വിവാദങ്ങള്‍ തുണയായി; ഓപ്പണ്‍ഹൈമര്‍ ഇതുവരെ നേടിയത്
Entertainment news
വിവാദങ്ങള്‍ തുണയായി; ഓപ്പണ്‍ഹൈമര്‍ ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th July 2023, 7:49 pm

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമറും ഗ്രെറ്റ ഗെര്‍വിഗിന്റെ ബാര്‍ബിയും ക്ലാഷ് റിലീസായി എത്തിയത് ജൂലൈ 21നായിരുന്നു. മികച്ച പ്രതികരണമാണ് ഇരു ചിത്രങ്ങള്‍ക്കും ആഗോളതലത്തില്‍ ലഭിച്ചത്.

ആഗോളതലത്തില്‍ ബാര്‍ബിയാണ് ഏറ്റവും കൂടുതല്‍ പണം വാരുന്നതെങ്കില്‍ ഇന്ത്യയില്‍ നോളന്‍ ചിത്രത്തിനാണ് കളക്ഷന്‍ കൂടുതല്‍. ചില വിവാദങ്ങള്‍ കൂടി പുറത്തുവന്നതോടെ ഓപ്പണ്‍ഹൈമറിന്റെ ഹൈപ്പ് കൂടിയിട്ടുമുണ്ട്.

അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപിക് ആണ് നോളന്‍ ചിത്രം. സിനിമയിലെ ഒരു രംഗമാണ് ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്നതാണ് സംഘപരിവാര്‍ ഏറ്റെടുത്തത്.

എന്തായാലും വിവാദങ്ങളില്‍ ഓപ്പണ്‍ഹൈമറിന്റെ കളക്ഷന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മികച്ച കളക്ഷന്‍ തന്നെയാണ് റിലീസ് ചെയ്ത ശേഷമുള്ള ആദ്യ തിങ്കളാഴ്ച ചിത്രത്തിന് ലഭിച്ചത്.

ഇന്ത്യയില്‍ ഓപ്പണ്‍ഹൈമറിന് തിങ്കളാഴ്ച ദിവസം 5.5 കോടി രൂപയോളം കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും അഭിനയിച്ച ബാര്‍ബിക്ക് തിങ്കളാഴ്ച നേടാനായത് 2.50 കോടി രൂപയാണ്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള ബാര്‍ബിയുടെ ആകെ കളക്ഷന്‍ 18.65 കോടി രൂപയാണ്.

ഓപ്പണ്‍ഹൈമറിന്റെ ആകട്ടെ 55.75 കോടിയും. ആഗോളതലത്തിലെ കളക്ഷന്‍ പരിശോധിച്ചാല്‍ 69 രാജ്യങ്ങളില്‍ നിന്നായി 182 മില്ല്യണ്‍ ഡോളറാണ് തിങ്കളാഴ്ച ബാര്‍ബി നേടിയത് ഇതോടെ ബാര്‍ബിയുടെ ആകെ കളക്ഷന്‍ 337 മില്ല്യണ്‍ ഡോളറാണ്. ഓപ്പണ്‍ഹൈമറിന്റേത് ആകട്ടെ 174.2 മില്യണും.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: Oppenheimer movie box office collection till monday