ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ചാവേറായിരുന്ന ഉമര്‍ നബിയുടെ വീഡിയോയ്‌ക്കെതിരെ എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി എം.പി.
ചാവേര്‍ ആക്രമണത്തെ ന്യായീകരിക്കുന്നതും രക്തസാക്ഷിത്വമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണ് വീഡിയോയെന്ന് ഹൈദരാബാദ് എം.പി കൂടിയായ ഉവൈസി വിമര്‍ശിച്ചു. ഇസ്‌ലാമില്‍ ആത്മഹത്യ ഹറാമാണെന്നും നിരപരാധികളെ കൊല്ലുന്നത് ഗുരുതര പാപമാണെന്നും ഉവൈസി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘ഇസ്‌ലാമില്‍ ആത്മഹത്യ ഹറാമാണ്, നിരപരാധികളെ കൊല്ലുന്നത് ഗുരുതരമായ പാപവും. അത്തരം പ്രവൃത്തികള്‍ രാജ്യത്തെ നിയമത്തിന് എതിരുമാണ്. അവ ഒരു തരത്തിലും ‘തെറ്റിദ്ധരിക്കപ്പെടുന്നില്ല’. ഇത് തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല,’ ഉവൈസി കുറിച്ചു.
കൂടാതെ, ചെങ്കോട്ട സ്‌ഫോടനത്തില്‍ കശ്മീര്‍ സ്വദേശികളുടെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുമ്പത്തെ അവകാശ വാദങ്ങളെയും ഉവൈസി ചോദ്യം ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍, മഹാദേവ് എന്നിവയുടെ സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത് കശ്മീര്‍ പ്രദേശത്ത് നിന്നും കഴിഞ്ഞ ആറ് മാസത്തിനിടെ ഒരാള്‍ പോലും ഭീകര സംഘടനകളില്‍ ചേര്‍ന്നിട്ടില്ലെന്നാണ്, പാര്‍ലമെന്റിലാണ് ഉറപ്പ് നല്‍കിയത്.
അങ്ങനെയെങ്കില്‍ ഇപ്പോള്‍ അറസ്റ്റിലായ സംഘം എവിടെ നിന്നും വന്നതാണെന്നും ഈ സംഘത്തെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതില്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു.
ദല്‍ഹി സ്‌ഫോടനക്കേസിലെ പ്രതിയായ ഉമര്‍ നബി ചാവേര്‍ ബോംബാക്രമണത്തെ ‘രക്തസാക്ഷിത്വം’ ആയി ന്യായീകരിക്കുന്നതിന്റെയും അത് ‘തെറ്റിദ്ധരിക്കപ്പെടുന്നു’ എന്നും പറയുന്നതിന്റെയും തീയതി വ്യക്തമാക്കാത്ത വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
ഇസ്‌ലാമില്‍ ആത്മഹത്യ ഹറാമാണ്, നിരപരാധികളെ കൊല്ലുന്നത് ഗുരുതരമായ പാപവും. അത്തരം പ്രവൃത്തികള്‍ രാജ്യത്തെ നിയമത്തിന് എതിരുമാണ്. അവ ഒരു തരത്തിലും ‘തെറ്റിദ്ധരിക്കപ്പെടുന്നില്ല’. ഇത് തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കശ്മീരിയും ഭീകര സംഘടനകളില്‍ ചേര്‍ന്നിട്ടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂരത്തിന്റെയും മഹാദേവിന്റെയും സമയത്ത് അമിത് ഷാ പാര്‍ലമെന്റിന് ഉറപ്പ് നല്‍കിയിരുന്നു. അപ്പോള്‍ ഈ സംഘം എവിടെ നിന്നാണ് വന്നത്? ഈ സംഘത്തെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിന് ആരാണ് ഉത്തരവാദി?
അതേസമയം, കഴിഞ്ഞദിവസം പുറത്തെത്തിയ ഉമര്‍ നബിയുടെ വീഡിയോയില്‍ ചാവേറാക്രമണങ്ങളെ ന്യായീകരിക്കുന്നുണ്ട്. ചാവേര്‍ ബോംബാക്രമണത്തെ കുറിച്ച് വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ ഇതൊരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നും ലോകം ചാവേര്‍ ബോംബിങ് എന്ന് വിളിക്കുന്നതിനെ ബോധപൂര്‍വമായ ദൗത്യമാണെന്നും ഉമര്‍ നബി പറഞ്ഞിരുന്നു.
ഒരു നിശ്ചിത സമയത്ത് ഒരു നിശ്ചിത സ്ഥലത്ത് താന്‍ മരിക്കുമെന്ന പൂര്‍ണ്ണ ഉറപ്പോടെ ഒരാള്‍ നടത്തുന്ന പ്രവൃത്തിയാണിത്. അതുകൊണ്ടുതന്നെ ഇതൊരു പരിശുദ്ധമായ ദൗത്യമാണെന്നും ഉമര്‍ നബി ഇംഗ്ലീഷില്‍ ചിത്രീകരിച്ച വീഡിയോയില്‍ പറയുന്നു.
ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തുന്നതിന് തൊട്ടുമുമ്പായാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഭീകരസംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനായി ചിത്രീകരിച്ചതാണ് വീഡിയോയെന്ന നിഗമനവുമുണ്ട്.
ഉമര്‍ നബിയുടെ സഹോദരനില്‍ നിന്നാണ് ഈ വീഡിയോ അടങ്ങിയ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. അഴുക്കുചാലില്‍ ഉപേക്ഷിച്ച ഫോണ്‍ ഏറെ നേരത്തെ തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Content Highlight: This is not martyrdom, this is suicide, forbidden by Islam; Killing innocent people is a sin; Owaisi’s reply to Umar Nabi