലെ 58.2 ശതമാനം ആളുകള്‍ക്കും ലിഖിതമായ തൊഴില്‍ കരാറുകള്‍ ഒന്നുമില്ല.
Legal and Ethical Dimensions of Contemporary Work and Education പുസ്തകത്തിന്‍റെ പുറംചട്ട
51.7 ശതമാനം തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല, 47 ശതമാനം തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടെയുള്ള ഒരവധി പോലുമില്ല. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിലെ കാര്യമെടുത്താല്‍ 67.8 ശതമാനം പേര്‍ക്കും തൊഴില്‍ കരാറുകള്‍ ഇല്ല.
ശമ്പളത്തോടുകൂടിയുള്ള അവധികളൊന്നും ഇല്ലാത്തവരുടെ ശതമാനം 62.4 ആണ്. 59.2 ശതമാനം ആളുകള്‍ക്കും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. ഇത് ഈ സംവിധാനത്തിനകത്തെ ഒരു വ്യതിയാനമല്ല, ഈ ഘടന രൂപീകരിച്ചത് തന്നെ ഇതുപോലെ തൊഴില്‍ സാഹചര്യത്തെ പരിവര്‍ത്തനപ്പെടുത്താനും അതില്‍ നിന്നുള്ള ലാഭം ഊറ്റി എടുക്കുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് വഴിയൊരുക്കാനും വേണ്ടിയാണ്.
തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം ഇത്തരം സ്ഥിതിവിവര കണക്കുകള്‍ക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് രാജ്യത്തുടനീളം അതിജീവനത്തിനായി മല്ലിടുന്ന മനുഷ്യരുടെ ദുരിതമെന്ന്. 12 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റുകളില്‍ പണിയെടുക്കേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഓവര്‍ടൈം വേതനം ഒരിക്കലും നല്‍കാറില്ല.
ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്‍ക്കും ഉള്ള ഇടവേളകള്‍ പോലും കണക്കുകൂട്ടി കൂലിയില്‍ കുറവ് വരുത്തുന്ന രീതിയുണ്ട്. ഒമ്പതുമാസം തികയുന്നതിന് മുന്‍പ്, അതായത് ആദ്യ ഇന്‍ക്രിമെന്റിന് അര്‍ഹത നേടുന്നതിനു മുന്‍പ് പിരിച്ചുവിടുന്ന സ്ഥിതിയുണ്ട്.
തൊഴിലില്ലാതെയുള്ള വളര്‍ച്ചയുടെ രാജ്യം എന്ന ഖ്യാതിയാണ് നമുക്കുള്ളത്. അതായത് ജി.ഡി.പി വര്‍ധിക്കുന്നുണ്ട്, എന്നാല്‍ തൊഴിലും തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ലേബര്‍ കോഡുകളും ഭരണഘടനാ വൈരുധ്യങ്ങളും
2019 മുതലുള്ള പരിശ്രമങ്ങളിലൂടെ, ഗവണ്‍മെന്റ്, നിലവിലുണ്ടായിരുന്ന 29 തൊഴില്‍ നിയമങ്ങളെ ക്രോഡീകരിച്ച് നാല് ലേബര്‍ കോഡുകള്‍ രൂപീകരിച്ചു. കോഡ് ഓണ്‍ വേജസ് 2019, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി 2020, ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് 2020.
നിയമങ്ങളുടെ ഏകീകരണം, ലളിതവത്കരണം, വ്യാവസായിക സൗഹൃദ അന്തരീക്ഷം വളര്‍ത്തല്‍ എന്നിവയാണ് പുതിയ കോഡുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. എന്നാല്‍ ഫലത്തില്‍ വ്യവസായശാലകളുടെ സമ്പൂര്‍ണ നിയന്ത്രണാധികാരം തൊഴിലാളികളില്‍ നിന്നും അവരുടെ പ്രതിനിധികളില്‍ നിന്നും മുതലാളിമാരിലേക്കും ഉദ്യോഗസ്ഥരിലേക്കും മാറ്റുകയാണ് ഈ പരിഷ്‌കാരങ്ങള്‍ ചെയ്യുന്നത്.
വ്യവസായ സൗഹൃദത്തിന്റെയും കാര്യക്ഷമതയുടെയും അള്‍ത്താരയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കൊടുക്കുന്ന പരിഷ്‌കാരങ്ങളാണ് ലേബര്‍ കോഡുകള്‍ വഴി നടപ്പിലാക്കിയിട്ടുള്ളത്. തൊഴിലവകാശങ്ങളില്‍ അധിഷ്ഠിതമായ നിയമസംഹിത ഇപ്പോള്‍ മുതലാളിമാരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ വഴക്കം പ്രദാനം ചെയ്യുന്ന സംവിധാനമായി മാറി.
ഈ നിയമങ്ങള്‍ പ്രത്യക്ഷത്തില്‍ ഭരണഘടനാവിരുദ്ധം അല്ലെങ്കിലും അതിന്റെ അന്തസത്ത ഭരണഘടനയുടെ അനുച്ഛേദം 14, 19, 21 എന്നിവ വാഗ്ദാനം ചെയ്യുന്ന സമത്വം, സ്വാതന്ത്ര്യം, തൊഴിലാളികളുടെ അന്തസ്സ് എന്നിവയെ ഗണ്യമായ തോതില്‍ ബാധിക്കുന്നുണ്ട്.
അതായത് ഭരണഘടനാവിരുദ്ധം എന്ന് പറയാവുന്ന ഏതെങ്കിലും ഒറ്റ വകുപ്പ് ചൂണ്ടിക്കാണിക്കുവാന്‍ കഴിയില്ലെങ്കില്‍ പോലും, ഈ നിയമങ്ങളെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഘടനയുടെ സത്ത ഭരണഘടനാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് മനസ്സിലാക്കണം.
കോഡ് ഓണ്‍ വേജസ്: ജീവിക്കാന്‍ ആവശ്യമായ വേതനം എന്ന മരീചിക
വേതനം സംബന്ധിച്ച പുതിയ കോഡ് ഒരു നാഷണല്‍ ഫ്‌ലോര്‍ വേജ് നിശ്ചയിക്കുന്നുണ്ട്. എന്നാല്‍ അതൊരു ഔപചാരികത മാത്രമാണ്. ഭരണഘടനയില്‍ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗമായി അനുച്ഛേദം 43 തൊഴിലാളികളുടെ അവകാശങ്ങള്‍ ഊന്നി പറഞ്ഞിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് അന്തസ്സുള്ള ജീവിതനിലവാരം ഉറപ്പുവരുത്തുന്ന തൊഴില്‍ സാഹചര്യവും ജീവിക്കാന്‍ ആവശ്യമായ വേതനവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നാണ്. എന്നാല്‍ ഫ്‌ളോര്‍ വേജ്, ആ നിലയിലേക്കുള്ള പരിശ്രമമായി മാറുന്നില്ല.
ത്രികക്ഷി വേദികളില്‍ കൂടിയാലോചനകളിലൂടെ മിനിമം വേതനം നിര്‍ണയിച്ചിരുന്ന ചരിത്രപരമായ കീഴ്‌വഴക്കത്തില്‍ നിന്നും മാറി, തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ വൃന്ദത്തിന് വിട്ടുകൊടുക്കുന്ന സമീപനമാണ് ഇതിലുള്ളത്. ജീവിതചെലവും വിലക്കയറ്റവും കണക്കിലെടുക്കുമ്പോള്‍ ജീവിക്കാന്‍ ആവശ്യമായ ചുരുങ്ങിയ തുകയിലേക്ക് പോലും അതെത്തുന്നില്ല എന്നാണ് നോയിഡയിലെ തൊഴിലാളികളുടെ അനുഭവം നമ്മളോട് പറയുന്നത്.
പ്രതിഷേധത്തില്‍ നിന്നും
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, കാര്യക്ഷമമായ വേതന വ്യവസ്ഥകള്‍ രൂപീകരിക്കുന്നതിന് കേവലം നിയമത്തിനപ്പുറം ശക്തമായി ഇടപെടാന്‍ കഴിയുന്ന നിര്‍വഹണ സംവിധാനം കൂടി വേണമെന്ന് വ്യക്തമാക്കുന്നുണ്ട്.
പുതിയ നിയമങ്ങള്‍, വേതനം സംബന്ധിച്ച തീരുമാനങ്ങള്‍ ഉദ്യോഗസ്ഥരുടെ വിവേചനത്തിന് വിട്ടുകൊടുക്കുകയാണ്, അതുവഴി ജനാധിപത്യപരമായ വിലപേശലിനുള്ള അവകാശം തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ലേബര്‍ കോഡുകളിലെ ഏറ്റവും പ്രധാനമെന്ന് പറയാവുന്നത് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ആണ്. രണ്ടു കാര്യങ്ങളാണ് ഇവിടെ പ്രധാനം. പഴയ നിയമപ്രകാരം, 100 തൊഴിലാളികളെങ്കിലും ജോലിയെടുക്കുന്ന ഒരു സ്ഥാപനത്തില്‍ ലേ ഓഫ് നടപ്പില്‍ വരുത്തുവാനോ, സ്ഥാപനം പൂട്ടുവാനോ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി വേണമായിരുന്നു.
ഇപ്പോള്‍ അത് 300 തൊഴിലാളികള്‍ എന്നാക്കിയിരിക്കുന്നു. ഭൂരിപക്ഷം സ്ഥാപനങ്ങളും മുന്നൂറില്‍ താഴെ തൊഴിലാളികള്‍ മാത്രം പണിയെടുക്കുന്നതായിരിക്കുന്ന നമ്മുടെ രാജ്യത്ത്, ഇതോടുകൂടി അടച്ചുപൂട്ടലിന് ഗവണ്‍മെന്റിന്റെ അനുമതി വേണ്ട എന്ന് വന്നിരിക്കുന്നു.
അതോടുകൂടി ആരെയും എപ്പോഴും പിരിച്ചുവിടാവുന്ന സാഹചര്യമുണ്ട്. ‘ഹയര്‍ ആന്‍ഡ് ഫയര്‍ അറ്റ് വില്‍‘, അഥവാ തോന്നിയത് പോലെ പണിക്കെടുക്കാനും പിരിച്ചുവിടാനും കഴിയുന്ന സംവിധാനമായി നമ്മുടെ തൊഴില്‍ മേഖലയെ മാറ്റിയിരിക്കുന്നു. കരാര്‍ തൊഴിലാളികളും സ്ഥിരം തൊഴിലാളികളും തമ്മിലുള്ള വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് സാരം.
രണ്ടാമതായി, ഈ കോഡ് തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശത്തെ ഭീകരമായ തോതില്‍ പരിമിതപ്പെടുത്തുന്നു എന്നുള്ളതാണ്. 1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട് അനുസരിച്ച്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ക്ക് മാത്രമേ 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നുള്ളൂ എങ്കില്‍, ഇപ്പോള്‍ ആ നിബന്ധന എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കിയിരിക്കുകയാണ്.
മാത്രമല്ല 50 ശതമാനമോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഒരേസമയം ആകസ്മിക അവധിയെടുക്കുകയാണെങ്കില്‍ അതുകൂടി സമരത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
തൊഴിലാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ വിനിയോഗിച്ചാല്‍ അവരുടെ കൂലി കുറയ്ക്കുകയോ ജോലിയില്‍ നിന്നുതന്നെ പുറത്താക്കുകയോ ചെയ്യാവുന്ന സാഹചര്യമാണ് ഇതോടെ വന്നു ചേര്‍ന്നിരിക്കുന്നത്. ഐ.എല്‍.ഓയുടെ കണ്‍വെന്‍ഷന്‍ നമ്പര്‍ 87 സംഘടിക്കാനുള്ള അവകാശത്തെയും, 98ാം കണ്‍വെന്‍ഷന്‍ സംഘടിച്ച് കൂട്ടായി വിലപേശുന്നതിനുള്ള അവകാശത്തെയും, പ്രത്യേകിച്ചും സംഘാടന സ്വാതന്ത്ര്യത്തിന്റെ ഭാഗമായി സമരം ചെയ്യാനുള്ള അവകാശത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവയാണ്.
ലേബർ നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തില്‍ നിന്നും
ഐ.ഏല്‍.ഓയുടെ സ്ഥാപക അംഗങ്ങളില്‍ ഒന്നായിരുന്നിട്ടും ഇന്ത്യ ഈ കണ്‍വെന്‍ഷനുകള്‍ അംഗീകരിച്ചിട്ടില്ല, അങ്ങനെയാണ് അന്താരാഷ്ട്ര വിമര്‍ശനങ്ങളില്‍ നിന്ന് നമ്മള്‍ ഒഴിവാവുന്നത്.
എന്നാല്‍ മൗലീക അവകാശമെന്ന നിലയില്‍ ഭരണഘടനയുടെ അനുച്ഛേദം 19(1)(സി)യും വിവിധ നിര്‍ദ്ദേശക തത്വങ്ങളും, തൊഴിലവസങ്ങളെ സംരക്ഷിക്കുന്നതിന് ഗവണ്‍മെന്റുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യത നല്‍കുന്നുണ്ട്.
ഒക്യുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിംഗ് കണ്ടീഷന്‍സ് കോഡ്: സ്വയം സാക്ഷ്യപ്പെടുത്തല്‍ എന്ന കുറുക്കു വഴി
വളരെ പുരോഗമനപരമെന്ന് തോന്നിപ്പിക്കുന്ന ഭാഷയിലാണ് ഒക്യുപേഷണല്‍ സേഫ്റ്റി ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് രചിച്ചിട്ടുള്ളത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ ഈ ഉത്പതിഷ്ണുത്വം കാണാന്‍ കഴിയില്ല.
1948ലെ ഫാക്ടറീസ് ആക്ടില്‍ നിന്നുള്ള പ്രധാനപ്പെട്ട വ്യത്യാസം, പുതിയ നിയമത്തില്‍ കാലാകാലം ഗവണ്‍മെന്റ് നടത്തിക്കൊണ്ടിരുന്ന പരിശോധനകള്‍ ഒഴിവാക്കി വ്യവസായ സ്ഥാപനങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പ്രവര്‍ത്തിക്കുവാനുള്ള അവകാശം നല്‍കി എന്നുള്ളതാണ്.
അതിന്റെ പ്രായോഗിക ഫലങ്ങള്‍ ദുഷ്‌കരമാണ്. ആവശ്യമായ സുരക്ഷ ഓഡിറ്റുകള്‍ ഇല്ലാതെ 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍, പരാതി പരിഹാര സംവിധാനങ്ങള്‍ ഇല്ലാത്ത തൊഴില്‍ അന്തരീക്ഷം, ചൂഷണത്തിന്റെ നിരവധി സാധ്യതകള്‍… നോയിഡയില്‍ സമരം ചെയ്യുന്ന തൊഴിലാളികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചതും ഇതൊക്കെ തന്നെയാണ്. ചരിത്രപരമായ സമരങ്ങളിലൂടെ നേടിയെടുത്ത സംരക്ഷണ സംവിധാനങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.
സോഷ്യല്‍ സെക്യൂരിറ്റി കോഡ്: സാര്‍വത്രിക വാഗ്ദാനങ്ങള്‍, പക്ഷപാതിത്വപരമായ ഫലം
ഗിഗ് വര്‍ക്കേഴ്‌സിന് ഉള്‍പ്പെടെ ഇ.എസ്.ഐ. പോലെയുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തും വിധം ക്ഷേമ പദ്ധതികളുടെ സാര്‍വത്രികവത്കരണമാണ് സോഷ്യല്‍ സെക്യൂരിറ്റി കോഡ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ അതിനുള്ള മെക്കാനിസം ഇല്ലെന്നതാണ് സത്യം. ഏതൊക്കെ ജീവനക്കാരാണ് ഈ ആനുകൂല്യങ്ങളുടെ പരിധിയില്‍ വരേണ്ടതെന്ന് സ്ഥാപന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തീരുമാനിക്കാം എന്ന സ്ഥിതിയാണുള്ളത്.
ചെറിയ ഫാക്ടറികളില്‍ കൂടി ഇ.എസ്.ഐ. സംവിധാനം ഏര്‍പ്പെടുത്തിയത്, പദ്ധതിയുടെ ഉടമസ്ഥവിഹിതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി, സ്ഥിരം ജീവനക്കാരായ ഒഴിവാക്കാനുള്ള പ്രവണത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുക വഴി, ഡിജിറ്റല്‍ ഡിവൈഡിനിപുറമുള്ള മനുഷ്യരെ പുറന്തള്ളുന്ന സാഹചര്യവും സൃഷ്ടിച്ചിരിക്കുന്നു.
ഭരണഘടനാ പദ്ധതിയില്‍ തൊഴിലാളിയുടെ സ്ഥാനം
ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ വെറും ഉത്പാദനോപകരണങ്ങള്‍ ആയിട്ടല്ല കാണുന്നത്. നിര്‍ദേശക തത്വങ്ങളിലൂടെ, അതിന്റെ ജുഡീഷ്യല്‍ വ്യാഖ്യാനങ്ങളിലൂടെ, അന്തസ്സോടെയുള്ള ജീവിതം എന്ന വിശാലമായ അവകാശത്തിനകത്താണ് തൊഴിലവകാശങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍, സുപ്രീംകോടതിയുടെ ചരിത്രപരമായ വിധികളുടെ ഒരു നിര തന്നെയുണ്ട്. അത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു സാമൂഹിക-സാമ്പത്തിക നിയമ വൈജ്ഞാനികതയുടെ ഉദാഹരണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
സുപ്രീം കോടതി
1985ല്‍, ഓള്‍ഗ ടെലിസ് vs ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കേസില്‍, സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ജീവിതമാര്‍ഗത്തിനുള്ള അവകാശം ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധിക്കാനാകാത്ത ഭാഗമാണെന്ന് ഐകകണ്‌ഠേന വിധിച്ചു.
‘ഒരു മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം അവന്റെ ജീവിത മാര്‍ഗത്തിലുള്ള അവകാശം നിഷേധിക്കുന്നതാണ്’ എന്ന് കോടതി വിലയിരുത്തി.
ജീവിക്കാനുള്ള അവകാശം വെറുതെ ജൈവീകമായ നിലനില്‍പ്പിനുള്ള അവകാശം അല്ല മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന തരത്തിലാണ് അനുച്ഛേദം 21നെ കോടതി വ്യാഖ്യാനിച്ചത്. ഇത് തൊഴിലാളികളുടെ ന്യായമായ കൂലിക്കുള്ള അവകാശത്തെ ബലപ്പെടുത്തുന്നതാണ്.
മനുഷ്യരുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെ കോടതി വഴി നടപ്പിലാക്കാന്‍ കഴിയുന്ന മൗലികാവകാശങ്ങളുടെ ഭാഗമായി വ്യാഖ്യാനിച്ചത് നിയമ വൈജ്ഞാനികതയിലെ വിപ്ലവകരമായ ഒരേടായിരുന്നു.
പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, ഒരു പടി കൂടി കടന്ന്, തൊഴിലാളിക്ക് മിനിമം വേതനമെങ്കിലും നല്‍കാതിരിക്കുന്നത് കേവലം കരാര്‍ ലംഘനം മാത്രമല്ലെന്നും, ഭരണഘടനയുടെ അനുച്ഛേദം 23 പ്രകാരം നിരോധിച്ചിട്ടുള്ള ‘നിര്‍ബന്ധിത വേല‘ ആയി കണക്കാക്കേണ്ടി വരുമെന്നും, ഒപ്പം അനുച്ഛേദം 21 അനുസരിച്ചുള്ള അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിലപാട് സ്വീകരിച്ചു.
തൊഴിലാളിക്ക് തനിക്ക് അര്‍ഹതപ്പെട്ട മിനിമം വേതനമെങ്കിലും നല്‍കാതിരിക്കുന്നത്, അവരെ മനുഷ്യരായി പോലും കണക്കാക്കാതിരിക്കുന്നതിന് തുല്യമാണെന്നാണ് ജസ്റ്റിസ് ഭഗവതി എഴുതിയത്.
ബന്ധുവാ മുക്തി മോര്‍ച്ച vs യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍, ‘മാനുഷികമായ തൊഴില്‍ സാഹചര്യം’ അനുച്ഛേദം 21ന് കീഴിലുള്ള അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി. സുരക്ഷിതവും മാന്യവുമായ തൊഴില്‍ സാഹചര്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാക്കി മാറ്റുകയായിരുന്നു കോടതി.
ഭരണഘടനയിലെ മൗലിക അവകാശങ്ങളും, നിര്‍ദേശക തത്വങ്ങളും, മേല്‍പ്പറഞ്ഞ മൂന്ന് ചരിത്രപരമായ സുപ്രീംകോടതി വിധികളും ചേര്‍ത്തു വായിച്ചാല്‍, അന്തസ്സോടെ ജീവിതം നയിക്കുന്നതിനുള്ള മിനിമം സാഹചര്യം വ്യവസ്ഥാപിതമായി നിഷേധിക്കുന്ന തരത്തില്‍ തൊഴില്‍ മേഖലയെ ക്രമീകരിക്കുവാന്‍ ഗവണ്‍മെന്റിന് ഭരണഘടനാപരമായ അനുമതിയില്ല.
പുതിയ ലേബര്‍ കോഡുകള്‍ ഈ ഭരണഘടനാ തത്വങ്ങളെ പ്രത്യക്ഷത്തില്‍ ലംഘിക്കുന്നു എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഈ കോഡുകളെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന തൊഴില്‍ മേഖലയുടെ ഘടന, മുകളില്‍ വിവരിച്ച ഭരണഘടനാപദ്ധതിയെ അര്‍ത്ഥശൂന്യമാക്കുന്നതാണ്. ഭരണഘടനയുടെ അനുഛേദം 14 അഥവാ സമത്വത്തെ സംബന്ധിക്കുന്ന ഉറപ്പ് ഉല്ലംഘിക്കുന്ന തരത്തില്‍ ആനുപാത രഹിതമായ കടന്നുകയറ്റമാണോ പുതിയ നിയമങ്ങള്‍ എന്ന ചോദ്യമുണ്ട്.
അനുഛേദം 19 ഉറപ്പു നല്‍കുന്ന സംഘടിതമായി വിലപേശുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന പ്രശ്‌നവുമുണ്ട്. അനുച്ഛേദം 21 വാഗ്ദാനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ അന്തസാര ശൂന്യമായ ഔപചാരികതയായി മാറ്റുന്നതാണ് ഈ പരിഷ്‌കാരങ്ങള്‍ എന്ന വിമര്‍ശനവുമുണ്ട്. കാര്യക്ഷമതയ്ക്കും വ്യാവസായിക സൗഹൃദത്തിനും വേണ്ടി ഭരണഘടന ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യനീതിയെ അവഗണിക്കുവാന്‍ കഴിയില്ല.
ജനാധിപത്യത്തിന്റെ തകര്‍ച്ച: ത്രികക്ഷി കൂടിയാലോചനകളുടെ അന്ത്യം
തൊഴിലാളി സമരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഏറ്റവും പ്രധാനപ്പെട്ട, എന്നാല്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളില്‍ ഒന്ന് നമ്മുടെ രാജ്യത്ത് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ത്രികക്ഷി ചര്‍ച്ചയുടെയും, കൂടിയാലോചനകളുടെയും, ജനാധിപത്യ മര്യാദകളുടെയും അന്ത്യമാണ്.
രാജ്യത്തിന്റെ തൊഴില്‍ മേഖലയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഗവണ്‍മെന്റ് തൊഴിലുടമകളും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ഒത്തുചേര്‍ന്നിരുന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് അവസാനമായി ചേര്‍ന്നത് 2015 ജൂലൈ 20, 21 തീയതികളില്‍ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്ന അതിന്റെ 46ാമത് സെഷനിലാണ്. അതിനുശേഷം ലേബര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കപ്പെട്ടിട്ടില്ല.
അതൊരു നിസ്സാരവീഴ്ചയല്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ 144ാം കണ്‍വെന്‍ഷന്‍ അനുസരിച്ച്, ഐ.എല്‍.ഒയുടെ ത്രികക്ഷി സംവിധാനത്തെ മാതൃകയാക്കി നമ്മള്‍ സൃഷ്ടിച്ചെടുത്ത സംവിധാനമാണ് ഐ.എല്‍.സി. ഇന്ത്യയുടെ ലേബര്‍ പാര്‍ലമെന്റ് എന്നാണ് അത് അറിയപ്പെട്ടിരുന്നത്.
ഒരു ദശാബ്ദമായി അത് ചേര്‍ന്നിട്ടില്ല എന്നതിനര്‍ത്ഥം, നോയിഡേയിലേതുള്‍പ്പെടെ രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളെ, അവരുടെ ജീവിതത്തെ ബാധിക്കുന്ന നയരൂപീകരണ-നിയമനിര്‍മ്മാണ മേഖലയില്‍ നിന്ന് വ്യവസ്ഥാപിതമായി പുറന്തള്ളിയിരിക്കുന്നു എന്നതാണ്.
പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി തന്നെ ലേബര്‍ കോണ്‍ഫറന്‍സ് നടത്താത്തതില്‍ യൂണിയന്‍ തൊഴില്‍ മന്ത്രാലയത്തെ വിമര്‍ശിച്ചിട്ടുണ്ട്. 47ാമത് ലേബര്‍ കോണ്‍ഫറന്‍സ് നടക്കുമോ എന്ന കാര്യം ഇന്നും നമുക്കറിയില്ല. ഈ നാല് ലേബര്‍ കോഡുകളും ഐ.എല്‍.സിയിലെ ചര്‍ച്ചകള്‍ കൂടാതെയാണ് നടപ്പിലാക്കിയത്.
തൊഴിലാളി സംഘടനകള്‍ അന്താരാഷ്ട്ര ഫോറങ്ങളില്‍ ഉള്‍പ്പെടെ ജനാധിപത്യപരമായ കൂടിയാലോചനകള്‍ക്കുള്ള അവകാശം നിഷേധിക്കപ്പെടുന്നത് സംബന്ധിച്ച പരാതി ഉന്നയിച്ചിട്ടുണ്ട്. സ്വന്തം ജീവിത സാഹചര്യങ്ങളെയും ജീവന മാര്‍ഗത്തെയും നിര്‍ണയിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പുറന്തള്ളപ്പെടുമ്പോള്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏക പാര്‍ലമെന്റ് തെരുവുകളാണ് എന്ന് വരുന്നു.
സമരം ഒരു ക്രമാസമാധാന പ്രശ്‌നമല്ല. ക്രമ ലംഘനവുമല്ല. മറ്റെല്ലാ വേദികളും നിഷേധിക്കപ്പെട്ട മനുഷ്യര്‍ അവര്‍ക്കു മുന്നില്‍ തുറന്നു കിടക്കുന്ന ഏകമാര്‍ഗം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഘട്ടമാണത്.
തൊഴിലാളികള്‍, കമ്പോളത്തിലെ ‘ചരക്ക്’ മാത്രമാവുന്ന സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തില്‍, ഈ അമാനവീകരണത്തിനെതിരെ ഉയര്‍ന്നുവരുന്ന പ്രതിരോധമാണത്. പ്രതിപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറ്റു മാര്‍ഗങ്ങള്‍-നിയമപരമായ പരിഹാരങ്ങള്‍, ട്രേഡ് യൂണിയനുകള്‍, ത്രികക്ഷി കൂടിയാലോചനകള്‍-എല്ലാം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധം സ്വാഭാവികമായും ബഹുജന പ്രക്ഷോഭത്തിന്റെ രൂപം സ്വീകരിക്കും.
നോയിഡയില്‍ നമ്മള്‍ കാണുന്നത് അതുതന്നെയാണ്. തൊഴിലെടുക്കുന്ന മനുഷ്യരെ അവഗണിച്ചുകൊണ്ട്, തൊഴിലിനെ വെറും ചരക്കായി പരിഗണിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയില്‍ മറ്റെന്തു മാര്‍ഗ്ഗമാണുള്ളത്? ജനകീയ പ്രക്ഷോഭങ്ങളെ ക്രിമിനല്‍വത്കരിക്കുന്ന മുഖ്യധാര മാധ്യമങ്ങളും മധ്യവര്‍ഗ ബുദ്ധിജീവികളും ഈ ചോദ്യത്തിന് മറുപടി പറയണം.
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും വരുന്ന വാര്‍ത്തകള്‍ പരിശോധിച്ചാല്‍, നോയിഡയിലെ സമരം ഒറ്റപ്പെട്ട സംഗതി അല്ലെന്ന് കാണാന്‍ കഴിയും. ശ്രീപെരിമ്പത്തൂരിലെ സാംസങ് പ്ലാന്റുമുതല്‍ പാനിപത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റ് വരെ. നാഷണല്‍ തെര്‍മല്‍ പവര്‍ കോപ്പറേഷന് മുതല്‍ റായ്പൂരിലെ വ്യവസായശാലകള്‍ വരെ. രാജ്യമാകെ, സമാനമായ പ്രതിഷേധങ്ങളുടെ മാതൃക നമുക്ക് കാണാം.
തുച്ഛമായ വേതനം, അനിയന്ത്രിതമായി നീണ്ടുപോകുന്ന തൊഴില്‍ സമയം, ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം, തൊഴിലാളി പ്രക്ഷോഭം… ഇങ്ങനെ ദേശീയതലത്തില്‍, രാജ്യമെമ്പാടും ഉയര്‍ന്നുവരുന്നതിന്റെ സൂചനകള്‍ ദൃശ്യമാണ്.
ഇവയെ ഒറ്റപ്പെട്ട പ്രാദേശിക സമരങ്ങളായല്ല, രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന തൊഴില്‍ ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആരംഭമാണെന്ന രാഷ്ട്രീയ വായന അനിവാര്യമാണ്.
കൃത്യമായ നേതൃത്വമോ, കേന്ദ്രീകൃതമായ ഏകീകരണമോ ഇല്ലാതെ വിദൂര ദേശങ്ങളില്‍ ഒരേസമയം ഇത്തരത്തിലുള്ള പ്രതിരോധങ്ങള്‍ ഉണ്ടാകുന്നു എന്നത് ഗൗരവതരമായി വിശകലനം ചെയ്യേണ്ട സംഗതിയാണ്. പ്രാദേശികമായ പരാതികള്‍ക്കും പ്രചോദനങ്ങള്‍ക്കും ഉപരിയായി, ഘടനാപരവും വ്യവസ്ഥാപിതവുമായ സാഹചര്യങ്ങളാണ് സമരകാരണമെന്ന നിഗമനത്തിലേക്കാണ് നമ്മള്‍ എത്തുക.
നോയിഡയില്‍ സമരം ചെയ്യുന്നത് പാകിസ്ഥാനികളും നക്‌സലൈറ്റുകളും ആണെന്ന ഭരണകൂടത്തിന്റെ ആഖ്യാനം പൊളിഞ്ഞുപോകുന്നതും അതുകൊണ്ടാണ്. സൂറത്തിലും ബീഹാറിലും സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പൊതുവായ ഒരു സംഘടനാ സംവിധാനമില്ല, നിലവിലെ തൊഴില്‍ നയങ്ങളും വ്യവസ്ഥകളും സൃഷ്ടിച്ച പൊതു സാഹചര്യവും പങ്കിടുന്നു എന്നതാണ് അവരെ ഒരേസമയം സമരരംഗത്ത് എത്തിക്കുന്നത്.
മാത്രവുമല്ല പഴയ തൊഴില്‍ നിയമങ്ങള്‍ക്കകത്ത്, വ്യവസായ മേഖലകളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ഇടപെടുവാന്‍ ട്രേഡ് യൂണിയനുകളും ഉത്തരവാദിത്വപ്പെട്ട നേതൃത്വവും ചര്‍ച്ചകളും കൂടിയാലോചനകളും ഉണ്ടായിരുന്നു.
പുതിയ ലേബര്‍ കോഡുകളില്‍ അത്തരം വ്യവസ്ഥകള്‍ ചേര്‍ത്തിട്ടില്ല. ന്യായമായ പരാതികള്‍ പറയുവാന്‍ തൊഴിലാളികള്‍ക്ക് ഒരിടമില്ല എന്ന സാഹചര്യമാണുള്ളത്.
അംബേദ്കറുടെ മുന്നറിയിപ്പുകള്‍
ഇപ്പോള്‍ നടക്കുന്ന തൊഴില്‍ സമരങ്ങളില്‍ ഭരണഘടനാപരവും ജനാധിപത്യപരവുമായ ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ അന്തര്‍ലീനമാണ്. 1949 നവംബര്‍ 25ാം തീയതി ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപം അവതരിപ്പിച്ചുകൊണ്ട് ഭരണഘടന ശില്പി ഡോക്ടര്‍ അംബേദ്കര്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ നടത്തിയ ഉപസംഹാര പ്രസംഗത്തില്‍ പങ്കുവച്ച ആശങ്കകള്‍ ഉണ്ട്; മുന്നറിയിപ്പുകള്‍.
ഡോക്ടര്‍ ബി.ആർ. അംബേദ്കര്‍
ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെടുമോ അതിജീവിക്കുമോ എന്നത് സംബന്ധിച്ച ചില മാനകങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിലൊന്ന്, ഇന്ത്യ ഒരിക്കലും കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് തൃപ്തിപ്പെടരുത് എന്നതാണ്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജീവിത മൂല്യങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതശൈലി- സാമൂഹ്യ ജനാധിപത്യം നമ്മള്‍ കെട്ടിപ്പടുക്കണം.
”രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടാകും, എന്നാല്‍ സാമൂഹിക സാമ്പത്തിക ജീവിതങ്ങള്‍ അസമത്വം നിറഞ്ഞതായിരിക്കും. രാഷ്ട്രീയത്തില്‍ ഓരോ മനുഷ്യര്‍ക്കും ഓരോ വോട്ട് ഓരോ വോട്ടിനും ഒരേ മൂല്യം എന്ന തത്വം നമ്മള്‍ അംഗീകരിക്കും. എന്നാല്‍ നമ്മുടെ സവിശേഷമായ സാമൂഹ്യ സാമ്പത്തിക ഘടനകള്‍ കാരണം സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളില്‍ നമ്മള്‍ ഓരോ മനുഷ്യനും ഒരേ മൂല്യമാണെന്ന തത്വം അംഗീകരിക്കുകയില്ല.” ഈ വൈരുദ്ധ്യം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിന് നിത്യഭീഷണി ആയിരിക്കും എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.
അംബേദ്കര്‍ പറഞ്ഞ ഈ വൈരുദ്ധ്യത്തെ സ്ഥാപനവല്‍ക്കരിക്കുന്ന നടപടിയാണ് തൊഴില്‍ നിയമപരിഷ്‌കാരങ്ങളിലൂടെ ഗവണ്‍മെന്റ് ചെയ്തത്. ഔപചാരികമായി തൊഴിലാളികള്‍ ഇന്ത്യന്‍ പൗരരാണ്. അവര്‍ക്ക് വോട്ട് ചെയ്യാം; വോട്ടിന് മൂല്യമുണ്ട് പക്ഷേ അവരുടെ ജീവിതസാഹചര്യങ്ങളെ നിര്‍ണയിക്കുന്ന നിയമ രൂപീകരണ പ്രക്രിയയുടെ കാര്യം വരുമ്പോള്‍ അവര്‍ സാമ്പത്തികമായ പൗരത്വം നിഷേധിക്കപ്പെട്ടവരായി മാറുന്നു. അവിടെ അവര്‍ക്ക് തുല്യതയില്ല. അവിടെ അവര്‍ക്ക് ശബ്ദമില്ല. മൗലിക അവകാശങ്ങള്‍ പോലുമില്ല.
അംബേദ്കറുടെ മറ്റൊരു മുന്നറിയിപ്പ് സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഭരണഘടനാപരമായ വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടാല്‍, ജനങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ നിര്‍ബന്ധിതരാകും എന്നതാണ്.
”സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഒന്നും അവശേഷിക്കാതെ വരുമ്പോള്‍ ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് നീതികരണം ഉണ്ടാകും” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
ഈ സമരത്തെ ക്രമസമാധാന പ്രശ്‌നമായി കണക്കാക്കുന്ന ഗവണ്‍മെന്റ് തന്നെയാണ് ക്രമാനുഗതമായി അവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്ന ജനാധിപത്യപരമായ വേദികള്‍ ഇല്ലാതാക്കിയത്.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ 1998ലെ ഡിക്ലറേഷന്‍ ഓഫ് ഫണ്ടമെന്റല്‍ പ്രിന്‍സിപ്പല്‍സ് ആന്‍ഡ് റൈറ്റ്‌സ് അറ്റ് വര്‍ക്ക് പ്രഖ്യാപനത്തില്‍ അന്തസ്സോടെ ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. സുസ്ഥിര വികസന ലക്ഷ്യം (സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍) 8 വഴിയാണ് അന്താരാഷ്ട്ര തലത്തില്‍ അതിനൊരു മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തെ മൊത്തം തൊഴില്‍ മേഖലയുടെ 90 ശതമാനവും അനൗപചാരികമായി മാറുന്നതും, വേതന വര്‍ധനവ് ഇല്ലാത്തതും, സംഘടിക്കാനും വിലപേശിവാനുമുള്ള അവകാശം നിഷേധിക്കുന്നതും, ത്രികക്ഷികള്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കുന്നതും, അന്താരാഷ്ട്ര നയത്തില്‍ നിന്നുള്ള വ്യതിയാനമാണ്. 2024ലെ ഐ.എല്‍.ഓ. യുടെ ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് ഇക്കാര്യം കൃത്യതയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഖ്യാന നിര്‍മിതിയുടെ രാഷ്ട്രീയം
ഉത്തര്‍പ്രദേശിലെ തൊഴില്‍ സമരങ്ങളോട് ഗവണ്‍മെന്റ് സ്വീകരിച്ചത് ഭൗതികമായ ആക്രമണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും മാര്‍ഗ്ഗം മാത്രമല്ല. ആഖ്യാന നിര്‍മിതിയുടെ സവിശേഷമായ ഒരു രീതിയുമുണ്ടായിരുന്നു. സമരക്കാരെ പാക്കിസ്ഥാനി ഏജന്റ്മാരായും നക്‌സലൈറ്റുകളായും ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ആണ് നടന്നത്.
അതുവഴി ഗവണ്‍മെന്റ് തൊഴിലാളികള്‍ മുന്നോട്ടുവച്ച യുക്തിസഹമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാതിരിക്കാനുള്ള ഒരു മാര്‍ഗം കണ്ടെത്തുകയായിരുന്നു. അങ്ങനെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രതിരോധം ഉയര്‍ത്തുന്ന പൗരന്‍ എന്ന നിലയില്‍ നിന്ന് അവരെ സംശയത്തോടെ മാത്രം വീക്ഷിക്കേണ്ട ഒരു കൂട്ടം ആളുകള്‍ എന്ന നിലയിലേക്ക് ചിത്രീകരിക്കാന്‍ ശ്രമിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
വര്‍ഗീയ കലാപങ്ങളുടെ ഒക്കെ കാലത്ത്, സാധാരണ സംഭവങ്ങളെ അതിന്റ് സാഹചര്യങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റി വിദ്വേഷഭരിതമായ ഗൂഢാലോചനകളായി ചിത്രീകരിക്കുന്ന രാഷ്ട്രീയ കൗശലത്തിന്റെ മറ്റൊരു രൂപമാണത്.
ഈ വ്യാഖ്യാനങ്ങള്‍ക്ക് ആധികാരികത നല്‍കാനുള്ള കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ വ്യഗ്രതയിലും അത്ഭുതപ്പെടേണ്ടതില്ല. മുഖ്യധാരാ മാധ്യമങ്ങളുടെയും വ്യവസായ മൂലധനത്തിന്റെയും താത്പര്യങ്ങള്‍ ഒന്നുതന്നെയായിരിക്കുന്ന സമൂഹത്തില്‍ തൊഴില്‍ സമരങ്ങളെ അവകാശ സമരങ്ങള്‍ എന്നതിനപ്പുറം അനാവശ്യമായ അക്രമങ്ങള്‍ ആയി ചിത്രീകരിക്കുന്ന രീതി സ്വാഭാവികമാണ്.
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, അന്തസ്സോടെയുള്ള ജീവിതം നിഷേധിക്കപ്പെട്ട മനുഷ്യരെ ഈ ജനാധിപത്യ രാജ്യത്തിലെ സ്വാഭാവികമായ അവകാശങ്ങള്‍ക്ക് അര്‍ഹരായവര്‍ എന്നതിന് പകരം, അടിച്ചമര്‍ത്തേണ്ട കുഴപ്പക്കാരാണ് എന്ന് ചിത്രീകരിക്കാനാണ് അവര്‍ക്ക് താത്പര്യം.
അങ്ങനെ അവരുടെ അവകാശങ്ങളെയും, നീതിയുക്തമായ ആവശ്യങ്ങളെയും അദൃശ്യവത്കരിക്കുകയാണു ചെയ്യുന്നത്. വിപ്ലവകരമോ മൗലീകമോ ആയ യാതൊരാവശ്യങ്ങളും അവര്‍ ഉന്നയിച്ചിട്ടില്ല. അന്തസ്സോടെ ജീവിക്കുന്നതിനുള്ള മിനിമം കാര്യങ്ങളാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം.
ഈ വസ്തുത ചര്‍ച്ച ചെയ്യപ്പെടരുത് എന്ന നിര്‍ബന്ധം കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള ഇടപെടലുകളെ മാധ്യമങ്ങള്‍ തമസ്‌കരിച്ചത്.
ഉപേന്ദ്ര ബക്ഷി അഭിപ്രായപ്പെട്ടിട്ടുള്ളതു പോലെ, സാമൂഹ്യ ശ്രേണിയുടെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യര്‍ക്ക് ഇന്ത്യന്‍ ഭരണഘടന എപ്പോഴും ഒരു അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ ആയിരിക്കും.
ഉപേന്ദ്ര ബക്ഷി
ഔപചാരികമായി അവകാശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ ആ അവകാശങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ വ്യവസ്ഥാപിത സംവിധാനങ്ങള്‍ അവര്‍ക്ക് അപ്രാപ്യമായിരിക്കും. നോയിഡയിലെ തൊഴിലാളികളുടെ അനുഭവവും ഇതിന് സാക്ഷ്യം പറയുകയാണ്.
ജനാധിപത്യപരമായ തൊഴില്‍ മേഖല
സമഗ്രമായി പരിശോധിക്കുമ്പോള്‍, ലേബര്‍ കോഡുകള്‍ മാത്രമല്ല, തൊഴില്‍ നയങ്ങള്‍ രൂപീകരിക്കുന്ന വ്യവസ്ഥിക്കും ജനാധിപത്യപരമായി സ്വീകാര്യമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്.
ഏറ്റവും പ്രധാനമായി ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വീണ്ടും സംഘടിപ്പിക്കേണ്ടതുണ്ട്. തൊഴിലാളികളും തൊഴിലുടമകളും ഗവണ്‍മെന്റും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്ന വ്യവസ്ഥാപിതമായ ഈ സംവിധാനത്തിന് പകരം വയ്ക്കാന്‍ നമുക്ക് മറ്റൊന്നില്ല.
ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ കണ്‍വെന്‍ഷന്‍ 144 അനുസരിച്ച് ഇന്ത്യയ്ക്ക് നിയമപരമായ ബാധ്യതയും ഇക്കാര്യത്തിലുണ്ട്. നയരൂപീകരണങ്ങളിലെ ജനാധിപത്യത്തിന്റെ അഭാവമാണ് ഐ.എല്‍.സി. വേണ്ടെന്നു വയ്ക്കുന്നതിലൂടെ നമ്മള്‍ വെളിവാക്കുന്നത്.
2013ലെ 45ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സില്‍ നിന്നും
അതോടൊപ്പം ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് പരിഷ്‌കരിച്ച്, സമരം ചെയ്യാനുള്ള അവകാശത്തെ നേരത്തെ ഉണ്ടായിരുന്ന നിലയിലേക്ക് എത്തിക്കണം. പ്രത്യേകിച്ചും ആകസ്മിക അവധി സംബന്ധിച്ച് മാറ്റങ്ങളും മുന്‍കൂര്‍ നോട്ടീസ് സംബന്ധിച്ച വകുപ്പും.
വ്യവസായ സ്ഥാപനങ്ങള്‍ കൂട്ടുന്നതിന് ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി വേണ്ടുന്നത് സംബന്ധിച്ച മാനദണ്ഡം പഴയതുപോലെ നൂറു തൊഴിലാളികള്‍ എന്നാക്കണം. പരമാവധി മനുഷ്യര്‍ക്ക് ജോലി സുരക്ഷയും സാമൂഹ്യക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ട്.
ഗിഗ്, പ്ലാറ്റ്‌ഫോം, കോണ്‍ട്രാക്ട് തൊഴിലാളികളെ കൂടി നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ കഴിയുന്ന തരത്തിലേക്ക് സോഷ്യല്‍ സെക്യൂരിറ്റി കോഡ് പരിഷ്‌കരിക്കണം. ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുകയും ഡോക്കുമെന്റേഷന് ഇതര മാര്‍ഗങ്ങള്‍ അനുവദിക്കുകയും വേണം.
ഒക്ക്യുപ്പേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ് കണ്ടീഷന്‍സ് കോഡ് പരിഷ്‌കരിച്ച് ഇത്തരം കാര്യങ്ങളില്‍ വ്യവസായശാലകള്‍ സ്വയം സാക്ഷ്യപ്പെടുത്തി മുന്നോട്ടുപോകുന്ന സംവിധാനം മാറ്റി കൃത്യമായ ഗവണ്‍മെന്റ് ഇന്‍സ്‌പെക്ഷന്‍ നിര്‍ബന്ധമാക്കണം.
മറ്റൊന്ന് നാഷണല്‍ ഫ്‌ളോര്‍ വേജ്, ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാന്‍ ആവശ്യമായ കൂലി എന്ന തരത്തില്‍ പുനര്‍നിര്‍വചിക്കണം. അക്കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ അതിന് സുതാര്യമായ ചര്‍ച്ചകളും കൂടിയാലോചനകളും ഉള്‍പ്പെടുന്ന, വിലക്കയറ്റവും ജീവിതചലവും പരിഗണിക്കുന്ന ഒരു സംവിധാനം വേണം.
തൊഴിലാളി വര്‍ഗത്തിന്റെ തിരിച്ചുവരവ്
1886 മെയ് മാസം ഒന്നാം തീയതി ചിക്കാഗോയില്‍ തൊഴിലാളികള്‍ എട്ടുമണിക്കൂര്‍ ജോലി സമയം എന്ന ആവശ്യം ഉന്നയിച്ചു നടത്തിയ മാര്‍ച്ചിന്റെ തുടര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ സംഭവങ്ങളുടെ ഓര്‍മയിലാണ് നമ്മള്‍ അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.
140 വര്‍ഷങ്ങള്‍ക്കിപ്പുറം നോയിഡയിലെ തൊഴിലാളികള്‍ എട്ടുമണിക്കൂര്‍ ജോലി സമയവും, മിനിമം കൂലിയും, സംഘടിക്കാനുള്ള അവകാശവും നേടിയെടുക്കുന്നതിന് വേണ്ടി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.
ചരിത്രപരമായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത അവകാശങ്ങള്‍ ഒരിക്കലും എന്നും നഷ്ടപ്പെടാതെ നിലനില്‍ക്കുന്നവയല്ല എന്ന തിരിച്ചറിവിലേക്കാണ് ഇത് നമ്മളെ നയിക്കുന്നത്. ഓരോ തലമുറയും പ്രതിരോധങ്ങളിലൂടെ നിലനിര്‍ത്തേണ്ടവയാണ് ആ അവകാശങ്ങള്‍.
പ്രതിരോധിക്കാന്‍ ശക്തിയില്ലാത്ത മനുഷ്യര്‍ക്കുമേല്‍, പരമാവധി ഉത്പാദന ചെലവുകള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള മൂലധന ശക്തികളുടെ നിരന്തരശ്രമത്തിനെതിരെ നിതാന്ത ജാഗ്രത ആവശ്യമാണ്.
ഇപ്പോള്‍ നടക്കുന്ന തൊഴില്‍ സമരങ്ങള്‍, അടിസ്ഥാനപരമായി ഇന്ത്യന്‍ ഭരണകൂടത്തോട് ഉന്നയിക്കുന്ന ചോദ്യം ഇതാണ്.
”നമ്മള്‍ എന്തു തരം ജനാധിപത്യ സംവിധാനമാണ്? തുല്യ മൂല്യമുള്ള വോട്ടുകള്‍ ഉണ്ടായിരിക്കുകയും, എന്നാല്‍ അതോടൊപ്പം പുതിയ ലേബര്‍ നിയമങ്ങള്‍ സ്ഥാപനവത്കരിക്കുന്ന അതിഭീകരമായ സാമ്പത്തിക സാമൂഹിക അസമത്വങ്ങളെ ശാശ്വതീകരിക്കുകയും ചെയ്യുന്ന സംവിധാനമാണോ? അതോ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തില്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു അനുഭവമായി മാറുന്ന അംബേദ്കര്‍ വിഭാവനം ചെയ്യുകയും ഭരണഘടന സ്വാംശീകരിക്കുകയും ചെയ്ത സാമൂഹ്യ ജനാധിപത്യമാണോ?”
അതിനുത്തരം പറയേണ്ടത് ഭരണവര്‍ഗമാണ്. പ്രതീകാത്മകമായ വേതന വര്‍ധനവിലൂടെയോ, മനുഷ്യരുടെ കണ്ണില്‍ പൊടിയിടുന്ന നാമമാത്രമായ പരിഷ്‌കാരങ്ങളിലൂടെയോ അതിനു മറുപടി പറയാനാവില്ല.
ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ നിഷേധിക്കപ്പെട്ട മനുഷ്യര്‍ തെരുവുകളില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങും. രാഷ്ട്രീയ ചക്രവാളത്തില്‍ അംബേദ്കറുടെ മുന്നറിയിപ്പ് തന്നെയാണ് മുഴങ്ങുന്നത്.
‘1950 ജനുവരി 26ാം തീയതി നമ്മള്‍ വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്കാണ് നടന്നു കയറുന്നത്.രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത ഉണ്ടാവും, എന്നാല്‍ സാമൂഹിക സാമ്പത്തിക ജീവിതം അസമത്വം നിറഞ്ഞതായിരിക്കും… സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ സമത്വം നിഷേധിക്കുന്നത് എത്ര കാലം നമ്മള്‍ തുടരും? ദീര്‍ഘകാലം നമ്മള്‍ അത് നിഷേധിക്കുന്നത്, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കും.”
76 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, അംബേദ്കര്‍ ആശങ്കയോടെ കണ്ട വൈരുദ്ധ്യത്തിന്റെ ആഴം കൂടിയിട്ടേയുള്ളൂ. അദ്ദേഹം മുന്നറിയിപ്പ് തന്ന അപകടം വെറും ഊഹാപോഹമല്ല. നോയിഡയിലെ തെരുവുകളില്‍ ഒഴുകിയെത്തുന്ന പ്രതിരോധത്തിന്റെ നീര്‍ച്ചാലുകളില്‍, ഹതാശരായ മനുഷ്യരുടെ നിശബ്ദതയില്‍, നമുക്കതിന്റെ കടലിരമ്പം കേള്‍ക്കാം.
Content Highlight: P.B. Jijeesh writes about the Noida strike and the workers