നായയോട് വീണ്ടും ക്രൂരത,സ്‌കൂട്ടറില്‍ കിലോമീറ്ററുകളോളം കെട്ടിവലിച്ച് ഉടമസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

വളര്‍ത്തുനായക്ക് നേരെ വീണ്ടും ക്രൂരത. മലപ്പുറം എടക്കരയില്‍ വളര്‍ത്തുനായയെ വാഹനത്തില്‍ കെട്ടിവലിച്ചു. ഉടമസ്ഥന്‍ തന്നെയാണ് നായയെ കിലോമീറ്ററുകളോളം സ്‌കൂട്ടറില്‍ കെട്ടിവലിച്ച് കൊണ്ടുപോയത്.

തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വകവെയ്ക്കാതെ യാത്ര തുടരുകയായിരുന്നു. മൂന്ന് കിലോമീറ്ററോളമാണ് ഇയാള്‍ നായയെ കെട്ടിവലിച്ച് കൊണ്ടുപോയത്. നായ വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച് നശിപ്പിക്കുകയാണെന്നും അതിനാല്‍ ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നുമാണ്
ഇയാള്‍ പറഞ്ഞത്.

കുറച്ച് ദൂരം കുറഞ്ഞ വേഗതയില്‍ പോയ ഇയാള്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതോടെ സ്പീഡ് കൂട്ടുകയായിരുന്നു. നായക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ പരാതികള്‍ വന്നിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരിലും സമാനമായ സംഭവം നടന്നിരുന്നു. കാറിന് പുറകില്‍ നായയെ കെട്ടിവലിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഇതേ തുടര്‍ന്ന് ഉണ്ടായിരുന്നത്. ഇപ്പോള്‍ എടക്കരയിലെ സംഭവത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.