ഇറ്റലിയില്‍ തെരുവ് കച്ചവടക്കാരനായ ആഫ്രിക്കന്‍ പൗരനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി; പ്രതിഷേധം
World News
ഇറ്റലിയില്‍ തെരുവ് കച്ചവടക്കാരനായ ആഫ്രിക്കന്‍ പൗരനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി; പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st July 2022, 4:34 pm

റോം: ഇറ്റലിയില്‍ തെരുവ് കച്ചവടക്കാരനായ ആഫ്രിക്കന്‍ പൗരനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി.

കുടിയേറ്റക്കാരനായ നൈജീരിയന്‍ പൗരന്‍ അലിക ഒഗോര്‍ചുക്വുവാണ് (Alika Ogorchukwu) ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അക്രമിയായ ഇറ്റാലിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിലിപ്പോ ക്ലോഡിയോ ഗ്യൂസെപ്പെ ഫെര്‍ലാസോ (Filippo Claudio Giuseppe Ferlazzo) എന്ന 32കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒഗോര്‍ചുക്വുവിന്റെ ഫോണും ഇയാള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

അഡ്രിയാറ്റിക് കടല്‍ തീരത്തുള്ള തിരക്കേറിയ ബീച്ച് ടൗണായ സിവിറ്റാനോവ മാര്‍ച്ചെയിലെ (Civitanova Marche) പ്രധാന തെരുവില്‍ സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന 39കാരനായ ഒഗോര്‍ചുക്വുവിനെ അദ്ദേഹത്തിന്റെ തന്നെ ഊന്നുവടി ഉപയോഗിച്ച് അക്രമി അടിച്ചു വീഴ്ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണം കണ്ടുനിന്നവരാണ് വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.

നടപ്പാതയില്‍ അക്രമി ഒഗോര്‍ചുക്വുവിന്റെ പുറത്തുകയറി നില്‍ക്കുന്നതും ഇടിക്കുന്നതുമാണ് വീഡിയോയില്‍ കാണാവുന്നത്. അമേരിക്കയില്‍ പൊലീസിന്റെ ആക്രമണത്തിനിരയായി കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തിന് സമാനമായ ദൃശ്യങ്ങളാണ് ഒഗോര്‍ചുക്വുവിനെ ആക്രമിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇറ്റാലിയന്‍ വാര്‍ത്താ വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയകളിലും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, ആഫ്രിക്കന്‍ പൗരന്റെ മരണത്തില്‍ ഇറ്റലിയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആക്രമണം തടയുന്നതിന് ഇടപെടുക പോലും ചെയ്യാതെ വീഡിയോ ചിത്രീകരിച്ചതിന് നേരെയും വിമര്‍ശനമുയരുന്നുണ്ട്.

ഇറ്റലി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ ആഫ്രിക്കന്‍ പൗരന്റെ മരണം രാജ്യത്ത് ചര്‍ച്ചയായിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വലതുപക്ഷ സഖ്യങ്ങള്‍ ഇറ്റലിയിലേക്കുള്ള കുടിയേറ്റങ്ങള്‍ തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കെയാണ് ആഫ്രിക്കന്‍ പൗരന്റെ മരണം എന്നതും ശ്രദ്ധേയമാണ്.

Content Highlight: Outrage over fatal attack on and death of Nigerian immigrant street vendor in Italy