കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു
Kashmir Turmoil
കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 3:38 pm

 

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചു. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ ജമ്മുകശ്മീര്‍ പൊലീസ് തടഞ്ഞുവെക്കുകയും ഒരു മണിക്കൂറിനുശേഷം തിരിച്ചയക്കുകയുമായിരുന്നു.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കളാണ് ശ്രീനഗറില്‍ എത്തിയത്.

എയര്‍പോട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളേയും മാധ്യമങ്ങളേയും രണ്ടിടത്തായി മാറ്റിനിര്‍ത്തുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാനും ഇവര്‍ക്ക് അനുമതി നിഷേധിച്ചു. പ്രതിപക്ഷ നേതാക്കളോട് സംസാരിക്കാന്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ, കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ നേതാക്കള്‍ പിന്മാറണമെന്ന് കശ്മീര്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി നേരത്തെ കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.