ടീസ്ത സെതല്‍വാദിനും ശ്രീകുമാറിനുമെതിരായ സുപ്രീം കോടതി വിധി ഭരണഘടനാവിരുദ്ധം: ദുഷ്യന്ത് ദവെ
national news
ടീസ്ത സെതല്‍വാദിനും ശ്രീകുമാറിനുമെതിരായ സുപ്രീം കോടതി വിധി ഭരണഘടനാവിരുദ്ധം: ദുഷ്യന്ത് ദവെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 9:04 am

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ എ.ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട കേസിലെ വിധിയെയാണ് ദവെ രൂക്ഷമായി വിമര്‍ശിച്ചത്.

ടീസ്ത സെതല്‍വാദിനും ശ്രീകുമാറിനും സഞ്ജീവ് ഭട്ടിനുമെതിരായ വിധിയില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടീസ്ത സെതല്‍വാദിനെതിരായ വിധിയില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇത്തരം വിധിയിലൂടെ സുപ്രീം കോടതി ജനങ്ങളിലേക്ക് തെറ്റായ സന്ദേശമാണ് എത്തിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്‌ക്കെതിരായ ആരോപണങ്ങള്‍ ഒരുപക്ഷേ ഒഴിവാക്കിയാലും രാജ്യത്ത് കലാപം നടന്നിരുന്നു എന്നത് വസ്തുതയാണ്. കലാപം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും സേവനത്തിനായി സൈന്യത്തെ വിളിച്ചിട്ടില്ല. അന്ന് ഗോധ്ര കലാപത്തില്‍ പൊലീസിന്റെ അനാസ്ഥയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായിട്ടില്ല.

രാജ്യത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയാണ് ടീസ്ത. അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന കോടതി വിധി ഭരണഘടനാ വിരുദ്ധം മാത്രമല്ല, അനീതി കൂടിയാണ്. വിധി പ്രസ്താവിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അവര്‍ ചെയ്ത നല്ല പ്രവര്‍ത്തികളെ കോടതിക്ക് പരാമര്‍ശിക്കാമായിരുന്നു.

ഈ കേസില്‍ സുപ്രീം കോടതി തങ്ങളുടെ ജോലി കൃത്യമായി ചെയ്തുവെന്ന് പറയാന്‍ എനിക്ക് പ്രയാസമുണ്ട്. മറിച്ച് സുപ്രീം കോടതി തങ്ങളുടെ ജോലി കൃത്യമായി ചെയ്തില്ല എന്നതിന്റെ ഉദാഹരണമാണ് ഈ കേസും വിധിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജതെളിവുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്നും നിരപരാധികളെ കുടുക്കിയെന്നും അന്ന് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെന്നുമാരോപിച്ചാണ് ജൂണ്‍ 25 ന് ടീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഐ.പി.സി 194, 468 വകുപ്പുകള്‍ പ്രകാരം ടീസ്തയും ശ്രീകുമാറും കഴിഞ്ഞ മാസം മുതല്‍ ജയിലിലായിരുന്നു.

വ്യാജ തെളിവുകളുണ്ടാക്കിയെന്നാരോപിച്ച് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ഇദ്ദേഹത്തെ ട്രാന്‍സ്ഫര്‍ വാറണ്ട് വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്ന സത്യവാങ്മൂലത്തില്‍ ആര്‍.ബി. ശ്രീകുമാര്‍ അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനാണെന്നും നിരപരാധികളായവരെ പ്രതിസ്ഥാനത്താക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ചിരുന്നു. ആര്‍.ബി. ശ്രീകുമാര്‍ സമര്‍പ്പിച്ച ജാമ്യഹരജിക്കെതിരെയായിരുന്നു സംഘത്തിന്റെ സത്യവാങ്മൂലം.

സംസ്ഥാനത്തെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥ സംവിധാനങ്ങളെയും ദുരുദ്ദേശത്തോടെയാണ് ആര്‍.ബി. ശ്രീകുമാര്‍ നേരിട്ടതെന്നും അവരെ അപകീര്‍ത്തിപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

ഗുജറാത്ത് കലാപകേസില്‍ നിലവിലെ പ്രധാനമന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇവരുടെ അറസ്റ്റ്. സുപ്രീം കോടതി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ക്ലീന്‍ ചിറ്റ് നല്‍കിയ വിധി വന്നതിന് പിന്നാലെ കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹരജി കോടതി നിരസിക്കുകയായിരുന്നു.

2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു മോദിക്കെതിരെയുള്ള ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വിശദീകരിച്ചത്.

ശ്രീകുമാറും സംഘവും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നും ടീസ്തയ്ക്കും സ്ഞ്ജീവ് ഭട്ടിനും വിഷയത്തില്‍ പങ്കാളിത്തമുണ്ടെന്നും, ഗോധ്രയില്‍ ട്രെയിനിന് തീയിട്ട സംഭവത്തിന് ശേഷമുള്ള ദിവസങ്ങളില്‍ തന്നെ ശ്രീകുമാര്‍ ഗൂഢാലോചനയില്‍ പങ്കാളിയായി തുടങ്ങിയെന്നും എസ്.ഐ.ടി അന്ന് ആരോപിച്ചിരുന്നു.

Content Highlight: order by supreme court against teesta setalvad and rb sreekumar is unconstitutional says senior advocate dushyant dave