'ഞങ്ങളുടെ രാജ്യം വില്‍പ്പനക്കുള്ളതല്ല'; ട്രംപിന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ മറുപടി
World
'ഞങ്ങളുടെ രാജ്യം വില്‍പ്പനക്കുള്ളതല്ല'; ട്രംപിന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ മറുപടി
രാഗേന്ദു. പി.ആര്‍
Monday, 5th January 2026, 8:02 pm

ന്യൂക്: തങ്ങളുടെ രാജ്യം വില്‍പ്പനയ്ക്കുള്ളതല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയായി ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമായിരിക്കണമെന്നും നീല്‍സണ്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡില്‍ ട്രംപ് വീണ്ടും ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് നീല്‍സണിന്റെ പ്രതികരണം.

ഗ്രീന്‍ലാന്‍ഡ് തങ്ങളുടെ മേഖലയെന്നും നിലവിലത് എങ്ങനെയാണോ അതുപോലെ തന്നെ തുടരുമെന്നും നീല്‍സണ്‍ പറഞ്ഞു.

ദ്വീപ് രാഷ്ട്രമായ ഗ്രീന്‍ലാന്‍ഡിന്റെ ഭാവി സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടില്ലെന്നും നീല്‍സണ്‍ പ്രതികരിച്ചു. തങ്ങളുടെ രാഷ്ട്രീയ-നയതന്ത്ര നിലപാടുകള്‍ അന്താരാഷ്ട്ര നിയമത്തിലും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കരാറുകളിലും നിലയുറക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ പതാകയാല്‍ പൊതിഞ്ഞ ഗ്രീന്‍ലാന്‍ഡിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ട്രംപിന്റെ ഉപദേഷ്ടാവും നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ പങ്കാളിയായ കാറ്റി മില്ലറാണ് ഈ ചിത്രം പങ്കുവെച്ചത്. യു.എസ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ കൂടിയായ കാറ്റിയുടെ പോസ്റ്റിനെ മുന്‍നിര്‍ത്തിയാണ് നീല്‍സണിന്റെ പ്രതികരണം.

ഇത്തരത്തിലുള്ള പ്രചരണം ഒരു രാജ്യത്തോടുള്ള അനാദരവാണെന്നും നീല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. സ്വയംഭരണവും സ്വതന്ത്ര തെരഞ്ഞെടുപ്പുകളും ശക്തമായ സ്ഥാപന സംവിധാനങ്ങളുമുള്ള ഒരു ജനാധിപത്യ സമൂഹമാണ് ഗ്രീന്‍ലാന്‍ഡ്. തങ്ങള്‍ക്കെതിരായ ദുഷ്പ്രചരണങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്റെ അവകാശങ്ങളെ അവഗണിക്കുന്നതിന് സമാനമാണെന്നും നീല്‍സണ്‍ പറഞ്ഞു.

ഗ്രീന്‍ലാന്‍ഡ് തങ്ങളെ സംബന്ധിച്ച് തന്ത്രപ്രധാനമായ മേഖലയാണെന്നാണ് ട്രംപിന്റെ വാദം. ഗ്രീന്‍ലാന്‍ഡില്‍ ഉടനീളം റഷ്യന്‍, ചൈനീസ് കപ്പലുകളാല്‍ മൂടപ്പെട്ടിരിക്കുകയാണെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പരമാധികാര രാജ്യമായ ഡെന്മാര്‍ക്കിന് കീഴിലുള്ള സ്വയംഭരണ മേഖലയാണ് ഗ്രീന്‍ലാന്‍ഡ്. രണ്ടാമതും യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി ഗ്രീന്‍ലാന്‍ഡിനുമേലുള്ള തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക സുരക്ഷയ്ക്കായി യു.എസിന് സ്വയംഭരണ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി 2019 മുതല്‍ ഗ്രീന്‍ലാന്‍ഡ് വാങ്ങണമെന്ന ആവശ്യം ട്രംപ് ഉന്നയിക്കുന്നുണ്ട്.

2025 ജനുവരിയില്‍ ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെനും പറഞ്ഞിരുന്നു. ഡാനിഷ് സര്‍ക്കാരിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഗ്രീന്‍ലാന്‍ഡ് ഗ്രീന്‍ലാന്‍ഡുകാരുടേത് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തങ്ങള്‍ അമേരിക്കക്കാര്‍ ആകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയായിരുന്ന മ്യൂട്ടെ എഗെഡെയും പ്രതികരിച്ചിരുന്നു.

Content Highlight: ‘Our country is not for sale’: Greenland PM’s response to Trump

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.