India
ഇന്ത്യ ഇസ്രഈലിലേക്ക് അയച്ചത് 20000 തൊഴിലാളികളെ; ഒരാള്‍ കൊല്ലപ്പെട്ടു: പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രാലയം
ന്യൂദല്‍ഹി: 2025 ജൂലൈ 1 വരെ ഇന്ത്യ ഇസ്രഈലിലേക്ക് അയച്ചത് 6,774 നിര്‍മാണ തൊഴിലാളികളെ. നിലവില്‍ 20,000-ത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രഈലില്‍ വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു.
2023 നവംബറില്‍ ഒപ്പുവച്ച ഉഭയകക്ഷി കരാര്‍ പ്രകാരമാണ് തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നത്. ഇതില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടതായും വിവിധ റോക്കറ്റ് ആക്രമണങ്ങളില്‍ നാലിലേറെ പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ പറഞ്ഞു.
2023 ഒക്ടോബറില്‍ ഇസ്രഈല്‍ ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ഇസ്രഈലിലേക്ക് എത്ര തൊഴിലാളികളെ റിക്രൂട്ട് ചെയ്തു എന്ന ചോദ്യത്തിനായിരുന്നു രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് മറുപടി പറഞ്ഞത്.
2024 മാര്‍ച്ചില്‍ ലെബനനില്‍ നിന്നുള്ള ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ കര്‍ഷകത്തൊഴിലാളി കൊല്ലപ്പെട്ടെന്നും സിങ് പറഞ്ഞു.
ഇസ്രഈലിലെ ഇന്ത്യന്‍ സമൂഹവുമായി തങ്ങളുടെ എംബസി പതിവായി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇസ്രഈലിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ പതിവായി കോണ്‍സുലാര്‍ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ക്കും, 2024 മാര്‍ച്ചില്‍ ലെബനനില്‍ നിന്നുള്ള ആക്രമണത്തില്‍ രണ്ട് പേര്‍ക്കും പരിക്കേറ്റു,’ മന്ത്രി പറഞ്ഞു.
ഇസ്രഈലിലേക്ക് വിവിധ തൊഴിലുകള്‍ക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 2022ലാണ് ഇന്ത്യയും ഇസ്രഈലും തമ്മില്‍ ഒരു ഉഭയകക്ഷി കരാറില്‍ എത്തിയതെന്നും മന്ത്രി പറഞ്ഞു.
‘കരാര്‍ പ്രകാരം, 2025 ജൂലൈ 1 വരെ 6,774 ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രഈലിലേക്ക് ജോലിക്കായി അയച്ചു. ഇതില്‍ നിര്‍മ്മാണ മേഖലയില്‍ 6,730 ഇന്ത്യന്‍ പൗരന്മാരും സഹായികളായി 44 ഇന്ത്യന്‍ പൗരന്മാരും ജോലി ചെയ്യുന്നു.
ഇസ്രഈലിന്റെ ആവശ്യപ്രകാരമാണ് തൊഴിലാളികളെ അയക്കുന്നത്. കൂടാതെ, ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഏകദേശം 7,000 ഇന്ത്യന്‍ പൗരന്മാരെ കെയര്‍ടേക്കേഴ്‌സായി നിയമിച്ചിട്ടുണ്ട്, കൂടാതെ ഏകദേശം 6,400 ഇന്ത്യന്‍ പൗരന്മാരെ നിര്‍മ്മാണ മേഖലയിലും സ്വകാര്യ ചാനലുകള്‍ വഴി നിയമിച്ചിട്ടുണ്ട്. ഇതില്‍ 220 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. ഭാഷാപരമായ പ്രശ്‌നങ്ങളായിരുന്നു ഇതിന് കാരണം,’ സിങ് പറഞ്ഞു.
ഇസ്രഈലിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനും, ഇരകള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഇന്ത്യന്‍ എംബസി ഇസ്രഈല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Content Highlight: Over 20,000 Indian workers currently employed in Israel