പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാലെ പിടിച്ചുനില്‍ക്കാനാകു, അത് പഠിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്: ഔസേപ്പച്ചന്‍
Malayalam Cinema
പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാലെ പിടിച്ചുനില്‍ക്കാനാകു, അത് പഠിക്കാന്‍ ഞാനെപ്പോഴും ശ്രദ്ധിക്കാറുണ്ട്: ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th October 2025, 8:21 am

സപ്തതിയുടെ നിറവിലാണ് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍. സംഗീതജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട അദ്ദേഹം ഭരതന്‍ സംവിധാനം ചെയ്ത ആരവത്തിലാണ് പശ്ചാത്തല സംഗീതം ഒരുക്കി കൊണ്ട് സിനിമരാഗത്തേക്ക് വന്നത്. ഭരതന്റെ തന്നെ കാതോട് കാതോരം എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി.

അഭിലാഷ് ബാബുവിന്റെ കൃഷ്ണാഷ്ടമി എന്ന സിനിമയ്ക്കാണ് ഏറ്റവുമൊടുവില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പുതുതലമുറയിലെ ഗായകരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. നമ്മള്‍ സംഗീതമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മുഴുവന്‍സമയവും അതിനായി നീക്കി വെക്കണമെന്ന് അദ്ദേഹം പറയുന്നു.

‘സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുക. ചെയ്യുന്നത് ഒരു ജോലിയാണെന്ന് ഒരിക്കലും തോന്നരുത്. നല്ല ആരോഗ്യവും സാമ്പത്തിക ഭദ്രതയും കാത്തുസൂക്ഷിക്കുക. സംഗീതവും മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഞാന്‍ ഈ മേഖലയില്‍ ഇന്ന് ഒരുപാട് സീനിയറാണ്. പുതിയ മാറ്റങ്ങള്‍ ഞാനും ഉള്‍ക്കൊള്ളണം. എന്നാലേ പിടിച്ചുനില്‍ക്കാനാകൂ. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഞാനിപ്പോഴും ശ്രദ്ധിക്കാറുണ്ട്. പുതുതലമുറയിലെ ഗായകരും ഇത് തന്നെ ചെയ്യണം,’ ഔസേപ്പച്ചന്‍ പറയുന്നു.

സംഗീതം ഹൃദയത്തില്‍ നിന്ന് വരണമെന്നും എന്നാല്‍മാത്രമേ അതിന് പൂര്‍ണതയുള്ളുവെന്നും അദ്ദേഹം പറയുന്നു. അത് താനെപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും താന്‍ പഠിപ്പിക്കുന്ന വരോടെല്ലാം ഇത് പറയാറുണ്ടെന്നും
അദ്ദേഹം പറഞ്ഞു. പക്ഷേ, ഇതൊന്നും ഇന്നത്തെ തലമുറയ്ക്ക് വിഷയമല്ലെന്നും ഹൃദയ രാഗങ്ങളെയും ശുദ്ധസംഗീതത്തെയും പ്രണയിക്കുന്ന കുറച്ചുപേര്‍ ഇപ്പോഴും നമുക്കുചുറ്റുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Ouseppachan talks about the new generation of singers