കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. 1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ തുടങ്ങിയ ഔസേപ്പച്ചന്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. ഒരു വയലിനിസ്റ്റ് കൂടെയാണ് അദ്ദേഹം.
ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഗീതജീവിതത്തില്‍ തന്റെ മനസിനെ തൊട്ട അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഔസേപ്പച്ചന്‍. ടച്ചിങ് എന്ന് പറഞ്ഞാല്‍ മനസില്‍ വേദനയുണ്ടാക്കുന്നതെന്നാണ് അര്‍ത്ഥമെന്ന് അദ്ദേഹം പറയുന്നു.
‘സിനിമാ സംഗീതത്തില്‍ ഓരോ സന്ദര്‍ഭത്തിനനുസരിച്ച് ഈണമിടും. ഹൃദയസ്പര്‍ശിയായ ഒരുപാട് ഈണങ്ങള്‍ കൊടുക്കാനായി. ആകാശദൂതിലെ ‘രാപ്പാടി കേഴുന്നുവോ’ എന്ന ഗാനം അതിനൊരു ഉദാഹരണമാണ്. ഒരേ കടല്‍ എന്ന ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ശുഭപന്തുവരാളി രാഗത്തിലാണ്. ശരിക്കും വെല്ലുവിളിയായിരുന്നു അത്. അഞ്ച് വ്യത്യസ്ത പാട്ടുകള്‍ ഒരേ രാഗത്തില്‍ ചെയ്യുമ്പോള്‍ വ്യത്യസ്തത കൊണ്ടുവരാന്‍ പ്രയാസമാണ്,’ ഔസേപ്പച്ചന്‍ പറയുന്നു.
2007-ല്‍ ഒരേ കടലിലെ പാട്ടുകള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘തന്റെ പ്രിയ സുഹൃത്തായിരുന്ന ജോണ്‍സണ് 1994-ലും 1995-ലും ദേശീയ അവാര്‍ഡ് കിട്ടി. (1994ല്‍ പൊന്തന്‍മാടയ്ക്കും 1995-ല്‍ സുകൃതത്തിനും). മലയാളത്തനിമയുള്ള എത്രയോ പാട്ടുകള്‍ ചെയ്തിട്ടും ഞങ്ങളുടെ ഗുരുനാഥനായ ദേവരാജന്‍മാഷിന് സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡ് കിട്ടിയില്ല. ഈ ദുഃഖം ഇന്നും എന്റെ മനസിലുണ്ട്,’ഔസേപ്പച്ചന്‍ പറഞ്ഞു.
Content highlight: Ouseppachan talks about his musical career and Devarajan Master