വെറുതെ ആ വാതിൽക്കൽ പോയി നിക്കണ്ടല്ലോ; കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുക്കാതെ വി.ഡി സതീശൻ
Kerala
വെറുതെ ആ വാതിൽക്കൽ പോയി നിക്കണ്ടല്ലോ; കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുക്കാതെ വി.ഡി സതീശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd October 2025, 3:34 pm

തിരുവനന്തപുരം: കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്നലെ (ബുധൻ) ഗവർണർ നടത്തിയ അത്താഴ വിരുന്നിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാത്തത് ചർച്ചയായതോടെ
പ്രതിപക്ഷ നേതാവ് സംഭവത്തിൽ വിശദീകരണം നൽകി. അവസാന നിമിഷമാണ് അത്താഴ വിരുന്നിന് ക്ഷണിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ താൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും വിരുന്നിൽ പങ്കെടുത്തേനേയെന്നും രാഷ്ട്രപതി വന്ന അത്താഴ വിരുന്നാണ് അതിൽ പങ്കെടുക്കരുതെന്ന പൊളിറ്റിക്കലായ തീരുമാനങ്ങൾ ഒന്നും തങ്ങൾക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. അത്താഴ വിരുന്നിൽ കോൺഗ്രസ് എം.പിമാർ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മളെ അവസാന സമയത്താണ് വിളിച്ചത്. അപ്പോൾ എനിക്കുണ്ടായിരുന്ന ഏഴ് പരിപാടികളും ക്യാൻസൽ ചെയ്യേണ്ടി വരും. പ്രസിഡന്റിനെ ബഹിഷ്കരിക്കാനുള്ള രാഷ്ട്രീയ തീരുമാനങ്ങളൊന്നും ഞങ്ങൾക്കില്ല. വിളിക്കാത്ത പരിപാടിക്ക് പോകണ്ടല്ലോ വിളിച്ച പരിപാടിക്ക് പോയാൽ പോരെ. നമ്മൾ ആ പ്രോഗ്രാമിന്റെ ഭാഗമല്ലല്ലോ. വെറുതെ ആ വാതിൽക്കൽ പോയി നിൽക്കേണ്ട ആളല്ലല്ലോ ഞാൻ,’ അദ്ദേഹം പറഞ്ഞു.

ക്ഷണം വൈകിയതിൽ പരാതിയില്ലെന്നും ഞാൻ ഇപ്പോൾ കുറച്ച് ഡീസന്റ് ആണെന്നും പ്രതിപക്ഷ നേതാവ് ഹാസ്യരൂപേണ പറഞ്ഞു.

രാഷ്ട്രപതിയുടെ രണ്ട് പരിപാടിയിൽ നിന്നും പ്രതിപക്ഷനേതാവ് വിട്ടുനിന്നതിൽ രാജ്ഭവന് അതൃപ്തിയുണ്ടെന്ന് ഇന്ന് രാവിലെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഇന്നലെ (ബുധൻ) രാവിലെയായിരുന്നു രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം. രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് രാഷ്ട്രപതി ഹെലികോപ്ടര്‍ ഇറങ്ങിയത്. തുടർന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു.

പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, കെ.യു ജനീഷ് കുമാർ എം.എൽ.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.

Content Highlight: Opposition leader not attending K. R. Narayanan’s statue unveiling