ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് മാറ്റിയ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നതെന്നും നേരത്തെ തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ദല്‍ഹിയില്‍ പറഞ്ഞു.
യുവതീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പുരോഗമവാദികളാണെന്ന് അവകാശപ്പെട്ട സി.പി.ഐ.എം പൊതുസമൂഹത്തോടും പ്രതിപക്ഷത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസിനെ ഉപയോഗിച്ച് യുവതികളെ പ്രവേശിപ്പിക്കേണ്ട കാര്യം സര്‍ക്കിരിനില്ലായിരുന്നു. തുടര്‍ച്ചയായി തെറ്റുകള്‍ സമ്മതിച്ചെന്നതിന്റെ കുറ്റസമ്മതമാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞു വേണം സര്‍ക്കാരും സി.പി.ഐ.എമ്മും നിലപാട് മാറ്റം പ്രഖ്യാപിക്കാനെന്നും സതീശന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷം പിന്തിരിപ്പന്‍മാരും സി.പി.ഐ.എം നവോത്ഥാനവാദികളുമാണെന്നാണ് അന്ന് പറഞ്ഞിരുന്നത്. ആചാരാനുഷ്ടാനങ്ങളില്‍ മാറ്റം വരുത്തരുത്, അത് അപകടകരമാണെന്ന് പറഞ്ഞ പ്രതിപക്ഷത്തിനെ പിന്തിരിപ്പന്മാരെന്നാണ് സി.പി.ഐ.എം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും സി.പി.എമ്മും യുവതി പ്രവേശനത്തിന് എതിരല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് നവോത്ഥാന സമിതിയും വന്‍മതിലും ഉണ്ടാക്കിയത്? എന്തിനാണ് പ്രതിപക്ഷത്തെ പിന്തിരിപ്പന്മാര്‍ എന്ന് വിളിച്ചത്? ആ നിലപാട് മാറ്റില്ല എന്ന് പറയാനുള്ള ധൈര്യമില്ല.
പത്ത് വര്‍ഷമുണ്ടായിട്ടും തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത് ഏറ്റവും അവസാനത്തെ മന്ത്രിസഭാ യോഗത്തില്‍ സത്യവാങ്മൂലം തിരുത്താന്‍ തീരുമാനം എടുത്തത് ജനങ്ങളെ ഭയന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ആഴ്ച ഈ കേസ് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിനേക്കാള്‍ വലിയ കീഴ്‌മേല്‍ മറിച്ചില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും നിലപാട് മാറ്റാന്‍ ഇത്രയും സമയം എടുത്തതിന് കേരളം കുറെ വില കൊടുക്കേണ്ടിവന്നെന്നും സതീശന്‍ വിമര്‍ശിച്ചു.
Content Highlight: Opposition Leader VD Satheesan Criticizes Kerala Govt on Sabarimala Women’s Entry Stance