ഗസ: ഫലസ്തീനിൽ അമേരിക്കൻ-ഇസ്രഈലി സഹായ കേന്ദ്രങ്ങൾ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിൽ നിന്നും മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതായി ഗസ അധികൃതർ. യു.എസ് പിന്തുണയുള്ളതും ഇസ്രഈലി സൈന്യം നടത്തുന്നതുമായ ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) പലസ്തീനികൾക്കുള്ള സഹായമായി വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ നിന്നാണ് ഓപിയോയിഡ് ഗുളികകൾ കണ്ടെത്തിയത്. ‘ഓക്സികോഡോൺ’ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകളാണ് കണ്ടെത്തിയതെന്ന് ഗസയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് (ജി.എം.ഒ) സ്ഥിരീകരിച്ചു.
മാവ് ചാക്കുകൾക്കുള്ളിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച ഗസ സർക്കാർ മീഡിയ ഓഫീസ്, ഫലസ്തീനികൾ കഴിച്ച മാവിൽ അത്തരം പദാർത്ഥങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ടാകുമോയെന്ന ആശങ്ക ഉന്നയിച്ചു.
‘ഭക്ഷ്യ കിറ്റുകൾക്കുള്ളിൽ നിന്ന് ഈ ഗുളികകൾ കണ്ടെത്തിയ നാല് പൗരന്മാരുടെ സാക്ഷ്യപത്രങ്ങൾ ഞങ്ങൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മയക്കുമരുന്ന് വസ്തുക്കളിൽ ചിലത് പൊടിച്ചോ ലയിപ്പിച്ചോ ഫലസ്തീനികൾക്ക് നൽകിയിരിക്കുമോ എന്ന ആശങ്കയുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും പൊതുജനാരോഗ്യത്തെ നേരിട്ട് ലക്ഷ്യം വച്ചുള്ള ഗുരുതരമായ ആക്രമണമായി മാറുകയും ചെയ്യുന്നു.
ഫലസ്തീൻ ജനതയ്‌ക്കെതിരെ അവർ നടത്തുന്ന വംശഹത്യ കൂടാതെ, ഫലസ്തീൻ ജനതയെ ലഹരിക്കടിമകളാക്കാൻ ശ്രമിക്കുകയും ഫലസ്തീൻ സാമൂഹിക ഘടനയെ ഉള്ളിൽ നിന്ന് നശിപ്പിക്കാനും ശ്രമിക്കുന്ന ഈ ഹീനമായ കുറ്റകൃത്യത്തിന് ഇസ്രഈൽ പൂർണ ഉത്തരവാദികളാണ്.
സിവിലിയന്മാർക്കെതിരായ വൃത്തികെട്ട യുദ്ധത്തിൽ ഇസ്രഈൽ മയക്കുമരുന്ന് ഒരു മൃദു ആയുധമായി ഉപയോഗിക്കുന്നതും ഉപരോധത്തിനിടെ സഹായം നൽകുക എന്ന വ്യാജേനെ ലഹരി വസ്തുക്കൾ കടത്തുകയും ചെയ്യുന്നത് ഒരു യുദ്ധക്കുറ്റവും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണ്,’ ഗസ സർക്കാരിന്റെ മീഡിയ ഓഫീസ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ 62 ഫലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കൻ ഗസയിലെ ജി.എച്ച്.എഫിന്റെ വിതരണ കേന്ദ്രങ്ങളിൽ സഹായം സ്വീകരിക്കാൻ കാത്തുനിന്ന 10 പേർ വെടിയേറ്റ് മരിച്ചു.
യുദ്ധക്കെടുതിയിൽ തകർന്ന ഗസയിൽ അതിരൂക്ഷമായ ക്ഷാമം ഉണ്ടെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തതിനാലും അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദത്തിന് പിന്നാലെയും ഇസ്രഈൽ മൂന്ന് മാസമായി തുടരുന്ന ഗസയിലെ ഉപരോധം ഭാഗീകമായി നീക്കുകയായിരുന്നു. ഉപരോധം ഭാഗികമായി നീക്കുമെന്നും പരിമിതമായ സഹായം അനുവദിക്കുമെന്നും ഇസ്രഈൽ പ്രഖ്യാപിച്ചതിന് ശേഷം, ഈ വർഷം മെയ് മാസം മുതൽ ജി.എച്ച്.എഫ് ഗസയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
Content Highlight: Opioid pills discovered in US-backed food aid, Gaza authorities say