'ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ, പാരിസ്', മന്ത്രിമാരുടെ വിദേശ യാത്ര; ഭാരത് ജോഡോ യാത്രക്ക് ബദലായ യാത്രയോയെന്ന് പ്രതിപക്ഷം
Kerala News
'ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ, പാരിസ്', മന്ത്രിമാരുടെ വിദേശ യാത്ര; ഭാരത് ജോഡോ യാത്രക്ക് ബദലായ യാത്രയോയെന്ന് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th September 2022, 5:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യൂറോപ്യന്‍ യാത്രയെച്ചൊല്ലി പ്രതിപക്ഷ വിമര്‍ശനം. സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്.

‘ഭാരത് ജോഡോ യാത്രക്ക്’ ബദലായി പിണറായിയും സംഘവും നയിക്കുന്ന ‘യൂറോപ്പ് ജോഡോ യാത്ര,’ എന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ എഴുതിയത്.

കേരളം അത്ര ദരിദ്രമല്ലെന്നും വിദേശത്ത് പോകുന്നത് നല്ലതാണെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ യാത്ര ആകെ ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുള്ള നികുതിവിഹിതമാണ് ചര്‍ച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലേക്കു പോവില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരുടെ വിദേശയാത്രകള്‍ കൊണ്ടല്ല സംസ്ഥാനത്ത് സാമ്പത്തികനില മോശമായതെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞത്. മന്ത്രിമാരുടെ വിദേശയാത്രകള്‍ വേണ്ടെന്നുവെക്കാന്‍ പറ്റില്ലെന്നും സാമൂഹികപരമായും ഭരണപരമായും യാത്രകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലണ്ടന്‍, ഫിന്‍ലന്‍ഡ്, നോര്‍വെ, പാരീസ് തുടങ്ങിയ രാജ്യങ്ങളിലാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്.

ഫിന്‍ലന്‍ഡ് യാത്രയില്‍ മുഖ്യമന്ത്രിക്കൊപ്പം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉണ്ടാകും. ചീഫ് സെക്രട്ടറി വി.പി. ജോയി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടാകും.

വിദ്യാഭ്യാസ മേഖലയിലെ സഹകരണം അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് ഫിന്‍ലാന്‍ഡ് സന്ദര്‍ശനം. മുമ്പ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.

ടൂറിസം മന്ത്രി മുഹമ്മദ് റിയാസും അടുത്തയാഴ്ച വിദേശത്തേക്ക് തിരിക്കും. മന്ത്രി റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണ് പോകുന്നത്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ സംഘം പങ്കെടുക്കും.

അതിനിടെ, ലണ്ടന്‍ സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, വ്യവസായമന്ത്രി പി. രാജീവ് അടക്കമുള്ളവരുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഫിന്‍ലന്‍ഡിന് പുറമേ നോര്‍വെയും സംഘം സന്ദര്‍ശിക്കും. വിദേശയാത്രക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള അനുമതിക്കായി പൊതുഭരണവകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.