Administrator
Administrator
പ്രിയനും കോപ്പിയടീം പി. മാധവന്‍ നായരും
Administrator
Saturday 17th December 2011 11:15am

arabiyum-ottakavum

സിനിമ: അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ

സംവിധാനം: പ്രിയദര്‍ശന്‍

നിര്‍മ്മാണം: നവീന്‍ ശശിധരന്‍, വി.അശോക് കുമാര്‍

കഥ: അഭിലാഷ് മേനോന്‍

സംഗീതം: എം.ജി ശ്രീകുമാര്‍

ഛായാഗ്രഹണം: അഴകപ്പന്‍

ഫസ്റ്റ് ഷോ / റഫീഖ് മൊയ്തീന്‍

ലയാളത്തില്‍ പ്രിയദര്‍ശന്‍ ഇതിനു മുന്‍പ് പ്രയോഗിച്ച ചേരുവകളെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ, മുഴുനീളെ ‘പ്രിയദര്‍ശന്‍ ടച്ച്’ പതിഞ്ഞിരിക്കുന്ന ചിത്രമാണ് ‘അറബീം ഒട്ടകോം പി. മാധവന്‍ നായരും ഇന്‍ ഒരു മരുഭൂമിക്കഥ’ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. വിചിത്രകല്‍പനകള്‍ക്ക് ഹാസ്യത്തിന്റെ പിന്‍ബലം നല്‍കി കഥപറയുന്ന പ്രിയദര്‍ശന്‍ ശൈലി തന്നെയാണ് ഈ സിനിമയിലും കാണാന്‍ സാധിച്ചത്.

മോഹന്‍ലാലും മുകേഷും ലക്ഷ്മിറായിയും ഭാവനയുമാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്. ‘അറബീം ഒട്ടകോം പി. മാധവന്‍ നായരും’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. ഈ പേര് അറബികളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ഗള്‍ഫ് മലയാളികള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകുമെന്നും ആക്ഷേപം ഉയര്‍ന്നതിനാല്‍ ‘ഇന്‍ ഒരു മരുഭൂമിക്കഥ’ കൂടി ചേര്‍ക്കുകയായിരുന്നു.

arabiyum-ottakavum

ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ ഒരു പ്രിയദര്‍ശന്‍ ചിത്രം ഇറങ്ങിയപ്പോള്‍ പ്രതീക്ഷച്ചത്ര ആളുകള്‍ തിയ്യറ്ററില്‍ ഇല്ലായിരുന്നു. സാധാരണ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് തടിച്ചു കൂടുന്ന ഫാന്‍സുകാരെപ്പോലും കോഴിക്കോട്ടെ കോറണേഷന്‍ തിയ്യറ്റര്‍ പരിസരത്തു കണ്ടില്ല. വൈകുന്നേരം 5.30ന്റെ ഷോയ്ക്ക് പടം തുടങ്ങുമ്പോഴും ബാല്‍ക്കണിയില്‍ പല സീറ്റുകളും കാലിയായിക്കിടക്കുകയായിരുന്നു. ഇനി കോറണേഷന്‍ തിയ്യറ്റര്‍ ആയതു കൊണ്ടാണോ ആളുകയറാത്തത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, രണ്ടര മണിക്കൂര്‍ ഈ തിയ്യറ്ററിനുള്ളില്‍ ഇരിക്കുകയെന്നാല്‍ സ്റ്റീം ബാത്ത് ചെയ്യുന്നത് പോലെയാണ്.

പേരുപോലെ തന്നെ മരുഭൂമിയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പതിനാലു വര്‍ഷം മുന്‍പ് തറവാടു പറമ്പ് വിറ്റ് പ്രാരാബ്ധങ്ങള്‍ മാത്രം കൈമുതലാക്കി അബൂദാബിയിലെത്തിയ പി. മാധവന്‍ നായരെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ ചുറ്റിയാണ് കഥ മുഴുവന്‍ നീങ്ങുന്നത്. അബ്ദു എന്ന മുകേഷ് അവതരിപ്പിക്കുന്ന കാഥാപാത്രം മാധവന്‍ നായരോടൊപ്പം ചിത്രത്തിലുടനീളം ഒരു ഉപഗ്രഹം കണക്കെ കറങ്ങുന്നുണ്ട്.

അവിചാരിതമായി കണ്ടുമുട്ടി പരിചയപ്പെട്ട ലക്ഷ്മിയുമായുള്ള (ലക്ഷ്മി റായി) വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, മാധവന്‍ നായര്‍ ഒരു ദിവസം രാത്രി ലക്ഷ്മിയുടെ വീട്ടിലെത്തുമ്പോള്‍ മറ്റൊരാളോടൊപ്പം അവളെ ബെഡ്‌റൂമില്‍ കാണുന്നു. മാനസികമായി തകര്‍ന്ന മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതോടെയാണ് കഥ വേഗത്തില്‍ നീങ്ങാന്‍ തുടങ്ങുന്നത്. കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന അബ്ദു മാധവന്‍ നായരുടെ ഓഫീസില്‍ ജോലി അന്വേഷിച്ചെത്തിയിരുന്നു. ജോലി നല്‍കാതിരുന്ന മാധവന്‍ നായരോട് പകരം ചോദിക്കാനെത്തുന്ന അബ്ദു ആത്മഹത്യ ചെയ്യാന്‍ പോകുന്ന അയാളുടെ കാറില്‍ കയറിപ്പറ്റി, ഇരുവരും മരുഭൂമിയുടെ നടുവില്‍ എത്തിപ്പെടുന്നു. വളരെ മനോഹരമായി തന്നെ അഴകപ്പന്‍ മരുഭൂമിയെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

mohanlal-in-arbiyum-ottakav

മാധവന്‍ നായരും അബ്ദുവും (മോഹന്‍ലാലും മുകേഷും) ഒന്നിച്ച പല സീനുകളും പലപ്പോഴും ‘കാക്കക്കുയിലി’നെ ഓര്‍മ്മിപ്പിച്ചു. ചിത്രത്തിന്റെ കഥാഗതിയാകട്ടെ മിക്കപ്പോഴും ‘വെട്ട’ത്തിനു സമാനമായി. മാമുക്കോയ ചിത്രത്തില്‍ അവതരിപ്പിച്ച ഭായ് എന്ന കഥാപാത്രത്തിന്റെ മകന്റെ കല്ല്യാണത്തിലെ സീനുകള്‍, ‘വെട്ടം’ സിനിമയിലെ ക്ലൈമാക്‌സില്‍ ഹോട്ടലില്‍ നടക്കുന്ന വിവാഹ പാര്‍ട്ടിയിലേതിനു സമാനമായി തോന്നി.

സ്വയം ‘കിഡ്‌നാപ്പ്’ ചെയ്ത എലീന (ഭാവന) മരുഭൂമിയില്‍ വെച്ച് മാധവന്‍ നായരുടെയും അബ്ദുവിന്റെയും തലയിലാകുന്നതോടെയാണ് നെടുമുടി വേണു, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞൂറാമൂട് തുടങ്ങിയവര്‍ പ്രത്യക്ഷപ്പെടുന്നത്. മാനറിസങ്ങളുടെ ആവര്‍ത്തന വിരസതയുടെ പേരില്‍ ധാരാളം പഴികേട്ടതിനാലാവണം സുരാജിന്റെ കോയ എന്ന കാഥാപത്രത്തിന്റെ കോമഡി വലിയ ബോറായി തോന്നിയില്ല. മുകേഷിന്റെ അബ്ദുവാണ് മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും അഭിനയ മികവ് കൊണ്ട് ചിത്രത്തില്‍ ഒരുപടി മുന്നിട്ടു നില്‍ക്കുന്നു.

സംഗീത സംവിധാനം നിര്‍വ്വഹിച്ച എം.ജി ശ്രീകുമാര്‍ വലിയ ഗവേഷണങ്ങള്‍ തന്നെ ചിത്രത്തിനായി നടത്തിയിട്ടുണ്ടെന്ന് മനസ്സിലായി. ഈജിപ്ഷ്യന്‍ സംഗീതജ്ഞനും സമകാലിക പോപ് സംഗീത സംവിധായകനും ഗായകനുമായ അംറ് ദിയാബിന്റെ (Amr Diab) ‘റൂഹി മെര്‍തഹാലിക്’ (Rohy Mertahlak) എന്ന ഗാനത്തിന്റെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തിലെ ‘മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ശ്രീക്കുട്ടനെ വെട്ടിലാക്കിയിരുന്നു. യൂ ട്യൂബില്‍ ഒന്നു കയറിയാല്‍ ശ്രീക്കുട്ടന്റെ വാദം തെറ്റാണെന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ചിത്രത്തിലെ മറ്റൊരു ഗാനമായ ‘മനസുമയക്കി’ക്ക് ഉസ്താദിലെ ‘ചിലു ചിലു’ എന്ന ഗാനവുമായി സാമ്യമുണ്ടെന്നും ആരോപണമുണ്ട്.

പക്ഷേ മോഷണം അവിടെയും തീരുന്നില്ലെന്നാണ് മനസ്സിലായത്. മരുഭൂമിയില്‍ വെച്ച് എലീനയുടെ അഛന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങാനെത്തുന്ന മാധവന്‍ നായരും അബ്ദുവും മിഖാസിങ്ങിന്റെ മുന്‍പില്‍ പെടുന്ന സീന്‍ മുതല്‍ കാശില്ലാതെ എലീനയുടെ അടുത്ത് തിരിച്ചെത്തുന്ന സീന്‍ വരെയുള്ള പശ്ചാത്തലത്തില്‍ ഒരു ചെറിയ മ്യൂസിക് ബിറ്റ് കേള്‍ക്കുന്നുണ്ട്. അതും ഒരു ഇന്റര്‍നാഷണല്‍ കോപ്പിയടിയാണെന്ന് ശ്രദ്ധിച്ചവര്‍ക്ക് മനസ്സിലായിക്കാണും. ‘ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി’ (The Good, the Bad and the Ugly) എന്ന 1966ല്‍ പുറത്തിറങ്ങിയ ക്ലിന്റ് ഈസ്റ്റ്‌വുഡും ലീന്‍ വാന്‍ ക്ലീഫും തകര്‍ത്തഭിനയിച്ച വിഖ്യാത ഇറ്റാലിയന്‍ ചിത്രത്തിലെ സിഗ്‌നേച്ചര്‍ ട്യൂണായി പ്രശസ്തമായ മ്യൂസിക് ബിറ്റ് ആണത്. ലോകം ഒരു വിരല്‍ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് ആര്‍ക്കും ആരെയും പറ്റിക്കാനാകില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നന്നാവും.

ഒന്നുമില്ലാത്ത സംഗതിയില്‍ നിന്നാണ് ചിത്രം മെനഞ്ഞെടുത്തിരിക്കുന്നത്. ക്ലൈമാക്‌സ് കണ്ട ജനം കൂവുന്നതാണ് കേട്ടത്. രണ്ടു മിനുട്ട് നേരത്തോളം നീണ്ടുനിന്ന കൂവലില്‍ ക്ലൈമാക്‌സിലെ സംഭാഷണങ്ങള്‍ മുങ്ങിപ്പോയി. പലപ്പോഴായി പല സിനിമകളില്‍ കണ്ടു പരിചയിച്ച സീനുകള്‍ കോര്‍ത്തിണക്കി ഉണ്ടാക്കിയ ഒരു പടം കണ്ട പ്രതീതിയാണ് തിയ്യറ്ററില്‍ നിന്ന് പുറത്തിങ്ങിയപ്പോള്‍ എനിക്ക് ഉണ്ടായത്.

Key words: Oru Marubhoomikkadha-film Review/Criticism, Oru Marubhumikatha-film Review/Criticism, Priyadarsan, Mohanlal, Malayalam film review

Malayalam News

Kerala News in English

Advertisement