ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കൽ: എം.എ. നിഷാദ്
Kerala
ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കൽ: എം.എ. നിഷാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 6:07 pm

കോഴിക്കോട്: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസിയും മാധ്യമപ്രവർത്തകൻ സി. ദാവൂദും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ അന്യവത്ക്കരിക്കപ്പെടാന്‍ അഹോരാത്രം പണിയെടുക്കുന്നവരെന്ന് സംവിധായകന്‍ എം.എ. നിഷാദ്. ഒരാള്‍ പാര്‍ലമെന്റില്‍ ഇരുന്നും മറ്റെയാള്‍ ഒരു ചാനലിന്റെ ഇരുട്ട് മുറിയിലിരുന്നും ആ പണി അഭംഗുരം തുടരുകയാണെന്നും നിഷാദ് വിമര്‍ശിച്ചു.

മുസ്‌ലിം സമുദായത്തെ ഉന്നമനത്തിലേക്ക് നയിക്കുക എന്നതല്ല ഉവൈസിയുടെയും ദാവൂദിന്റെയും ലക്ഷ്യം. മറിച്ച് ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് കളമൊരുക്കലാണെന്നും നിഷാദ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് നിഷാദ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഉവൈസി എന്നും ബി.ജെ.പിയുടെ സ്ലീപ്പിങ് സെല്‍ പ്രമാണിയാണ്. അതിനുദാഹരണം, തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ഇടങ്ങളിലെ ഉവൈസിയുടെ സ്ഥാനാര്‍ത്ഥികളാണ്. ന്യൂനപക്ഷ വോട്ടുകളില്‍ വിളളലുണ്ടാക്കി അതുവഴി ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന തന്ത്രം ഉത്തരേന്ത്യയില്‍ ഫലപ്രദമാണെന്നും എം.എ. നിഷാദ് ചൂണ്ടിക്കാട്ടി.

വര്‍ത്തമാന രാഷ്ട്രീയത്തില്‍ ഉവൈസിയെ പ്രോത്സാഹിപ്പിക്കുക എന്നുളളത് ബി.ജെ.പിയുടെ അജണ്ടയും തന്ത്രവുമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പിലും ഉവൈസി ഫാക്റ്റര്‍ വര്‍ക്കായി എന്നുളളത് വിസ്മരിക്കാന്‍ പാടില്ലെന്നും നിഷാദ് പറയുന്നു.

ഉത്തരേന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിൽ ഏറിയ പങ്കും നിരക്ഷരരാണ്. ദരിദ്രരായ അവരില്‍ പലര്‍ക്കും മുഖ്യധാരയിലേക്ക് വരാന്‍ കഴിയാത്തത് ഉവൈസിയെ പോലുളളവരുടെ ഇടപെടലുകള്‍ കൊണ്ടാണ്. ഇത്തരത്തില്‍ ആജ്ഞാനുവര്‍ത്തികളായി ഒരു പറ്റം ജനങ്ങളെ സൃഷ്ടിക്കുക വഴി ഉവൈസി അയാളുടെ രാഷ്ട്രീയവും സാമ്രാജ്യവും കെട്ടിപൊക്കുകയാണെന്നും നിഷാദ് ചൂണ്ടിക്കാട്ടി.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ശ്രമിച്ച, ഉവൈസിയെ കണ്ടം വഴി ഓടിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരായ ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉവൈസി വന്നാല്‍ നഷ്ടം തങ്ങള്‍ക്കാണെന്ന് ഏറ്റവും ബോധ്യമുളളവര്‍ ലീഗുകാരാണ്. അതുകൊണ്ട് തന്നെ ഉവൈസിയെ കേരളത്തില്‍ കാലുകുത്തിക്കാന്‍ ലീഗ് സമ്മതിക്കില്ലെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിം ന്യൂനപക്ഷത്തിന് വേണ്ടി ഉവൈസി ഒഴുക്കുന്നത് മുതല കണ്ണീരാണെന്ന് ജനം തിരിച്ചറിയുന്ന കാലം വിദൂരമല്ല. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമുദായത്തെ അയാള്‍ ഇരുട്ടില്‍ നിര്‍ത്തുകയാണ്,’ നിഷാദ് കുറിച്ചു.

സി. ദാവൂദിനെതിരെയും നിഷാദ് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ദാവൂദിന് ‘കേരള മോഡല്‍ ഉവൈസി ലൈറ്റ്’ എന്ന വിശേഷണമാണ് നിഷാദ് നല്‍കുന്നത്.

ദാവൂദിന് എല്ലാം മതമാണെന്നും ജൈവ കൃഷിയില്‍ ഏര്‍പ്പെടണമെന്ന സര്‍ക്കാരിന്റെ പരിപാടിയില്‍ പോലും മതം പറയുന്ന ദാവൂദ് യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും നിഷാദ് ചോദിക്കുന്നു. ദാവൂദിയന്‍ ജല്‍പ്പനങ്ങള്‍ ഏറ്റ് പിടിക്കാതിരിക്കാന്‍ ലീഗുകാരും കോണ്‍ഗ്രസും ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്ധമായ ഇടതുപക്ഷ വിരോധം ഉളളില്‍ പേറി നടക്കുന്ന ദാവൂദ്, ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയാണ്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന ഇക്കൂട്ടര്‍ നാടിന്റെ ഐക്യവും സമാധാനവും കെടുത്താന്‍, ആരുടെയൊക്കെയോ കൈയില്‍ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടെന്ന് സംശയിച്ചാല്‍ സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും നിഷാദ് പറഞ്ഞു.

Content Highlight: Owaisi and C. Dawood’s aim is to pave the way for fascists to spread Islamophobia: M.A. Nishad