ലഹരിമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് തുറന്നകത്തെഴുതി ഹൃത്വിക് റോഷന്‍
national news
ലഹരിമരുന്ന് കേസ്: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന് തുറന്നകത്തെഴുതി ഹൃത്വിക് റോഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th October 2021, 3:09 pm

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹൃത്വിക് റോഷന്‍.

ആര്യന്‍ ഖാന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വികിന്റെ കുറിപ്പ്.

” കുട്ടിയായിരിക്കുമ്പോഴും എനിക്ക് നിന്നെ അറിയാം, മുതിര്‍ന്ന വ്യക്തിയായപ്പോഴും അറിയാം. എല്ലാം ഉള്‍ക്കൊള്ളുക. അനുഭവിക്കുന്നതൊക്കെ നീ ഉള്‍ക്കൊള്ളുക. അത് നിനക്ക് ലഭിക്കുന്ന സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ. ഒരു സമയത്ത് ആ കുത്തുകളൊക്കെ യോജിപ്പിക്കുമ്പോള്‍ നിനക്കൊരു അര്‍ത്ഥം കിട്ടും,” ഇന്‍സ്റ്റഗ്രാമിലെ കുറിപ്പില്‍ അദ്ദേഹം എഴുതി.

ദേഷ്യവും, ആശയക്കുഴപ്പവും, നിസ്സഹായതയുമൊക്കെ ചേര്‍ന്നുവേണം ആര്യന്റെ ഉള്ളിലെ ഹീറോ പുറത്തുവരാനെന്നും അദ്ദേഹം എഴുതി. ‘ലവ് യൂ മാന്‍ ‘ എന്നുപറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ, ഷാരൂഖ് ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു.

മകന്റെ അറസ്റ്റില്‍ ഷാരൂഖ് ഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് തരൂര്‍ പറഞ്ഞത്.

താന്‍ ലഹരിമരുന്നിന്റെ ആരാധകനല്ലെന്നും ഒരിക്കലും അത്തരത്തുലുള്ളവ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ ആര്യന്‍ ഖാന്റെ അറസ്റ്റില്‍ ഷാരൂഖാനെ വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.

അതേസമയം, ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.

ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 133000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: “Own It”: Hrithik Roshan’s Note To Aryan Khan