രാജ്യത്ത് വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഹൽഗാം ആക്രമണം നടന്നത്: വിദേശകാര്യ സെക്രട്ടറി
national news
രാജ്യത്ത് വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഹൽഗാം ആക്രമണം നടന്നത്: വിദേശകാര്യ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2025, 11:45 am

ന്യൂദൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയും രണ്ട് വനിതാ ഉദ്യോഗസ്ഥരും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവരാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.

ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിന്റെ രീതിയും നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

‘ജമ്മു കശ്മീരിലെ സാധാരണ നില തിരികെ കൊണ്ടുവരുന്നതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം നടന്നതെന്ന് വ്യക്തമാണ്. പ്രത്യേകിച്ചും, സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായ ടൂറിസത്തെ ബാധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കഴിഞ്ഞ വർഷം താഴ്‌വരയിൽ റെക്കോർഡ് 23 ദശലക്ഷം വിനോദസഞ്ചാരികൾ സന്ദർശനം നടത്തി.

കേന്ദ്രഭരണ പ്രദേശത്തെ വളർച്ചയ്ക്കും വികസനത്തിനും ദോഷം വരുത്തുന്നത് അതിനെ പിന്നോട്ട് നിർത്താനും പാകിസ്ഥാനിൽ നിന്നുള്ള അതിർത്തി കടന്നുള്ള ഭീകരത തുടരുന്നതിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കാനും സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിന്റെ രീതിയും നടന്നത്. ഈ പദ്ധതികൾ പരാജയപ്പെടുത്തിയതിന്റെ ബഹുമതി ഇന്ത്യയിലെ സർക്കാരിനും ജനങ്ങൾക്കുമാണ്,’ വിക്രം മിശ്രി പറഞ്ഞു.

പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഭീകരവാദികളെ മാത്രമേ ലക്ഷ്യം വെച്ചിട്ടുള്ളുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പ് കാണിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.

ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്ന് വാർത്താ സമ്മേളനത്തിൽ വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞു. ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും വ്യോമിക സിങ് കൂട്ടിച്ചേർത്തു. വിശ്വസനീയമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യങ്ങൾ തെരഞ്ഞെടുത്തതെന്നും വ്യോമിക സിങ് പറഞ്ഞു. അതേസമയം പാകിസ്ഥാനിലെ സിവിലിയൻസിന് നേരെ ആക്രമണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അവരുടെ സുരക്ഷ കണക്കിലെടുത്താണ് ലക്ഷ്യങ്ങൾ തെരഞ്ഞെടുത്തതെന്നും വ്യോമിക സിങ് പറഞ്ഞു.

‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ലഭ്യമാക്കുന്നതിനാണ് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഒമ്പത് തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് വിജയകരമായി തകർത്തു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാകിസ്ഥാൻ ഭീകരവാദികൾക്ക് സൗകര്യങ്ങൾ നൽകിവരുന്നു. റിക്രൂട്ട്‌മെന്റ്, ഇൻഡോക്ട്രിനേഷൻ സെന്ററുകൾ, റിഫ്രഷർ കോഴ്‌സുകൾക്കുള്ള പരിശീലന മേഖലകൾ, ഹാൻഡ്‌ലർമാർക്കുള്ള ലോഞ്ച്പാഡുകൾ തുടങ്ങിയവയൊക്കെ ഒരുക്കി നൽകിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളാണ് സേന തകർത്തത്.

അതേസമയം പാക് പൗരന്മാരുടെ വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുകൾ സംഭവിക്കാതിരിക്കാനും അവരുടെ ജീവന് അപകടം ഉണ്ടാവാതിരിക്കാനും ശ്രദ്ധ ചെലുത്തിയാണ് ആക്രമിക്കേണ്ട ലക്ഷ്യങ്ങൾ തെരഞ്ഞെടുത്തത്,’ വ്യോമിക സിങ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിലെ ഒരു സൈനിക കേന്ദ്രത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും ഇന്ത്യ വളരെ സംയമനത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഇന്ത്യൻ സൈന്യത്തിന്റെ കോർപ്സ് ഓഫ് സിഗ്നൽസിലെ ഉദ്യോഗസ്ഥയായ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
ഒപ്പം സാധാരണക്കാർക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാനിലെ ഭീകരരുടെ നട്ടെല്ല് തകർക്കുന്ന ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു.

അതേസമയം പാകിസ്ഥാൻ, തീവ്രവാദികൾക്ക് സുരക്ഷിതമായ ഒരു സ്വർഗമാണെന്ന് പത്രസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ‘പാകിസ്ഥാൻ അവരുടെ നിയന്ത്രണ പ്രദേശങ്ങളിലെ തീവ്രാദ പ്രവർത്തനങ്ങൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സാജിദ് മിർ കേസാണ് ഉദാഹരണം. അവർ ഈ ഭീകരനെ മരിച്ചതായി പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സമ്മർദ്ദത്തിന് മറുപടിയായി പിന്നീട് ജീവനോടെ തിരികെ കൊണ്ടുവരികയും അറസ്റ്റ് ചെയ്യുകയും ചെയ്തു.പാകിസ്ഥാൻ വളരെക്കാലമായി അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നുണ്ട്,’ മിസ്രി പറഞ്ഞു.

കൂടാതെ അതിർത്തി കടന്നുള്ള ഇത്തരം ആക്രമണങ്ങൾ തടയാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കുകയാണ് ചെയ്തതെന്നും വിക്രം മിസ്രി പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂരിലൂടെ, അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നേരിടാനും മുൻകൂട്ടി ആക്രമണം നടത്താനും കൂടുതൽ ആക്രമണങ്ങൾ തടയാനുമുള്ള അവകാശം ഇന്ത്യ വിനിയോഗിച്ചു,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Operation Sindoor is a spine-breaking attack on terrorists in Pakistan, no civilians were targeted: Colonel Sophia Qureshi