ദീപാവലി ആഘോഷത്തില്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ടത് നൂറിലധികം കുട്ടികള്‍ക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ധ്രുവ് റാഠി, വീഡിയോ
India
ദീപാവലി ആഘോഷത്തില്‍ കാഴ്ച്ചശക്തി നഷ്ടപ്പെട്ടത് നൂറിലധികം കുട്ടികള്‍ക്ക്; കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ധ്രുവ് റാഠി, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 8:58 pm

ന്യൂദല്‍ഹി: രാജ്യത്തെ പടക്ക നിര്‍മാണത്തിലും ഉപയോഗത്തിലും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ധ്രുവ് റാഠി. ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തില്‍ നൂറിലധികം കുട്ടികള്‍ക്കാണ് കാഴ്ചശക്തി നഷ്ടപ്പെട്ടതെന്ന് ധ്രുവ് റാഠി പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി രാജ്യത്തുടനീളം പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ ഏതാനും അപകടങ്ങളുടെ വീഡിയോകള്‍ പങ്കുവെച്ചുകൊണ്ടാണ് ധ്രുവ് റാഠിയുടെ പ്രതികരണം.

ദീപാവലി ആഘോഷത്തിനിടെയുണ്ടായ അപകടങ്ങളില്‍ മധ്യപ്രദേശില്‍ മാത്രം 14 കുട്ടികള്‍ക്കാണ് പൂര്‍ണമായും കാഴ്ച്ചശക്തി നഷ്ടമായതെന്ന് ധ്രുവ് റാഠി പറഞ്ഞു.

ബെംഗളൂരില്‍ 130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെല്ലാം കാരണം അനിയന്ത്രിതമായി പടക്കം പൊട്ടിക്കുന്നതാണെന്നും ധ്രുവ് ചൂണ്ടിക്കാട്ടി. ‘കാർബൈഡ് ഗണ്‍’ന്റെ ഉപയോഗം ചൂണ്ടിക്കാട്ടിയാണ് ധ്രുവ് റാഠി രംഗത്തെത്തിയത്.


ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ കാർബൈഡ് ഗണ്ണിന് കൂടുതല്‍ ജനപ്രീതി ലഭിക്കും വിധത്തിലുള്ള വീഡിയോകള്‍ വൈറലാണ്. മറ്റുള്ള പടക്കങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ഗണ്‍ ഉപയോഗിക്കുന്നത് മൂലം വലിയ പൊട്ടിത്തെറികളാണ് ഉണ്ടാകുന്നതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.

ചിലര്‍ ഗ്യാസ് സിലിണ്ടറിന് മുകളില്‍ വെച്ചാണ് പടക്കം പൊട്ടിക്കുന്നതെന്നും ധ്രുവ് റാഠി വീഡിയോയില്‍ പറയുന്നു. തലസ്ഥാന നഗരിയായ ദല്‍ഹിയില്‍ മാത്രം 325 വെടിക്കെട്ട് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലരും അപകടകരമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയാണ് പടക്കം പൊട്ടിക്കുന്നതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.

യാതൊരു നിയന്ത്രണങ്ങളും കൂടാതെയാണ് രാജ്യത്ത് പടക്കം പൊട്ടിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ നടക്കുന്നത്. മാര്‍ക്കറ്റിനാണ് ചിലര്‍ പ്രാധാന്യം നല്‍കുന്നതെന്നും ധ്രുവ് റാഠി വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, ദീപാവലി ആഘോഷത്തിനിടെ കാനഡയില്‍ ഉണ്ടായ തീപിടിത്തത്തിന്റെ വീഡിയോയും ധ്രുവ് റാഠി പങ്കുവെച്ചിട്ടുണ്ട്.

2014നും 2023നും ഇടയില്‍ ഇന്ത്യയില്‍ ഏകദേശം 1489 വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 1469 മരണങ്ങളാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. 571 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

2023ല്‍ മാത്രം 169 വെടിക്കെട്ട് അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായത്. ഇതില്‍ 106 എണ്ണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Over 100 children lose their eyesight during Diwali celebrations; Dhruv Rathee demands strict restrictions