സംഗീതത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്തതില്‍ നമ്പര്‍ വണ്ണാണ് ആ സംവിധായകന്‍: ഔസേപ്പച്ചന്‍
Malayalam Cinema
സംഗീതത്തിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്തതില്‍ നമ്പര്‍ വണ്ണാണ് ആ സംവിധായകന്‍: ഔസേപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th July 2025, 9:29 am

1985ല്‍ കാതോട് കാതോരം എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ സംഗീത സംവിധായകനാണ് ഔസേപ്പച്ചന്‍. പിന്നീട് ഒരുപിടി മികച്ച ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു. സിബി മലയില്‍, ഭരതന്‍ എന്നിങ്ങനെ മലയാള സിനിമയിലെ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പം ഔസേപ്പച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ സംവിധായകന്‍ സിബി മലയിലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സിബി മലയിലിന്റെ ആകാശദൂത്, എന്റെ വീട് അപ്പുവിന്റെയും, സാഗരം സാക്ഷി എന്നീ സിനിമകളുടെ സംഗീതം ഔസേപ്പച്ചനായിരുന്നു. ഇന്നും മലയാളികള്‍ക്ക് മറക്കാനാകാത്ത ഗാനങ്ങളാണ് അവയെല്ലാം.

‘സംഗീതത്തിനെ ഇഷ്ടപ്പെടുന്നവര്‍ക്കും പ്രത്യേകിച്ച് ഞങ്ങളെ പോലുള്ള സംഗീത കലാകാരന്മാര്‍ക്കും ഏറ്റവും താത്പര്യമുള്ള ഒരു സംവിധായനാണ് സിബി. കാരണം, സംഗീത പ്രാധാന്യമുള്ള പടങ്ങള്‍ എടുത്തതില്‍ നമ്പര്‍ വണ്‍ എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. അതിന് ശേഷമേ മറ്റാരും ഉള്ളൂ. അത്തരം സിനിമകള്‍ സിബിയുടെ കോണ്‍ട്രിബ്യൂഷന്‍സ് ഒരുപാട് ഉണ്ടായിട്ടുണ്ട്,’ഔസേപ്പച്ചന്‍ പറയുന്നു.

സിനിമയിലെ സിബി മലയിലിന്റെ നീണ്ട നാല്‍പ്പതുവര്‍ഷത്തെ യാത്രയില്‍ ആദ്യ സിനിമ മുതല്‍ യാത്ര ചെയ്യുന്നയാളാണ് ഔസേപ്പച്ചന്‍. പക്ഷേ സിബി മലയിലിന്റെ കൂടെ അദ്ദേഹം ഒരു സിനിമ ചെയ്തത് വളരെ വൈകിയാണ്.

‘1990 ലോ മറ്റോ ആണ് അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്തതെന്ന് തോന്നുന്നു. പക്ഷേ സിബിയുടെ ആദ്യത്തെ സിനിമയില്‍ ഞാന്‍ ഉണ്ടായിരുന്നു. ഒരു വയലിനിസ്റ്റായി പടത്തിന്റെ റീറെക്കോര്‍ഡിങ്ങില്‍ ഞാന്‍ പ്രവര്‍ത്തിച്ചു.

കാതോട് കാതോരം എന്ന സിനിമ ഞാന്‍ അപ്പോള്‍ ചെയ്തു കഴിഞ്ഞതാണ്. ആ സിനിമ റിലീസായതിന് ശേഷമാണ് സിബി ഈ പടം ചെയ്യുന്നത്. അന്ന് റെക്കോര്‍ഡിങ്ങ് സമയത്ത് അദ്ദേഹം എന്നെ മനസിലാക്കിയിരുന്നു,’ഔസേപ്പച്ചന്‍ പറഞ്ഞു.

Content Highlight: Ouseppachan  talks  about director Sibi Malayil