കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. മാവോയിസ്റ്റുകള്‍ക്കും ഫലസ്തീന്‍ അനുഭാവികള്‍ക്കും കാശ്മീരിന്റെ സ്വതന്ത്ര്യം ആവശ്യപ്പെടുന്നവര്‍ക്കുമുള്ള ഒരു ഇടമായി മാറാന്‍ ക്യാമ്പസുകളെ തന്റെ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് സുവേന്ദു പറഞ്ഞു.
രക്ഷാബന്ധനോടനുബന്ധിച്ച് ബി.ജെ.പി സര്‍വകലാശാലാ ക്യാമ്പസിന് പുറത്ത് സംഘടിപ്പിച്ച വന്ദേമാതരം കൂട്ട ആലാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങള്‍ എപ്പോഴും ആസാദി (സ്വാതന്ത്ര്യം) എന്ന് വിളിച്ചുപറയുന്നു. ഏത് ആസാദിയാണ് നിങ്ങള്‍ക്ക് വേണ്ടത്? ഹെറോയിനും കഞ്ചാവും ഉപയോഗിക്കാനുള്ള ആസാദിയോ? നിങ്ങളാണ് ‘തുകഡെ-തുകഡെ’ ഗാങ്,’ സുവേന്ദു അധികാരി പറഞ്ഞു.
പുറത്തുനിന്നുള്ളവരെ എത്തിച്ചാണ് എ.ബി.വി.പി അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.
‘ഇന്ത്യയിലുടനീളമുള്ള എ.ബി.വി.പി പ്രവര്‍ത്തകരോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ ദല്‍ഹിയിലെ ജെ.എന്‍.യു ഹൈദരാബാദിലെ ഉസ്മാനിയ സര്‍വ്വകലാശാല എന്നിവയെ ശരിയാക്കിയെടുത്തു. ഇനി ജാദവ്പൂര്‍ മാത്രമാണ് ബാക്കിയുള്ളത്. അതും നടക്കും. ദേശീയതയുടെ കൊടുങ്കാറ്റ് ആരംഭിച്ചുകഴിഞ്ഞു. അത് തടയാനാവില്ല,’ അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 20ലെ സംഭവത്തിന് ശേഷം ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ മുതിര്‍ന്ന ഭാരവാഹികളാണ് ലോഗോ തകര്‍ക്കാന്‍ പദ്ധതിയിട്ടതെന്ന് എ.ബി.വി.പി ആരോപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
‘സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത് നിരീക്ഷിക്കുന്നുണ്ട്. ഞാനും നിരീക്ഷിക്കുന്നുണ്ട്. എത്രനാള്‍ നേതാക്കള്‍ക്ക് ഇവരെ സംരക്ഷിക്കാന്‍ കഴിയുമെന്ന് നോക്കാം. ക്യാമ്പസിനുള്ളിലേക്ക് ആരാണ് കഫ് സിറപ്പ് എത്തിക്കുന്നതെന്നും ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്നും കണ്ടെത്താന്‍ ഞങ്ങള്‍ ഡ്രോണുകള്‍ വിന്യസിക്കും. മാലിന്യങ്ങള്‍ എങ്ങനെ വൃത്തിയാക്കണമെന്ന് അറിയാവുന്ന പൊലീസ് മന്ത്രിയാണ് ഞാന്‍,’ അധികാരി പറഞ്ഞു.
34 വര്‍ഷത്തെ ഭരണകാലത്ത് സി.പി.ഐ.എമ്മും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ജാദവ്പൂരിലെ മാവോവാദി ഘടകങ്ങളെ സംരക്ഷിക്കുകയായിരുന്നുവെന്ന് അധികാരി ആരോപിച്ചു.
‘ഈ മാവോവാദി ഘടകങ്ങള്‍ തൃണമൂലിന് വോട്ട് ചെയ്തില്ലായിരിക്കാം, എന്നാല്‍ അവര്‍ ഒരു ലാഭം നല്‍കി. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ‘ബി.ജെ.പിക്ക് വോട്ടില്ല’, ‘നരേന്ദ്ര മോദിക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ഈ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് മമത മാവോവാദികളെ ജീവനോടെ നിലനിര്‍ത്തിയത്,’അദ്ദേഹം ആരോപിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി അടുത്തിടെ ഡല്‍ഹി ജന്ദര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു ‘അവിടെയൊന്നും ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ നമ്മള്‍ കേട്ടില്ല, ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സമരം അവസാനിക്കുകയും ചെയ്തു. എന്നാല്‍ കൊല്‍ക്കത്തയില്‍ ഉയരുന്നത് മാവോവാദി മുദ്രാവാക്യങ്ങളാണ്.
പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജാദവ്പൂരില്‍ എത്തിയ എണ്ണൂറോളം വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് റാലികളില്‍ പങ്കെടുപ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ റാലിയില്‍ നീറ്റ് പരീക്ഷയെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നില്ല.’
അതേസമയം, സുവേന്ദു അധികാരിയുടെ ആരോപണങ്ങളെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറും 2011-ല്‍ സി.പി.എം ടിക്കറ്റില്‍ മമത ബാനര്‍ജിക്കെതിരെ മത്സരിക്കുകയും ചെയ്ത നന്ദിനി മുഖര്‍ജി എതിര്‍ത്തു. ‘അദ്ദേഹം തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മാവോവാദികളില്ല. ഇതൊരു മികച്ച വിദ്യാഭ്യാസ കേന്ദ്രമാണ്,’ അവര്‍ പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.