ഇസ്രഈല്‍ ചലച്ചിത്ര കമ്പനികള്‍ ബഹിഷ്‌കരിച്ച് 1300ലധികം സിനിമാ പ്രവര്‍ത്തകര്‍
Trending
ഇസ്രഈല്‍ ചലച്ചിത്ര കമ്പനികള്‍ ബഹിഷ്‌കരിച്ച് 1300ലധികം സിനിമാ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th September 2025, 6:45 pm

വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ പങ്കാളികളായ ഇസ്രഈല്‍ ചലച്ചിത്ര സ്ഥാപനങ്ങളുമായി പ്രവര്‍ത്തിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് 1300ല്‍ അധികം സിനിമാ പ്രവര്‍ത്തകര്‍.

അയോ എഡെബിരി, മാര്‍ക്ക് റുഫാലോ, റിസ് അഹമ്മദ്, ടില്‍ഡ സ്വിന്റണ്‍, ജെയിംസ് വില്‍സണ്‍, ടിങ്കര്‍, ടെയ്ലര്‍, സോള്‍ജിയര്‍ സ്പൈ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇസ്രഈലിനെതിരെ തിങ്കളാഴ്ച പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയില്‍ ഏകദേശം 3000ത്തിലധികം പേരാണ് ഒപ്പുവെച്ചിട്ടുള്ളത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രഈല്‍ ഭീകരതയില്‍ അപലപിച്ചുകൊണ്ടാണ് പ്രസ്താവന.

സിനിമാ സംവിധായകരും അഭിനേതാക്കളും ഉള്‍പ്പെടെയാണ് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യയിലും വര്‍ണവിവേചനത്തിലും ഉള്‍പ്പെട്ടിരിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ല. ഇസ്രഈലുമായി ബന്ധമുള്ള ഫെസ്റ്റിവലുകള്‍, സിനിമാ കേന്ദ്രങ്ങള്‍, നിര്‍മാണ കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും സിനിമാ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

ഇസ്രഈല്‍ ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു വംശഹത്യയെ വെള്ളപൂശാന്‍ തന്റെ ജോലിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബ്രിട്ടീഷ് സിനിമാ നിര്‍മാതാവായ റെബേക്ക ഒബ്രിയന്‍ വ്യക്തമാക്കി.

ഇസ്രഈലുമായി ബന്ധമുള്ള സിനിമാ നിര്‍മാണ-വിതരണ കമ്പനികളില്‍ ഭൂരിഭാഗവും ഫലസ്തീന്‍ ജനതയെയും അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച അവകാശങ്ങളെയും സമ്പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്ന് ഫിലിം വര്‍ക്കേഴ്‌സ് ഫോര്‍ ഫലസ്തീന്‍ പറഞ്ഞു.

ഓസ്‌കര്‍, കാന്‍, എമ്മി, ബാഫ്റ്റ തുടങ്ങിയ അവാര്‍ഡ് ജേതാക്കളും ഇസ്രഈല്‍ വംശഹത്യക്കെതിരെ രംഗത്തുണ്ട്.

ഇതാദ്യമായല്ല ഗസയിലെ വംശഹത്യയില്‍ അന്താരാഷ്ട്ര തലത്തില്‍ സിനിമാ താരങ്ങള്‍ പ്രതികരിക്കുന്നത്. എന്നാല്‍ ഇത്തവണ അഭിനേക്കള്‍ക്കും സംവിധായകര്‍ക്കും പുറമെ എഡിറ്റര്‍മാര്‍ അടക്കമുള്ളവരാണ് ഫലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചിക്കുന്നത്.

വര്‍ണവിവേചനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ അമേരിക്കന്‍ ചലച്ചിത്ര വ്യവസായം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 1987ല്‍ ജോനാഥന്‍ ഡെമ്മേ, മാര്‍ട്ടിന്‍ സ്‌കോര്‍സെസെ തുടങ്ങിയവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിലിം മേക്കേഴ്സ് യുണൈറ്റഡ് എഗെയിന്‍സ്റ്റ് അപ്പാര്‍ത്തീഡ് ആണ് നിലവില്‍ ഇസ്രഈലിനെതിരെ നിലപാട് വ്യക്തമാകാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 72 ഫലസ്തീനികളാണ് ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ ഇതുവരെ 64,718 ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കുറഞ്ഞത് 163,859 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഗസ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Over 1,300 filmmakers boycott Israeli film companies