'ജനങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ'; ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന മോദിയുടെ ആഹ്വാനത്തിൽ പെട്രോൾ വിലവർധനവിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രതിപക്ഷം
national news
'ജനങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ'; ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന മോദിയുടെ ആഹ്വാനത്തിൽ പെട്രോൾ വിലവർധനവിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രതിപക്ഷം
ആദര്‍ശ് എം.കെ.
Monday, 11th May 2026, 7:48 pm

ന്യൂദൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ.

നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഇന്ധന വില വർധിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥനയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കണക്കിലെടുത്ത് വിദേശനാണ്യം ലാഭിക്കുന്നതിനായി സാമ്പത്തിക ആത്മരക്ഷ (എക്കണോമിക് സെൽഫ് ഡിഫൻസ്) എന്ന നിലയിൽ ചില നിയന്ത്രണങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.

ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗതം, കാർ പൂളിങ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക, വർക്ക് ഫ്രം ഹോം രീതി അവലംബിക്കുക, ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുകയും പ്രകൃതി കൃഷി രീതികളിലേക്ക് മാറുകയും ചെയ്യുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും വിദേശ യാത്രകളും ഒഴിവാക്കുക എന്നിവയായിരുന്നു മോദിയുടെ നിർദേശങ്ങൾ.

ഇതിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ രൂക്ഷവിമർശനവുമായെത്തിയത്.

മോദിയുടെ പത്ത് വർഷത്തെ ഭരണത്തിന്റെ പരാജയത്തിനുള്ള തെളിവാണ് ഈ ആഹ്വാനമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . ജനങ്ങൾ എന്ത് വാങ്ങണം, എവിടെ പോകണം എന്ന് സർക്കാരിന് നിർദേശിക്കേണ്ടി വരുന്നത് രാജ്യം എത്തിനിൽക്കുന്ന മോശം അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെവന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിച്ചു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാർ ജനങ്ങളുടെ മേൽ ഭാരം കെട്ടിയേൽപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് വരെ ജനങ്ങളുടെ ഭാരം ചുമന്ന മോദിക്ക് ഇപ്പോൾ ജനങ്ങളെക്കൊണ്ട് ആവശ്യമില്ലെന്നും അതുകൊണ്ടാണ് പൗരബോധത്തിന്റെ പേരിൽ ജനങ്ങളെ കഷ്ടപ്പെടുത്തുന്നതെന്നുമായിരുന്നു ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം.

പ്രധാനമന്ത്രി ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് റാലികൾ നടത്തുകയും വിദേശയാത്രകൾ നടത്തുകയും ചെയ്യുമ്പോൾ സാധാരണക്കാരോട് മാത്രം ത്യാഗം ചെയ്യാൻ പറയുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു

സമ്പദ് വ്യവസ്ഥയിലും വിദേശനയത്തിലും ബി.ജെ.പി സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് പറഞ്ഞു. ഇത്തരത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ രാജ്യം എങ്ങനെ ‘അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ’ ആയി മാറുമെന്നും അദ്ദേഹം ചോദ്യം ചെയ്തു.

രൂപയുടെ മൂല്യം ഇടിയുന്നത് ബി.ജെ.പിയുടെ സാമ്പത്തിക പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിമർശനങ്ങളെ ബി.ജെ.പി തള്ളി. പ്രധാനമന്ത്രി രാജ്യതാത്പര്യാർത്ഥം ജനങ്ങളോട് സഹകരിക്കാൻ ആവശ്യപ്പെടുന്നത് കോൺഗ്രസിന് ‘പ്രസംഗമായി’ തോന്നുന്നത് അവരുടെ രാഷ്ട്രീയം അധികാരത്തിൽ മാത്രം ഒതുങ്ങുന്നതുകൊണ്ടാണെന്ന് ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.

വിദേശത്തെ യുദ്ധങ്ങൾ ഇന്ത്യയിലെ പണപ്പെരുപ്പത്തെ ബാധിക്കുമെന്ന് ജവഹർലാൽ നെഹ്റുവും പണ്ട് പറഞ്ഞിട്ടുണ്ടെന്നും, അന്ന് അത് ഭരണപരാജയമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ധന വിലവർധനവും രൂപയുടെ മൂല്യത്തകർച്ചയും സംബന്ധിച്ച ആശങ്കകൾക്കിടെയാണ് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള വാക്‌പോര് മുറുകുന്നത്.

Content Highlight:  Opposition warns of petrol price hike amid Modi’s call to reduce fuel consumption

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.