ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തില്‍; പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ വൈറല്‍
national news
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തില്‍; പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 4:41 pm

ന്യൂദല്‍ഹി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.പിയും മലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

പ്രജ്ഞാസിങ് താക്കൂര്‍ കബഡി കളിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് പങ്കുവെച്ചു.

എപ്പോഴാണ് എന്‍.ഐ.എ കോടതിയില്‍ ഇവരുടെ അടുത്ത ഹിയറിങ്ങെന്ന് ചോദിച്ചാണ് ബി.വി. ശ്രീനിവാസ് വിഡിയോ ട്വീറ്ററില്‍ ഷെയര്‍ ചെയ്തത്.

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രജ്ഞാസിങ് താക്കൂര്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് വിചാരണ സമയത്ത് ഹാജരായിരുന്നില്ല.

ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നും പ്രജ്ഞാസിങ് കോടതിയെ അറിയിച്ചിരുന്നു.

ഇതിനുമുമ്പ് നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രജ്ഞാസിങ് താക്കൂര്‍ നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ഭോപ്പാലില്‍ നിന്ന് മത്സരിച്ചു ജയിച്ച പ്രജ്ഞാസിങ് താക്കൂര്‍ മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : Out on bail on medical grounds, BJP’s Pragya Thakur plays kabaddi