'ഓപ്പറേഷന്‍ സിന്ദൂര്‍' സിനിമ പ്രഖ്യാപിച്ചു; ഒടുവില്‍ ഖേദപ്രകടനവുമായി സംവിധായകന്‍
national news
'ഓപ്പറേഷന്‍ സിന്ദൂര്‍' സിനിമ പ്രഖ്യാപിച്ചു; ഒടുവില്‍ ഖേദപ്രകടനവുമായി സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 3:21 pm

മുംബൈ: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഖേദപ്രകടനവുമായി ചിത്രത്തിന്റെ സംവിധായകന്‍ ഉത്തം മഹേശ്വരി രംഗത്ത്. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താനല്ല ഈ പേരില്‍ സിനിമയെടുക്കുതെന്നും മറിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയിലും അര്‍പ്പണബോധത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചതെന്നും സംവിധായകന്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു ശക്തമായ കഥ വെളിച്ചത്തുകൊണ്ടുവരാനായിരുന്നു ആഗ്രഹിച്ചതെന്നും അല്ലാതെ പ്രശസ്തിക്കും പണത്തിനും വേണ്ടിയല്ല ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറിച്ച് നമ്മുടെ രാജ്യത്തോടുള്ള അഗാധമായ ബഹുമാനത്തില്‍ നിന്നും സ്‌നേഹത്തിലും നിന്നാണ് ഈ പ്രൊജക്റ്റ് ഉണ്ടായതെന്നും സംവിധായകന്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഇത്തരമൊരു സമയത്ത് ഈ സിനിമ പ്രഖ്യാപിച്ചത് ചിലര്‍ക്ക് അസ്വസ്ഥതയും വേദനയും ഉണ്ടാക്കിയെന്ന് താന്‍ മനസിലാക്കുന്നതായും സംവിധായകന്‍ പറഞ്ഞു. അതില്‍ താന്‍ ദുഖിക്കുന്നുവെന്നും ഇത് കേവലമൊരു സിനിമ മാത്രമല്ല എന്നും മറിച്ച് മുഴുവന്‍ രാജ്യത്തിന്റെയും വികാരവും സാമൂഹിക പ്രതിച്ഛായയുമാണെന്നും സംവിധായകന്‍ തന്റെ പോസ്റ്റിലൂടെ അവകാശപ്പെട്ടിട്ടുണ്ട്.

തന്റെ ഖേദപ്രകടനക്കുറിപ്പില്‍ ഇന്ത്യന്‍ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംവിധായകന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേന പാകിസ്ഥാനില്‍ നടത്തിയ സൈനിക ഓപ്പറേഷനാണ് ഓപ്പറേഷന്‍ സിന്ദൂര്‍. ഓപ്പറേഷന്‍ സിന്ദൂരിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.

ഇതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ ക്ഷമാപണവുമായി രംഗത്തെത്തിയത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രിയോടെയാണ് സംവിധായകരായ ഉത്തം മഹേശ്വരി, നിതിന്‍ കുമാര്‍ ഗുപ്ത നിര്‍മാതാക്കളായ നിക്കി വിക്കി ഭഗ്‌നാനി ഫിലിംസ്, ദി കണ്ടന്റ് എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നടത്തിയത്.

ഇവര്‍ പുറത്തുവിട്ട പോസ്റ്ററില്‍ മിലിട്ടറി വേഷം ധരിച്ച് കൈയില്‍ തോക്കുമായി നില്‍ക്കുന്ന ഒരു വനിത ആര്‍മി ഓഫീസറുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ കഥാപാത്രം സിന്ദൂരം നെറ്റിയില്‍ ചാര്‍ത്തുന്നുമുണ്ട്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലാകട്ടെ സ്‌ഫോടനങ്ങള്‍,സൈനിക ടാങ്കുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ ഈ പേരില്‍ സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ കടുത്ത മത്സരമായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രമുഖ നിര്‍മാണ കമ്പനികളായ സീ സ്റ്റുഡിയോസും ടീ സീരീസുമെല്ലാം മത്സരംഗത്തുണ്ടായിരുന്നു.

Content Highlight: ‘Operation Sindoor’ movie announced; director finally expresses regret