എഡിറ്റര്‍
എഡിറ്റര്‍
ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; വ്യാജ പ്രചരണം കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ ശ്രമത്തെതുടര്‍ന്നെന്നും ഡി.ജി.പി
എഡിറ്റര്‍
Tuesday 10th October 2017 1:08pm

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയാണെന്നും ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ തൊഴിലാളികള്‍ വീണു പോകരുതെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ.

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൂട്ടത്തോടെ കൊലചെയ്യുന്നെന്ന വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മാധ്യമങ്ങള്‍ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല.കേരളം സുരക്ഷിതമായ നാടാണ്, ഒരാക്രമണവും ഇവിടെ ഉണ്ടാവില്ല. മറിച്ചുള്ള തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുത്. അദ്ദേഹം പറഞ്ഞു. കേരളത്തെ അപമാനിക്കാന്‍ നടക്കുന്ന കൂട്ടായ പ്രചരണമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read ഉത്തര്‍ പ്രദേശില്‍ റെയില്‍വേ കരാര്‍ തൊഴിലാളികളായി കുട്ടികള്‍; ഉത്തരവാദിത്ത്വം കരാറുകാരന്റെ മേല്‍ചാരി റെയില്‍വേ; വീഡിയോ


ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുമുള്ള ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണമാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നതെന്നും വാസ്തവം ഇതായിരിക്കെ ദുഷ്പ്രചാരണം നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളൊന്നും കേരളത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല.സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

Advertisement