
തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെട്ട ആദ്യ സംഘം തിരുവനന്തപുരത്തെത്തി. ഓപ്പറേഷന്‍ സങ്കട്‌മോചന്റെ ഭാഗമായി ഇന്നുപുലര്‍ച്ചെയാണ് 45 മലയാളികള്‍ ഉള്‍പ്പെടെ 156 അംഗ ഇന്ത്യന്‍ സംഘം തിരുവനന്തപുരത്ത് എത്തിയത്.
രണ്ടാമത്തെ സംഘം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന. രണ്ടു സൈനിക വിമാനങ്ങളിലാണ് സുഡാന്‍ തലസ്ഥാന നഗരമായ ജുബയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ജുബയിലേക്കു പോയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും കളക്ടര്‍ ബിജു പ്രഭാകറും സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
9 സ്ത്രീകളും 3 കുട്ടികളും 2 നേപ്പാളികളും സംഘത്തിലുണ്ട്. ദക്ഷിണേന്ത്യക്കാരാണ് കൂടുതല്‍ എന്നതിനാലാണ് വിമാനത്തിന്റെ ആദ്യത്തെ ലാന്‍ഡിങ് തിരുവനന്തപുരത്താക്കിയത്. ബാക്കിയുള്ളവരേയും കൊണ്ട് വിമാനം ദല്‍ഹിയിലേക്ക് പുറപ്പെടും.
ദക്ഷിണ സുഡാന്‍ അധികൃതരുമായും സുഡാനില്‍ യുഎന്‍ ദൗത്യത്തിനു കീഴിലുള്ള ഇന്ത്യന്‍ സമാധാന സേനയുമായും സഹകരിച്ചാണു നീക്കങ്ങള്‍. ഏകദേശം അറുന്നൂറു ഇന്ത്യക്കാര്‍ ദക്ഷിണ സുഡാനിലുണ്ടെന്നാണു കണക്ക്. മലയാളികള്‍ക്കു പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു.
പുലര്‍ച്ചെ തിരുവനന്തപുരത്തെത്തുന്നവരെ സ്വീകരിക്കാന്‍ സജ്ജീകരണങ്ങളുമായി സംസ്ഥാന സര്‍ക്കാരുമുണ്ടായിരുന്നു. നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കെ.എസ്.ആര്‍.ടി.സി, റെയില്‍വെ തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്.
ചിത്രം കടപ്പാട്: മനോരമ
