2026 ഐ.സി.സി ടി-20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് ഇനി കേവലം മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണുള്ളത്. കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ കിരീടം തേടിയെത്തുന്ന ന്യൂസിലാന്‍ഡിനെ നേരിടും.
അഹമ്മദാബാദിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്. ഇത് ആരാധകര്‍ക്കുണ്ടാക്കുന്ന ആശങ്കകള്‍ ചില്ലറയല്ല.
വിവിധ മള്‍ട്ടിനാഷണല്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ ഒടുവില്‍ കളിച്ച 40 മത്സരത്തില്‍ 38ലും വിജയം സ്വന്തമാക്കിയിരുന്നു. പരാജയപ്പെട്ടത് കേവലം രണ്ടെണ്ണത്തില്‍ മാത്രം. ഈ രണ്ട് മത്സരത്തിനും വേദിയായത് ഇതേ അഹമ്മദാബാദും.
2023 ഏകദിന ലോകകപ്പ് ഫൈനലിലാണ് ഇതിലെ ആദ്യ പരാജയം ഇന്ത്യയെ തേടിയെത്തിയത്. സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കിരീടമുയര്‍ത്താമെന്ന ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ പാറ്റ് കമ്മിന്‍സ് എന്ന നായകന് മുമ്പില്‍ തകര്‍ന്നടിഞ്ഞു. ട്രാവിസ് ഹെഡ് എന്ന മീശക്കാരന്റെ സെഞ്ച്വറിക്ക് മുമ്പില്‍ കേവലം അഹമ്മദാബാദ് മാത്രമല്ല, നൂറ് കോടിയലധികം വരുന്ന ആരാധകരും ഇന്ത്യയെന്ന ക്രിക്കറ്റിങ് നേഷനും സൈലന്‍സ് ചെയ്യപ്പെട്ടു.
107 പന്ത് നേരിട്ട് 66 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. 63 പന്തില്‍ 54 റണ്‍സടിച്ച വിരാട് കോഹ്ലിയുടെ ഇന്നിങ്സും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിക്ക് മുമ്പില്‍ പൊരുതാന്‍ പോലുമാകാതെ തോല്‍വി സമ്മതിച്ചു. 120 പന്ത് നേരിട്ട് 137 റണ്‍സുമായാണ് ഹെഡ് മടങ്ങിയത്.
ആറാം ലോകകപ്പ് കിരീടവുമായി ഓസ്‌ട്രേലിയ
മാര്‍നസ് ലബുഷാന്റെ അര്‍ധ സെഞ്ച്വറിയും (58*) ഓസ്ട്രേലിയയെ ആറാം ലോകകപ്പിലേക്ക് കൈപിടിച്ചുനടത്തി. 42 പന്ത് ശേഷിക്കെ ആറ് വിക്കറ്റിനായിരുന്നു മഞ്ഞക്കുപ്പായക്കാരുടെ വിജയം.
2024ടി-20 ലോകകപ്പും 2025 ചാമ്പ്യന്‍സ് ട്രോഫിയുമായി ഈ പരാജയത്തിന്റെ ആഘാതത്തില്‍ നിന്നും പതിയെ പുറത്തുവന്ന ആരാധകരെ 2026 ടി-20 ലോകകപ്പ് വീണ്ടും നിരാശയുടെ ആഴങ്ങളിലേക്ക് തള്ളിയിട്ടു. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ മോശം തോല്‍വികളിലൊന്ന് അഹമ്മദാബാദ് സൂര്യയ്ക്കും സംഘത്തിനും സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏക തോല്‍വി!
പുറത്തായി മടങ്ങുന്ന സൂര്യകുമാര്‍ യാദവ്
സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോടായിരുന്നു ഈ പരാജയം. 76 റണ്‍സിനാണ് പ്രോട്ടിയാസ് ഇന്ത്യയെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ആദ്യം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സിലെത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 111ന് ഓള്‍ ഔട്ടായി.
ഈ രണ്ട് മത്സരത്തിലും ടോസ് നേടിയ ടീം ആണ് വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു.
ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
Content Highlight: Out of last 40 matches in multinational tournaments, India lost only 2