ഓപ്പറേഷന്‍ സിന്ദൂര്‍; ഐക്യമാണാവശ്യം, സായുധ സേനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
national news
ഓപ്പറേഷന്‍ സിന്ദൂര്‍; ഐക്യമാണാവശ്യം, സായുധ സേനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2025, 9:11 am

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ദേശീയ സായുധ സേനയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ദേശീയ ഐക്യവും ഐക്യദാര്‍ഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും കോണ്‍ഗ്രസ് സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന്റെ സായുധ സേനയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും മുന്‍ കാലങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ കാണിച്ചു തന്ന പോലെ ദേശീയ താത്പര്യമാണ് പ്രധാനമെന്നും എക്‌സില്‍ കുറിച്ച പോസ്റ്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കിയിരുന്നു.

ഖാര്‍ഗെക്ക് പിന്നാലെ സായുധ സേനയ്ക്ക് കോണ്‍ഗ്രസിന്റെ ഉറച്ച പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദത്തിന്റെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതും എല്ലായ്‌പ്പോഴും പരമോന്നത ദേശീയ താല്‍പ്പര്യത്തില്‍ ഉറച്ചതുമായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ജയ്ഷ് ഇ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പൂരിലും ലഷ്‌കര്‍ ഇ ത്വയ്ബയുടെ താവളമായ മുരിദ്‌കെയിലടക്കമാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്. ഇതിന് പിന്നാലെയാണ് സൈന്യത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.

26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു.

ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുസാഫറാബാദ്, ബഹവല്‍പൂര്‍, കോട്ലി, ചക് അമ്രു, ഗുല്‍പൂര്‍, ഭീംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Operation Sindoor; Unity is needed, Congress leaders express full support to the armed forces