വെസ്റ്റ്ബാങ്ക്: ഇസ്രഈല്‍ സൈന്യം കസ്റ്റഡിയില്‍ എടുത്ത ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഫലസ്തീനി സംവിധായകന്‍ ഹംദാന്‍ ബലാലിനെ വിട്ടയച്ചു. ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് പ്രദേശത്തെ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തിന് വിധേയനായതിന് പിന്നാലെയാണ് സൈന്യം ഹംദാനെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയില്‍ എടുത്ത ഹംദാനേയും മറ്റ് രണ്ട് ഫലസ്തീനികളേയും വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്റായ കിര്യത്ത് അര്‍ബയിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് തടങ്കലില്‍ വെച്ചിരുന്നത്. എന്നാല്‍ പരിക്കേറ്റ ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചില്ലെന്ന് ആരോപണമുണ്ട്.
തന്റെ വീടിന് മുന്നില്‍ വെച്ച് കുടിയേറ്റക്കാര്‍ തന്നെ മര്‍ദ്ദിച്ചതായും ആക്രമിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതായും ഹംദാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈന്യം കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സൈനിക താവളത്തിലേക്ക് മാറ്റിയ ഇദ്ദേഹത്തെ കണ്ണ് കെട്ടിയ നിലയിലായിരുന്നു 24 മണിക്കൂറും നിര്‍ത്തിയിരുന്നത്.
ഹംദാനും മറ്റ് തടവുകാരും ചേര്‍ന്ന് ഒരു ഇസ്രഈലി കുടിയേറ്റക്കാരനെ കല്ലെറിഞ്ഞതായി ആരോപണമുണ്ടെന്ന് ഹംദാന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. എന്നാല്‍ സംവിധായകന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് വെസ്റ്റ് ബാങ്കിലെ സുസ്യ ഗ്രാമത്തില്‍ നിന്ന് റമദാന്‍ നോമ്പ് തുറക്കുന്നതിനിടെയാണ് ഹംദാനെ ഇസ്രഈലി കുടിയേറ്റക്കാര്‍ മര്‍ദിച്ചത്. ഗ്രാമത്തില്‍ പതിവായി ആക്രമണം നടത്തുന്ന ഒരു കുടിയേറ്റക്കാരന്‍ സൈന്യത്തോടൊപ്പം ഹംദാന്റെ വീട്ടിലേക്ക് വരികയും അദ്ദേഹത്തിനെ മര്‍ദിക്കുകയുമായിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.
ഈ വര്‍ഷത്തെ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരിലൊരാളാണ് ഹംദാന്‍ ബല്ലാല്‍. ഓസ്‌കര്‍ വേദിയില്‍ നിന്ന് തിരിച്ചെത്തിയെത്തിയത് മുതല്‍ എല്ലാ ദിവസവും തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ മറ്റൊരു സംവിധായകനും പ്രദേശവാസിയുമായ ബസേല്‍ അദ്രയും പറഞ്ഞിരുന്നു. സിനിമ നിര്‍മിച്ചതിന്റെ പ്രതികാരമാണിതെന്നാണ് അദ്രയുടെ അഭിപ്രായം.
നോ അദര്‍ ലാന്‍ഡ്
അധിനവേശ വെസ്റ്റ്ബാങ്കിലെ മസാഫര്‍ യാട്ടയില്‍ നിന്നുള്ള ബസേല്‍ അദ്ര, ഹംദാന്‍ ബലാല്‍ ഇസ്രഈലി സംവിധായകരായ യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫലസ്തീന്‍-ഇസ്രഈല്‍ ചിത്രമായ നോ അദര്‍ ലാന്‍ഡ് നിര്‍മിച്ചത്.
2019 നും 2023 നും ഇടയില്‍ നിര്‍മിച്ച ഈ ചിത്രം, വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായ മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രഈല്‍ സൈന്യം കൈയേറുന്നതിന്റെ കഥയാണ് പറയുന്നത്. സിനിമയുടെ സംവിധായകനായ ബേസല്‍ അദ്ര തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. അദ്ദേഹത്തിന്റെ ജന്മനാടാണ് മസാഫര്‍ യാട്ട.