പാട്‌ന: ബീഹാറിലെ എന്‍.ഡി.എ സര്‍ക്കാരിന് പിന്തുണ വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഒവൈസി. ബീഹാറില്‍ തീവ്രവാദം വളര്‍ത്താതിരുന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് പിന്തുണ നല്‍കുമെന്ന് ഒവൈസി പറഞ്ഞു.
രണ്ട് ദിവസത്തെ പര്യടനത്തിനായി ബീഹാറിലെത്തിയ ഒവൈസി ഒരു പൊതുപരിപാടിയെ അഭിസംബന്ധന ചെയ്ത് സംസാരിക്കുകയായിരുന്നു.
#WATCH | AIMIM Chief Asaduddin Owaisi says, “…Nitish Kumar’s government is in Patna. The people of Bihar have given him authority. We will offer him our full support, provided he does justice to the people of Seemanchal and does not allow extremism to grow here. And when… pic.twitter.com/6Dtj5cHwN4
മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിനെ നിതീഷ് കുമാര്‍ പരിഗണിക്കണമെന്നും വര്‍ഗീയതയെ അകറ്റി നിര്‍ത്തണമെന്നും ഒവൈസി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ നിറവേറ്റിയാല്‍ ബീഹാര്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് ഒവൈസിയുടെ വാഗ്ദാനം.
‘മുസ്‌ലിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല എ.ഐ.എം.ഐ.എം പ്രവര്‍ത്തിക്കുന്നത്. നീതി തേടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല, ദളിതരും ആദിവാസികളും കൂടുതലുള്ള സീമാഞ്ചലില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടിയാണ്. ബീഹാറിലെ മുന്‍ സര്‍ക്കാരുകള്‍ പാട്‌നയ്ക്കും രാജ്ഗിറിനും അമിതമായ ശ്രദ്ധയാണ് നല്‍കുന്നത്. എന്നാല്‍ അവഗണിക്കപ്പെട്ട സീമാഞ്ചലിനെ ബീഹാറിലെ പുതിയ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ഒവൈസി പറഞ്ഞു.
2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എം വിജയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്ത്യാ മുന്നണിയുമായി സഖ്യം ചേര്‍ന്ന് ബീഹാറില്‍ മത്സരിക്കാനുള്ള ശ്രമങ്ങള്‍ ഒവൈസി നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യാ സഖ്യം ഒവൈസിയുടെ ആവശ്യം നിഷ്‌കരുണം തള്ളുകയായിരുന്നു.
സീമാഞ്ചലിലെ 24 മണ്ഡലങ്ങളില്‍ 14 എണ്ണത്തിലും ഇത്തവണ എന്‍.ഡി.എയാണ് വിജയിച്ചത്. 2020ലെ ഫലം ആവര്‍ത്തിച്ച എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളും നേടി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച നാല് എം.എല്‍.എമാര്‍ കൂറുമാറി ആര്‍.ജെ.ഡിയില്‍ ചേര്‍ന്നിരുന്നു.
Content Highlight: Owaisi promises support to Nitish Kumar