ന്യൂദൽഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തി ഇന്ത്യ. 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായാണ് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
‘ഞങ്ങളുടെ പ്രവർത്തനങ്ങൾ വളരെ ശ്രദ്ധയോടെയുള്ളതും അളക്കപ്പെട്ടതുമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ല. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിച്ചു,’ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ആക്രമണത്തിൽ 12 ഭീകരർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുലർച്ചെ 1:44 മായിരുന്നു ആക്രമണം നടത്തിയെന്ന് അറിയിക്കുന്ന വാർത്ത കുറിപ്പ് ഇന്ത്യ പുറത്തിറക്കിയത്.
മൂന്ന് സായുധ സേനകളുടെ സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നും വൃത്തങ്ങൾ പറഞ്ഞു.
മുസാഫറാബാദ്, ബഹവൽപൂർ, കോട്‌ലി, ചക് അമ്രു, ഗുൽപൂർ, ഭീംബർ, മുരിഡ്കെ, സിയാൽകോട്ടിനടുത്തുള്ള ക്യാമ്പ് എന്നിവിടങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്.
ഇന്ത്യയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ പാകിസ്ഥാനിൽ നിന്നുള്ള ഷെല്ലാക്രമണം ആരംഭിച്ചതായും പൂഞ്ചിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട്, രജൗരി ജില്ലയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ കർണ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക് ആക്രമണത്തിൽ മൂന്ന് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി കരസേന അറിയിച്ചിട്ടുണ്ട്. കൂടാതെ പൂഞ്ച് ജില്ലയിലെ ഒരു വീട്ടിൽ മോർട്ടാർ ഷെൽ പതിച്ചതിനെ തുടർന്ന് ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. അവരിൽ ഒരാളുടെ നില ഗുരുതരമാണ്.
അതേസമയം വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-പാക് ബന്ധത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിച്ച് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് ഇരു രാജ്യങ്ങൾക്കും പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ പഴക്കമുള്ള സംഘർഷത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടി. സ്ഥിതി വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: Operation Sindoor: India strikes 9 terror camps in Pakistan, PoK in retaliation for Pahalgam attack