കൊച്ചി: കേരളത്തില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും നൂറിലധികം സീറ്റുകളുമായി അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിലെ 135ാം നമ്പര്‍ ബൂത്തില്‍ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനങ്ങളും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും വോട്ട് ചെയ്യാതെ ആരും മാറിനില്‍ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തനിക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും മൗലികമായ അവകാശമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാലു തവണ കേരളത്തിലുടനീളം സഞ്ചരിച്ചതില്‍ നിന്ന് ജനവികാരം തനിക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരും രാഷ്ട്രീയ ബോധ്യമുള്ളവരുമാണെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും അന്താരാഷ്ട്ര കാര്യങ്ങളെയും ഒരുപോലെ നിരീക്ഷിക്കുന്നവരാണ് കേരളീയരെന്നും, ഈ രാഷ്ട്രീയ സാഹചര്യം യു.ഡി.എഫിന് അനുകൂലമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകളുടെ വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാഗ്രതക്കുറവുണ്ടായതായി അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും പലതവണ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ കയറിയിറങ്ങിയിട്ടും ബാലറ്റ് പേപ്പര്‍ ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ സര്‍വേകളെല്ലാം യു.ഡി.എഫിന് അനുകൂലമാണെന്നും, വിശ്വാസ്യതയില്ലാത്ത ചില തട്ടിക്കൂട്ട് പ്രാദേശിക സര്‍വേകളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Opposition leader V.D. Satheesan hopes that the UDF will win a landslide victory in Kerala.