യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷയില്‍ ഒന്നാമതായിരുന്നു; ഇന്ന് പൂര്‍ണ പരാജയം: വി.ഡി. സതീശന്‍
Kerala News
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യസുരക്ഷയില്‍ ഒന്നാമതായിരുന്നു; ഇന്ന് പൂര്‍ണ പരാജയം: വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 3:32 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ്
റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെയും പരാജയം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനത്തെ എത്തിച്ചത്.

ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശി അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്.

ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കാസര്‍ഗോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടി ഭക്ഷണം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 Content Highlight: Opposition leader V.D. Sathishan said that the State Food Safety Department, which should ensure food safety in the state