ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കുമെന്ന് ഒവൈസി
India
ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കുമെന്ന് ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th September 2025, 1:24 pm

ഹൈദരാബാദ്: പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ബി. സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണയറിയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഒവൈസി എക്സിലൂടെ അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കാന്‍ അഭ്യര്‍ത്ഥിച്ചതായി ഒവൈസി പറഞ്ഞു. പിന്നാലെ ഒരു ഹൈദരാബാദിയും ബഹുമാന്യനായ ജസ്റ്റിസുമായ സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുദര്‍ശന്‍ റെഡ്ഡിയുമായി സംസാരിച്ചതായും ആശംസകള്‍ അറിയിച്ചതായും ഒവൈസി പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിന് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.

മമതാ ബാനര്‍ജിയാണ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് നിര്‍ദേശിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സി.പി. രാധാകൃഷ്ണനെയാണ് സുദര്‍ശന്‍ റെഡ്ഡി നേരിടുക.

ഹൈദരാബാദ് സ്വദേശി ആയിരുന്നിട്ടുകൂടി സുദര്‍ശന്‍ റെഡ്ഡിക്ക് തെലങ്കാനയില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നും വലിയ പിന്തുണ നേടാനായിട്ടില്ല. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍സി.പിയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് പാര്‍ട്ടിയും സി.പി. രാധാകൃഷ്ണനാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനുമെതിരെ വിമര്‍ശനമുയര്‍ത്തി ബി.ആര്‍.എസും രംഗത്തെത്തിയിരുന്നു. നിലവില്‍ ആര്‍ക്കും തന്നെ ബി.ആര്‍.എസ് പിന്തുണ നല്‍കിയിട്ടില്ല.

അതേസമയം തമിഴ്‌നാട് സ്വദേശിയും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ സി.പി. രാധാകൃഷ്ണന് പിന്തുണ നല്‍കില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കിയിരുന്നു. തമിഴനാണെങ്കിലും പ്രത്യയശാസ്ത്രത്തിനാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിഎം.കെ നിലപാട് അറിയിച്ചത്. എന്നാല്‍ എ.ഐ.എ.ഡി.എം.കെ രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ രാജിവെച്ചതിന് പിന്നാലെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21ന് അപ്രതീക്ഷിതമായാണ് ധന്‍ഖര്‍ രാജി പ്രഖ്യാപിക്കിക്കുന്നത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

Content Highlight: Owaisi says he will support Sudarshan Reddy for the post of Vice President