ലണ്ടന്‍: ഇസ്രഈലിനെ വംശഹത്യക്ക് ഉത്തരവാദികളായ വര്‍ണവിവേചന രാഷ്ട്രമെന്ന് മുദ്രകുത്തി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി യൂണിയന്‍. പ്രമേയം ഭൂരിപക്ഷ വോട്ടുകള്‍ നേടിയതോടെയാണ് യൂണിയന്‍ പ്രസിഡന്റ് ഇസ്രഈലിനെതിരായ പ്രഖ്യാപനം നടത്തിയത്.
278 പേരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 59 അംഗങ്ങള്‍ പ്രമേയത്തെ തള്ളുകയും ചെയ്തു. പ്രമേയവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റിയില്‍ വ്യാഴാഴ്ച സംവാദം നടന്നിരുന്നു.
സംവാദത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാക്കുതര്‍ക്കം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംവാദത്തിനിടെ യൂണിയന്‍ പ്രതിപക്ഷ സ്പീക്കറായ യോസെഫ് ഹദ്ദാദിനോട് ചേംബര്‍ വിടാന്‍ യൂണിയന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
കടുത്ത ഇസ്രഈല്‍ അനുകൂലി കൂടിയാണ് യോസെഫ്. ‘നിങ്ങളുടെ തീവ്രവാദിയായ തലവന്‍ മരിച്ചു’ എന്ന അടികുറിപ്പോട് കൂടിയായ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ ചിത്രം സഹിതമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് യോസെഫ് സംവാദത്തിനെത്തിയത്.
സംവാദം മുറുകിയ സമയം യോസെഫിനെതിരെ ആക്രോശിച്ച് ഒരു ഫലസ്തീന്‍ വിദ്യാര്‍ത്ഥി ചേംബറില്‍ പ്രതികരിക്കുകയുണ്ടായി. യോസേഫിന്റെ മുഖത്ത് നോക്കി അപമാനം തോന്നുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിക്ക് നേരെ യോസേഫ് പോസ്റ്റര്‍ വീശുകയായിരുന്നു.
ഇതിനുപിന്നാലെയാണ് ഇയാളെ യൂണിയന്‍ പ്രസിഡന്റ് ചേംബറില്‍ നിന്ന് പുറത്താക്കിയത്. ഗസയിലെ ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ മൈസറ അല്‍ റയീസിന്റെ ബന്ധുവാണ് പ്രതികരിച്ച വിദ്യാര്‍ത്ഥി.
യോസേഫിന് പുറമെ പ്രതിപക്ഷ നിരയില്‍ നിന്ന് മൊസാബ് ഹസന്‍ യൂസഫ് നടത്തിയ പ്രസംഗവും അവസാനിച്ചത് വാക്കുതര്‍ക്കത്തിലാണ്. യൂണിയനിലെ ഭൂരിഭാഗം പ്രതിനിധികളും തീവ്രവാദികളെന്ന് യൂസഫ് പറഞ്ഞതോടെയാണ് സംവാദം വീണ്ടും വാക്കുതര്‍ക്കത്തിലെത്തിയത്. ഓക്‌സ്‌ഫോര്‍ഡ് യൂണിയനെ മുസ്‌ലിങ്ങൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും യൂസഫ് വിദ്വേഷ പരാമര്‍ശം നടത്തി.
അതേസമയം ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചതിന് ശേഷം ഫലസ്തീന്‍ കവിയും ആക്ടിവിസ്റ്റുമായ മുഹമ്മദ് എല്‍ കുര്‍ദ് ചേംബര്‍ വിടുകയും ചെയ്തു.
ഒക്ടോബര്‍ ഏഴില്‍ തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ ‘ഹീറോയിക്’ എന്ന് വിശേഷിപ്പിച്ച ഇസ്രഈലി-അമേരിക്കന്‍ എഴുത്തുകാരനായ മിക്കോ പെലേഡിനെതിരെ ഇസ്രഈല്‍ അനുകൂലികള്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് യൂണിയന്‍ പ്രസിഡന്റായ ഇബ്രാഹിം ഒസ്മാന്‍-മൊവാഫി നടത്തിയ പരാമര്‍ശവും ശ്രദ്ധേയമാകുകയായിരുന്നു. ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങളെ അദ്ദേഹം വംശഹത്യ എന്നാണ് നിര്‍വചിച്ചത്. ഗസയില്‍ ജീവനോടെ ഇസ്രഈല്‍ കൊലപ്പെടുത്തിയ ഷബാല്‍ അല്‍ ദലൂമിന്റെ മരണം ഉദ്ധരിച്ചായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.