ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ അറിയിച്ച് തുര്‍ക്കിയും അസര്‍ബൈജാനും. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിവലാണ് പാകിസ്ഥാന് പിന്തുണ അറിയിച്ചിരിക്കുന്നത്.
ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ അറിയിച്ച് തുര്‍ക്കിയും അസര്‍ബൈജാനും. ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിവലാണ് പാകിസ്ഥാന് പിന്തുണ അറിയിച്ചിരിക്കുന്നത്.
തുര്‍ക്കി വിദേശകാര്യ മന്ത്രാലയം എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഭവവികാസങ്ങള്‍ തുര്‍ക്കി ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും ഇന്ത്യ നടത്തിയ ആക്രമണം യുദ്ധത്തിനുള്ള സാധ്യത ഉയര്‍ത്തുന്നതായും ആരോപിച്ചു. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെയും പ്രകോപനപരമായ നടപടികളെയും തുര്‍ക്കി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രവാദ വിരുദ്ധ മേഖലയിലുള്‍പ്പെടെ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തത്തണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായും തുര്‍ക്കിയുടെ പ്രസ്താവനയില്‍ പറയുന്നു.
സമാനമായ നിലപാടാണ് അസര്‍ബൈജാനും സ്വീകരിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതില്‍ അസര്‍ബൈജാന് ആശങ്കയുണ്ടെന്നും പാകിസ്ഥാന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്.
‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനിലെ നിരവധി സാധാരണക്കാരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്ത സൈനിക ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. പാകിസ്ഥാനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്, നിരപരാധികളായ ഇരകളുടെ കുടുംബങ്ങള്‍ക്ക് ഞങ്ങള്‍ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു,’അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിന് മിക്ക ലോകരാജ്യങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചപ്പോള്‍ പാകിസ്ഥാനെ പിന്തുണച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ചിലതാണ് തുര്‍ക്കിയും അസര്‍ബൈജാനും.
ഖത്തറും ആക്രമണത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷം ഖത്തര്‍ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നതെന്നും പരമാവധി സംയമനം പാലിക്കാനും പ്രതിസന്ധി പരിഹരിക്കാനും ഖത്തര്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചുട്ടുണ്ട്.
Content Highlight: Operation Sindoor; Turkey and Azerbaijan support Pakistan